kunjan radio

2012, സെപ്റ്റംബർ 29, ശനിയാഴ്‌ച

യാത്രാ വിവരണം..

ഒരു ഹൈദ്രാബാദ് പുരാണം...( ബോറടിക്കുന്നെങ്കിൽ വായിക്കല്ല് ട്ടാ.. )·

ചെന്നൈൽ നിന്നും 700 ഇൽ പരം കിലൊമീറ്റർ അകലെ കിടക്കുന്ന ഹൈദരാബാദിലേക്ക് , ഭർത്താവിന്റെ ഒരു സ്റ്റൊക്ക് മാർക്കെറ്റ് ക്ലൈയന്റ്  രണ്ട് പേർക്കും അപ്പ് ആന്റ് ഡൌൺ റ്റിക്കെറ്റ് , അക്കൊമഡെഷൻ , ഫുഡ്  , ഒരു ഇന്നൊവ കാറ് ( ചുറ്റി സഞ്ചരിക്കാൻ ) എന്നീ  സാമഗ്രികൾ വാഗ്ദാനം ചെയ്തു കൊണ്ട് തന്റെ സഹൊദരന്റെ നിക്കാഹിനോ , അല്ലെങ്കിൽ റിസെപ്ഷനൊ വരണമെന്നു നിർബന്ധിച്ചപ്പൊൾ എന്നിലെ യാത്രാമോഹിനി വേഗം പൌഡറിട്ട് റെഡിയായി നിന്നു...എങ്കിലും തലേന്ന് ടികെറ്റ് കിട്ടുന്ന വരെ വലിയ ഉറപ്പൊന്നും ഇല്ലാരുന്നു..അത് കൊണ്ട്  സ്വതവേ  യാത്രക്കു മുന്നെ , പോകുന്ന ഇടത്തെ പറ്റി കമ്പ്ലീറ്റ് അറിഞ്ഞ് വയ്ക്കുന്ന പതിവുകാരിയായ ഞാൻ വളരെ കുറച്ച് മാത്രം ധാരണകളോടെയാണ് പുറപ്പെട്ട് പ്പൊയത്..ഒന്നാമത് അതൊരു മുസ്ലിം പ്രദേശം  ആണെന്നും,  അവിടെ ഒരു ഭാഷയും ഇല്ലെലും ഹിന്ദി കൊണ്ട് മാത്രം പിടിച്ച് നിൽക്കാമെന്നും അവിടെ ചെന്നപ്പോൾ മാത്രമാണ് അറിഞ്ഞത്..ചാർമിനാർ മാരെകെറ്റ് , ചൂഡി മാർകെറ്റ് , പേൾ മാർകെറ്റ് , പിന്നെ രാമോജി ഫിലിം സിറ്റി  ഇവ മാത്രെ എനിക്കറിയാമാരുന്നുള്ളു...പിന്നെ ഗോൾക്കൊണ്ട കോട്ടയെ പറ്റിയും...( പണ്ടെന്നൊ പഠിച്ച ഓർമ്മ മാത്രം..) .


പോകേണ്ട സ്ഥലങ്ങളൊക്കെ ദാതാവ് തന്നെ തീരുമാനിച്ച് വച്ചിരുന്നതിനാൽ സ്വന്തമായ താൽ‌പ്പര്യങ്ങൾക്ക് വലിയ വില ഉണ്ടാരുന്നില്ല..കാറും അവരുടെത് .എല്ലാം ഇത്ര സമയം ഇന്നയിന്ന ഇടത്ത് എന്ന് അവരു തന്നെ തീരുമാനിച്ചിരുന്നു..കാരണം ഭർത്താവിനെ അവർക്ക് ഇത് കഴിഞ്ഞിട്ട് ബിസിനസ്സ് സംബന്ധ വിഷയങ്ങൾക്ക് ആവശ്യമുണ്ടാരുന്നു...ചെന്ന അന്നു അതിരാവിലെ തന്നെ വിശ്രമത്തിനു പോലും സമയമില്ലാരുന്നതിനാൽ സാലർ ജംഗ് മ്യൂസിയം ചുറ്റി നടന്ന് കണ്ടു..ചെന്നൈൽ ഇത് പോലെ ഒന്ന് ഉള്ളതിനാൽ ഞാൻ വലിയ താൽ‌പ്പര്യം കാണിച്ചില്ല. ഒരേ ഒരു പ്രത്യെകത് അവിടെ നടുത്തളത്തിലുള്ള വലിയ ക്ലോക്കിൽ ഒരൊ മണിക്കൂറിലും ഒരു മരനിർമ്മിത മനുഷ്യരൂപം വന്ന് മണി മുട്ടി സമയം അറിയിക്കുന്നതാണ്..അത് കാണാൻ വലിയ ആൾക്കൂട്ടം കാണാം..കൊച്ചുങ്ങൾക്ക് കൊള്ളാം.. എന്നെ പറ്റിക്കണ്ട ..!!

അത് തീർന്നപ്പോൾ എനിക്ക് കണ്ണിനാനന്ദം പകർന്ന  ചാർമിനാർ മാർക്കെറ്റിൽ....പല തരത്തിലുള്ള വളകൾ....എന്റമ്മൊയ്...എനിക്കവിടെന്ന് പോരാൻ തോന്നീല്ല...മുന്നെ ഒരു ഫേസ്ബുക്ക് ഫ്രണ്ട് അനു .എസ്. ടി പറഞ്ഞ ഓർമ്മയുണ്ടാരുന്നതിനാൽ ഓർമ്മയെ  പോലും അതിശയിപ്പിക്കുന്ന മാർകെറ്റ്..ഒരു കുടിലു കെട്ടി അവിടെ താമസിക്കാൻ തൊന്നി...നല്ല വിസ്താരമുള്ള റൊഡുള്ള മാർകെറ്റ്...വളകൾ , പേളുകൾ , ബെഡ്ഷീറ്റുകൾ തുടങ്ങി എല്ലാം നല്ല വിലക്കുറവിൽ മെച്ചപ്പെട്ട  സ്റ്റൈലിൽ ഇവിടെ കിട്ടും..പേളൊന്നും വാങ്ങാനുള്ള നേരമില്ലാരുന്നു.. ( പേശി പേശി നിക്കണം  !! ) കുറച്ച് വളകളും , കറാച്ചി ഹെന്നയും വാങ്ങി ഇറങ്ങി...പിന്നെ ഹൈദ്രാബാദ് ന്യൂ സിറ്റിയീലേക്ക്....

ചെന്നൈയെ അപേക്ഷിച്ച് ഹൈദരാബാദിനു പുറം മോടി കുറവാണ്..റോഡുകളൊക്കെ നല്ലതാണെങ്കിലും , വാഹനങ്ങൾ പുതിയ മൊഡെലുകളൊന്നും കാണാൻ കഴിഞ്ഞില്ല..  കെട്ടിടങ്ങളും പഴക്കമുള്ളവ..ടൂറിസം പ്രൊമൊട്ട് ചെയ്തിട്ടുണ്ടെങ്കിലും ഒന്നൂടെ നവീകരിക്കാമെന്ന് തോന്നുന്നു..ഞാൻ അവിടെത്തെ ആരെലുമവട്ടെ എന്നിട്ട് വേണം..!  ആളുകളുമതെ വലിയ ഫാഷൻ ഭ്രമക്കാരല്ല...പർദ്ദാധാരികളായ സ്ത്രീകളാണ് എവിടെയും...ഷിയാ വംശ മുസ്ലിം ജനങ്ങൾ...ഹിന്ദി ആണ് 90 % പേരും ഉപയോഗിക്കുന്ന ഭാഷ...അത് കാരണം എനിക്ക് വലുതായി സംസാരിച്ച് ബുദ്ധിമുട്ടെണ്ടി വന്നില്ലാ..;) ന്യൂ സിറ്റി  കുറച്ച് ഹൈ മോഡെൽ ആണ്...ഷോപ്പിങ്ങ് മാളുകളും മറ്റുമായി..ഹുസ്സൈൻ സാഗർ ലേക്ക് , പേരൊന്നും ഓർമ്മയില്ലാത്ത മറ്റു ചില സ്ഥലങ്ങൾ ( മേഹദി പട്ടണമൊ മറ്റൊ )  ഒക്കെ കറങ്ങി കറങ്ങി ഹൊട്ടെലിൽ തിരിച്ചെത്തിയപ്പൊൾ രാത്രി 8 മണി...റിസെപ്ഷൻ 10 മണിക്ക്..ഞാൻ കുറച്ച് വണ്ടറടിച്ചു..10 മണിക്ക് തുടങ്ങിയ റിസപ്ഷൻ തീർന്നപ്പൊൾ രാത്രി 1 മണി..അതും അവിടെ ചെന്നപ്പൊൾ ഞാൻ ഒറ്റപ്പെട്ടു പൊവുകയും ചെയ്തു.   പർദ്ദാധാരികളുടെ സമ്മേളന സ്ഥലത്ത് ആതിഥേയൻ , ഉമ്മി പെങ്ങൾ എന്നൊക്കെ പറഞ്ഞ് ആരൊക്കെയൊ പരിചയപ്പെടുത്തിത്തന്നു...എന്റെ നോട്ടത്തിൽ എല്ലാം ഉമ്മമാരും പെങ്ങന്മാരുമായിരുന്നു...ഞാൻ മാത്രം ഒറ്റ ഒരു ഹിന്ദു പെണ്ണും...അവർക്ക് എന്നെയും ,  എനിക്കവരെയുമറിയില്ല..പെണ്ണിന്റെ സംഘം,  ആണിന്റെ സംഘം എന്നിങ്ങനെ വേറെ വേറെ ആയിരുന്നു..അതിനാൽ പരസ്പരം ഇട  കലർന്ന് ഇരിക്കാനും പാടില്ലാരുന്നതിനാൽ ഞാൻ തീർത്തും ഒറ്റപ്പെട്ടു...പക്ഷെ സിനിമയെ തൊൽ‌പ്പിക്കുന്ന വിധത്തിൽ ഡാൻസും പാട്ടും ആയിരുന്നു പെണ്ണിന്റെ കൂട്ടരും ആണിന്റെ കൂട്ടരും..ആണിന്റെ സംഘത്തിൽ എന്താ നടക്കുന്നെ എന്ന് കാണാൻ പറ്റുകയുമില്ല..പ്രവേശനം നിഷിദ്ധം...!! ഭക്ഷണം നോൺ വെജ്ജ്..  ഞങ്ങൾ രണ്ടാളും വെജ്ജാരുന്നതിനാൽ ബിരിയാണി , റുമാലി റൊട്ടി എന്നിവ കൊണ്ട് തൃപ്തിപെട്ടു...

പിറ്റേന്ന് അതിരാവിലെ ആതിഥേയന്റെ ഡ്രൈവർ  കാറുമായി എത്തി ..രണ്ട് ഓപ്ഷൻ തന്നു ..ഒന്ന് 35 കിലൊമീറ്റര് അകലെയുള്ള രാമോജി ഫിലിം സിറ്റി , അല്ലെങ്കിൽ ഗോൽക്കൊണ്ട ഫൊർട്ട് ..ഏത് വേണമെന്ന് തീരുമാനിക്കാൻ എനിക്ക് വിട്ടു ..രാമോജി സിറ്റി കാണാൻ ഏത് സമയവും എനിക്കിനിയും ചാൻസ് കിട്ടിയേക്കാം എന്നുള്ളതിനാലും , അതിന്റെ ഉള്ളിൽ കയറിയാൽ 6 മണിയെങ്കിലും ആവാൻ പുറത്തിറങ്ങാൻ എന്നുള്ളതിനാലും,  എന്റ്രൻസ്  ഫീ 600 രൂപ ചുമ്മാ  ആർട്ടിഫിഷൽ കാഴ്ചക്ക് ചെലവാക്കാൻ താൽ‌പ്പര്യ്മില്ലാത്തതിനാലും ഞാൻ രണ്ടാമതൊന്ന് ആലോചിക്കാതെ ഗൊൽക്കൊണ്ട ഫോർട്ട് മതി എന്നുറപ്പിച്ച് പറഞ്ഞു..നേരെ  ഫൊർട്ടിലെക്ക്...

ചരിത്ര വിദ്യാർത്ഥി ആയിരുന്നതിനാൽ എനിക്കെന്നും അത്തരം സ്ഥലങ്ങൾ തരുന്ന പോസിറ്റീവ് എനർജി പറഞ്ഞറിയിക്കാൻ വയ്യാത്തതാണ്..അതിനു വേണ്ടി ഏത് മലമുകളിലും കേറാൻ തയ്യാറുമാണ്....:) ഗൊല്ല  എന്നാൽ ആട്ടിടയൻ എന്നും കൊണ്ട  എന്നാൽ കുന്ന് എന്നും അർത്ഥം വരുന്ന ഗോൽക്കൊണ്ട ഫൊർട്ട് പഴയ ഒരു മുസ്ലിം സാമ്രാജ്യത്തിന്റെ ഒരു  സ്മാരകമാണ്..കുത്തബ് ഷാ  രാജവംശത്തിലുള്ള രാജക്കന്മാരാണ്  ഇതിന്റെ അവകാശികൾ..ആട്ടിടയ്മാരുടെ കയ്യിൽ നിന്നു കാകതീയ വംശക്കാരും അവരിൽ നിന്നു കുത്തബ് ഷാ വാംശജരും തട്ടിയെടുത്ത ഈ കുന്നിനെ മുഗൾ വംശജരുടെ ആക്രമണത്തിൽ നിന്നു രക്ഷിക്കാൻ വേണ്ടിയാണ് കോട്ട കെട്ടി സംരക്ഷിച്ചത്..കർട്ടൻ വാൾ എന്നറിയപ്പെടുന്ന ഈ  കോട്ടയുടെ ചുറ്റുമതിൽ നയനമനൊഹരമാണ്..മുകളിലെക്ക് എകദേശം 700 ഇൽ പരം പടികൾ ചുറ്റി വളഞ്ഞ് കയറി പൊകണം . ഒരാളുടെ സഹായം ആദ്യായിട്ട് പൊകുന്നവർക്ക് ഇല്ലാതെ വയ്യ..!! കാരണം ഓരൊ ഇഞ്ചും അത്രക്ക് പ്രാധാന്യമുള്ളതാണ്..ഇപ്പൊൾ ആർമ്മിയുടെ കീഴിലാണ് ഈ കോട്ട എന്ന് തൊന്നുന്നു...കാരണം 120 കിലൊ ഭാരമുള്ള ഒരു ഇരുമ്പ്കട്ട അവിടെ കണ്ടു. അത് തൂക്കിയെടുക്കുന്നതാണത്രെ ആർമ്മിയിലേക്കുള്ള  സെലെക്ഷൻ . എന്റെ ഭർത്താവ് അതൊന്നു എടുക്കാൻ നൊക്കി ഇരിക്ക കുത്തലെ വീണത് ഞാനും ഗൈഡും മാത്രെ കണ്ടുള്ളു..:)) ( നന്നായി അങ്ങേർക്ക് ആർമ്മിയിലെക്ക് സെലക്ഷൻ കിട്ടില്ലെന്ന് ഉറപ്പാ‍ായി..) പട്ടാളക്കാർ വിശ്രമിച്ചിരുന്ന സങ്കേതങ്ങളും ഓഫ്ഫീസുകളുമാണ് താഴെ മുഴുവൻ..മെയിൻ എണ്ട്രൻസ് ഗേറ്റ് കടന്നു ചെന്നാൽ എത്തുന്ന നടുത്തളത്തിലെ മെയിൻ പോയിന്റിൽ നിന്ന്  കൈ കൊട്ടുമ്പോൾ ഒരു പ്രത്യേക തരം വൈബ്രേഷൻ നമുക്കനുഭവിക്കാം..അത്നിന്റെ എക്കൊ ദൂരെ കാണുന്ന  കുന്നിൻ മുകളിലേക്ക്  വളരെ വ്യക്ത്മായി കേൾക്കാം..ഓർമ്മിക്കുക ആ പ്രത്യേക പൊയിന്റിൽ നിന്നാൽ മാത്രം..അന്നത്തെ വിവര സാങ്കേതിക വിദ്യ..താഴെയുള്ള വിവരങ്ങൾ കുന്നിൻ മുകളിലെ രാജാവിനൊ മറ്റുള്ളവരെയൊ അറിയിപ്പിക്കുക എന്നതാണ് ലക്ഷ്യം..ഒരു പ്രാവശ്യം കൈ കൊട്ടുന്നത് രാജാവ് എഴുന്നള്ളുന്നു എന്നതും, രണ്ട് പ്രാവശ്യം കൈ കൊട്ടുന്നത് വിരുന്നുകാർ എത്തിയിട്ടുണ്ട് എന്നതും, മൂന്ന് പ്രാവശ്യം കൊട്ടുന്നത് ശത്രുക്കളുടെ വരവിനെയും  സൂചിപ്പിക്കുന്ന അടയാളങ്ങളാണ്.....മുകളിലേക്ക് കയറും തൊറും കാഴ്ച്ചകൾ കൂടി കൂടി വന്നു..രാജ്ഞിമാർ കുളിക്കാൻ ഉപയോഗിച്ചിരുന്ന  പനിനീർ നിറച്ച് വെച്ചിരുന്ന ചെറിയ ചെറിയ ടാങ്കുകൾ.., അന്ത:പ്പുരങ്ങൾ. രാജാവ് എഴുന്നള്ളിയിരിക്കുന്ന സ്ഥലങ്ങൾ, സദിരു നടക്കുന്ന മണ്ഡപങ്ങൾ, ദേവദാസികളുടെ നൃത്തശാലകൾ,  കുറ്റവാളികളെ വിചാരണ ചെയ്തിരുന്ന സദസ്സുകൾ, ചുമരിൽ നിർമ്മിച്ച  കളിമ്മണ്ണു കൊണ്ട്ണ്ടാക്കിയ ജലസേചന സംവിധാനങ്ങൾ, കുന്നിൻ മുകളിലെ 800 വർഷം പഴക്കമുള്ള ദേവാലയം.., ഭക്ത രാം ദാസിനെ തടങ്കലിൽ ഇട്ടിരുന്ന ഇടം, പാചകപ്പുരകൾ, കലവറകൾ, കുന്നിൻ മുകളിലെ വിശാലമായ ഇടം...അന്നത്തെ നാച്ചുറൽ എയർ കണ്ടീഷൻ റൂം, രാജാവും രാജ്ഞിയും സ്വകാര്യ സംഭാഷണത്തിൽ ഏർപ്പെട്ടിരുന്ന അന്നത്തെ ടെലഫൊൺ  ( അതായത് കിടപ്പു മുറിയുടെ ചുമരിന്റെ ഒരു പ്രത്യെക മൂലക്ക് നിന്നു കൈകൾ കൊണ്ട് മറച്ച് ചുമരിലെക്ക് മുഖം ചെർത്ത് ഒളിഞ്ഞ് നിൽക്കുന്നത് പോലെ നിന്ന് സംസരിച്ചാൽ , ദൂരെയുള്ള രാജാവിന്റെ മുറിയിലെക്ക് വളരെ വ്യക്ത്മായി കേൾക്കാൻ സാധിക്കും..അവിടെ രാജാവും അത് പൊലെ നിൽക്കണമെന്നു മാത്രം..ചുമരു വഴിയുള്ള സംഭാഷണ വിദ്യ വളരെ അതിശയിപ്പിച്ചു..ഞാനും അങ്ങെരും കുറച്ച് നേരം അങ്ങനെ സംഭാഷണത്തിൽ ഏർപ്പെടുകയും ചെയ്തു...) ശത്രുക്കളെ വെടി വയ്ക്കാൻ ഉപയൊഗിച്ചിരുന്ന നീളമേറിയ തോക്കുകൾ , മനൊഹരമായ ചെറിയ ഉദ്യാനങ്ങൾ.. തുടങ്ങി ഓരൊ ഇഞ്ചും അതിപ്രാധാന്യത്തൊടെ ഞങ്ങൾ ചുറ്റി നടന്ന് കണ്ടു...മലമുകളിലെക്കുള്ള കയറ്റം അങ്ങനെ ഈ വക കാഴ്ചകളാൽ ഒട്ടും അസഹനീയമാരുന്നില്ല...ക്ഷീണമൊക്കെ കയറ്റത്തിലിടക്ക് രണ്ട് മൂന്ന് മിനുറ്റ് വിശ്രമിച്ച് തീർത്തു.... 11 കിലൊമീറ്റർ അകലെയുള്ള ചാർമിനാർ മാരെറ്റിലെക്കുള്ള ഭൂഗർഭ തുരങ്കം ഗവർമെന്റ് അടച്ചു കളഞ്ഞു..അതിന്റെ ഉള്ളിൽ ഇപ്പൊൾ വിഷപ്പാമ്പുകളും , മരങ്ങളും നിറഞ്ഞ ഒരിടമായിരിക്കുന്നവത്രെ...അടച്ച ഭാഗത്തു തട്ടി നൊക്കിയാൽ ടണലാൺന്നു വ്യക്ത്മായി മനസ്സിലാകും...അതി നിഗൂഡമായ ഒട്ടനവധി ഒളിയിടങ്ങളിൽ അവിടവിടെയായി പ്രണയാത്മാക്കൾ ഗതി കിട്ടാൻ വേണ്ടിയിരിക്കുന്നതും , പ്രണയ സല്ലാപങ്ങൾ അനാശാസ്യങ്ങളിലെക്ക് വഴി മാറുന്നതും നിങ്ങൾക്ക് ദർശിക്കാനായെക്കാം ..രക്ഷിതാക്കൾ ഇക്കണ്ട കേറ്റം കേറി വരില്ലെന്ന ഉറച്ച വിശ്വാസമുള്ള  സ്കൂൾ വിദ്യാർത്ഥികളും, ഭാര്യാ ഭർത്താക്കന്മരും , വെറും ലൊക്കൽ കമിതാക്കളും ഇഷ്ടം പൊലെ “പഴയകാല രാജക്കന്മാരുടെ കഥ “പറഞ്ഞിരിക്കുന്നത് നല്ലൊരു കാഴ്ചയാണ്....:)   .  കോട്ടപ്പുറത്ത് നിന്നാൽ ചുറ്റും ഹൈദ്രാബാദ് നഗരം പരന്നു കിടക്കുന്ന വീശാലമായ , നയനസുന്ദരമായ കാഴ്ച  പഴയ പ്രൌഡി വിളിച്ചറിയിക്കുന്ന സുന്ദരമായ ഒരു അനുഭവമാണ്...!  ഒറ്റക്ക്  പോക്ക് സുരക്ഷിതമല്ല  എന്ന് തൊന്നുന്നു...തിരിച്ചിറങ്ങി വന്ന് എല്ലാം വിശദമായി പറഞ്ഞ് തന്ന് എന്റൊപ്പം തെന്നെ നിന്ന് മാഡം മാഡം എന്നു പറഞ്ഞ് എന്റെ താൽ‌പ്പര്യം അടുത്തറിഞ്ഞ് വിശദീകരിച്ച് ആത്മാർത്ഥമായ മനസ്സുള്ള ഫൈസൽ ബാബയെ ചോദിച്ചതിലും അധികം പൈസ കൊടുത്ത് സന്തൊഷവാനാക്കി എനിക്ക് നേരെ തന്ന സ്പെഷൽ സല്യൂട്ട് ഞാ‍ാൻ ഹൈദരാബാദിനു നേരെ കൊടുക്കുകയും ചെയ്തു...

പഴയ ഭാഗ്യ നഗരമേ...നിനക്കും , ഊരും പേരും അറിയാത്ത എന്നെ സലാം തന്ന് സ്വീകരിച്ച പർദ്ദാധാരിയായ  പേരറിയാത്ത മുസ്ലിം സഹോദരിയേ,  എല്ലാ വിവരങ്ങളും നിറഞ്ഞ സന്തൊഷത്തൊടെ വിവരിച്ച് തന്ന ഹമീദിക്കാ‍  നിങ്ങൾക്കും എന്റെ സ്നേഹം നിറഞ്ഞ സലാം......ആദ്യമായാണ് ഒരു മുസ്ലിം വിവാഹത്തിനു പോകുന്നതെങ്കിലും ജാതീം മതൊം ഒന്നും ഒന്നുമല്ലെന്ന് തെളിയിപ്പിച്ചത് ഈ നഗരമാണ്....  എനിക്കീനീം ഇവിടെ വരണം..ആന്ധ്രയിൽ ഇനിയും എത്രയൊ കാഴ്ചകൾ ബാക്കി...

സ്പെഷൽ നന്ദി സുമിക്ക്  ..:)  ( പേളിന്റെ അറിവ് തന്ന്തിനു )  പിന്നെ പാത്തൂന്..ചുമ്മാ  ധാരണ മാറ്റ്യെനു...:))

കോട്ടയുടെ കാഴ്ച

ഇതാണാ ഇരുമ്പ് കട്ട ...120 കെ ജി

2012, സെപ്റ്റംബർ 17, തിങ്കളാഴ്‌ച

നേർക്കാഴ്ച...

കാഴ്ചകൾ മുട്ടുന്നൊരറ്റമുണ്ട്...
അതിനുമപ്പുറത്തെ കാഴ്ചകൾ
കാണുവാൻ കഴിയാത്തത്
കാഴ്ചക്കാരന്റെയൊ
കാഴ്ചകളുടെയൊ കുറ്റമല്ല
മറിച്ച് പരിമിതികളുടെ
കടന്ന് കയറ്റം മാത്രമാണ്...

വിശാലതയിലേക്കിറങ്ങി നിന്നാൽ
ചുറ്റുമുള്ളതൊക്കെ സ്വന്തമെന്നൊ,
നിലനില്ക്കുമെന്നൊ കരുതരുത്,

ഒന്നും ആരുടെയുമല്ല..
ആരും ആർക്കുമൊന്നുമല്ല ...
കണ്ടതും കാണുവാൻ പോകുന്നതും
കാണേണ്ടിവരുന്നതും...
ഒന്നും ..ഒന്നുമല്ല...
ഒക്കെയും മിഥ്യാധാരണകൾ....

സങ്കടം മുറ്റി നിൽക്കുന്നൊരു സന്ദർഭമുണ്ട്,
മിഴികൾ പൊട്ടിപൊയെങ്കി-
ലെന്നാശിക്കുന്നൊരു നേരമുണ്ട്,
ഒരു വിരലിന്റെ മറവിലെങ്കിലും
സ്വന്തം മുഖം ഒളിപ്പിച്ച് വെയ്ക്കാനായെങ്കിലെന്ന്
ഒരു വാക്കിന്റെ തുമ്പിലെങ്കിലും
ഒരു ആശ്വാസം കിട്ടിയെങ്കിലെന്ന്...

ഒരു നേരം സ്വബോധത്തിന്റെ വക്കിലിരുന്ന്
നില തെറ്റാതെ ,
മനം പൊട്ടാതെ ,
വീക്ഷണം ശരിയായിരുനെങ്കിൽ എന്നും
ആഗ്രഹിക്കുന്ന കാലങ്ങളുമുണ്ട്....

2012, ഓഗസ്റ്റ് 23, വ്യാഴാഴ്‌ച

പൂക്കളക്കവിത

അത്തത്തിന്റന്നു ഞാൻ പൂക്കളമിട്ടപ്പൊൾ
ചിത്തത്തിലാനന്ദപ്പൂ വിരിഞ്ഞു
ചിത്തിര നാളിലെ ചേലുള്ള പൂക്കളം
ഒത്തിരി പേർ വന്നു കണ്ണ് വച്ചു
ചോതിക്കു പൂക്കളമിട്ടൊണ്ടിരുന്നപ്പോൾ
ആദ്യമായ് വണ്ടുകൾ  പാറി വന്നു..
പൂക്കളെ കിട്ടാതെ തേടി വിശാഖത്തിൻ
പോരായ്മ തീർത്തതനിഴം നാളിൽ..
തുമ്പപ്പൂവിത്തിരി തൃക്കേട്ടനാളിലെ
പൂക്കളമുറ്റത്ത് കൊണ്ട് വച്ചു
നാലു മൂലയ്ക്കലും മല്ലിപ്പൂവൊത്തിരി
മൂലത്തിന്നാൾ വെച്ചലങ്കരിച്ചു...
പൂരാട രാവിലെ പൂമ്പാറ്റകുഞ്ഞുങ്ങൾ
പൂക്കളം വിട്ടെങ്ങും പോയതില്ല
ഉത്രാടത്തിന്റന്നു പാഞ്ഞു നടന്നപ്പൊൾ
വട്ടിയിലൊത്തിരി പൂ നിറഞ്ഞു ...
വന്നിതാ   മാവേലി മന്നനെഴുന്നള്ളു-
-മിന്നല്ലൊ നല്ല തിരുവോണം നാൾ...:))

2012, ഓഗസ്റ്റ് 20, തിങ്കളാഴ്‌ച

കത്തുന്ന ഹൃദയം

നിങ്ങൾക്കറിയാമോ..
അടച്ചിട്ട മുറികളിൽ നിന്നു വരുന്ന
കവിതകൾക്ക്
അനുവാചകരെ
ആസ്വാദനത്തിന്റെ വീഞ്ഞ് കുടിപ്പിച്ച്
കൊല്ലാനുള്ള കഴിവുണ്ട്...

ഒന്നു പുറത്തെക്ക് വിടൂ എന്ന
ആ നിശ്ശബ്ദ്ദമായ നിലവിളിയിൽ
വേദനയുടെ സംഗീതമുണ്ട്...

പുറത്തിരിക്കുന്നവരെ.....
നിങ്ങൾക്കത് കേൾക്കാൻ കഴിയുന്നുണ്ടൊ....?
നിങ്ങൾ രാഗവിസ്താരങ്ങളെ
അളന്ന് മുറിച്ച്
അതിനെ ഇല്ലാതാക്കരുത്...

കാരണം,
അത് അവഗണിക്കപ്പെട്ടവരുടെ
എരിഞ്ഞ് നീറലാണ്..

ഇല്ലായ്മയും വല്ലായ്മയും
അനുഭവിച്ച് സ്വൈര്യമില്ലായ്മയിൽ
എത്തിയവരുടെ
വിങ്ങുന്ന ഹൃദയമാണ്...

2012, ഓഗസ്റ്റ് 7, ചൊവ്വാഴ്ച

ഭസ്മം

സഖീ..നമ്മളൊരു കരയിലൊരുമിച്ച് നിന്നവർ...
ഒരേ വിചാരങ്ങളിലൊരു പോലെ നില്പവർ
അകലെയാ ദേവാലയത്തിന്റെ ശ്രീകോവിൽ
ഇനിയും നമുക്കായ് തുറക്കുമ്മെന്നൊർത്ത്
ഇരുകൈകൾ കൂപ്പി , ഇടറുന്ന മനസ്സുമായ്
കാതരഹൃദയങ്ങൾ പ്രാർത്ഥിച്ച് നിൽക്കവേ..
മുന്നിലല തല്ലിയാർക്കുന്ന പുഴയുടെ തീരത്ത് ...
കൈ കോർത്ത് , കണ്ണാടി പൊട്ടിച്ചിതറുന്ന പോലെ
ചിരിയുടെ ചിലമ്പൊലി-കേട്ടരികത്തൊരാൾ..
നിശ്ശബ്ധനായ് നിൽ‌പ്പവൻ ...നിർന്നിമേഷൻ...
കാലമോ ? കാലത്തിനതീതനൊ ആയൊരാൾ...!!
ഇവിടെയീ തീരത്തുപേക്ഷിച്ച ചിന്തകൾ..കത്തിച്ചിടാ‍ാം..
ഇത്തിരി ചിതാഭസ്മം, നെറ്റിമേലണിഞ്ഞിടാം

2012, ഓഗസ്റ്റ് 3, വെള്ളിയാഴ്‌ച

സ്നേഹ പാനീയം...

പാഴായിപ്പോയ കുറച്ച് സ്നേഹമുണ്ട്
പാനം ചെയ്യപ്പെടാതെ,
പത വറ്റി...ചില്ലുപാത്രത്തിലിരിക്കുന്നു...
പാഴ്മരങ്ങൾ പ്രതീക്ഷ തരില്ല...
പകരം ആകർഷിച്ചടുത്തേക്കു വരുത്തി
ഒടിഞ്ഞ് വീഴും...
അതിന്റെ കടയ്ക്കൽ ഒഴിക്കട്ടെ ഈ സ്നേഹപാനീയം ...
ചില നിറങ്ങൾ അങ്ങനെയാണ്..
കണ്ണ് മഞ്ഞളിച്ച് പോകും...
അവിടെയും ഒഴിക്കട്ടെ ഞാൻ ഈ ചഷകത്തിലെ വമ്പത്തരം....

2012, ജൂലൈ 30, തിങ്കളാഴ്‌ച

ഒരു യാത്രയ്ക്കിടയിലെ....

പ്രണയത്തിന്റെ ബാലപാഠങ്ങൾ കണ്ട് പഠിച്ചത് ആ യാത്രയിൽ
പ്രണയിതാവിന്റെ നെഞ്ചിലെക്ക് ചാഞ്ഞ് അവൾ..
അവളെ കരവലയത്തിലൊതുക്കി അവൻ...
പരസ്പരം കോർത്തിണക്കിയ കൈകളുടെ അടക്കം ചൊല്ലൽ...
കിലുങ്ങി കിലുങ്ങി അകമ്പടി ചേർക്കുന്ന പാദസ്വരം...
ഇടയ്ക്ക് കവിളുകളുടെ മാരദ്ദവം തേടുന്ന ഭംഗിയുള്ള ചുണ്ടുകൾ
പരിഭവം പറയുന്ന അവൾ......
കൊക്കുകൾ ചേർത്ത് ...ചിറകുകൾ തണലൊരുക്കി അവർ....
അവന്റെ കണ്ണുകളേക്കാൾ തിളങ്ങിയിരുന്ന അവളുടെ മിഴികൾ...
അവനവളേ സ്നേഹിക്കുന്നതിനെക്കാൾ അവളവനെ സ്നേഹിക്കുന്ന പോലെ...
ഇടയ്ക്ക് ശല്യമായി അങ്ങൊട്ടുമിങ്ങോട്ടും കണ്ടക്ടർ ..വല്ല്യമ്മമാർ...പെൺകുട്ടികൾ..
അപ്പോഴൊക്കെ അകന്നു മാറി അവർ...
ഇടയ്ക്കൊരൊ  അടക്കം പറയൽ...
കോർത്ത കൈ വിട്ട് പൊകല്ലെ എന്നവൾ...
നിന്നെ ആർക്കും കൊടുക്കില്ലെന്നവൻ മൌന ഭാഷയിൽ....
അകം വിജനമാവുമ്പൊൾ ഉയരുന്ന പൊട്ടിച്ചിരികൾ...
മറ്റൊരു കണ്ണ് കാണുന്നുണ്ടെന്നറിയാതെ.......!!

2012, മേയ് 12, ശനിയാഴ്‌ച

എന്തൊ.....!!

വിട പറയലല്ല ,   തിരിച്ച് വരവാണ്....
വേർപാടുമല്ല....ഇഴുകിച്ചേരലാണ്....
അവസാനമല്ല...വൻ തുടക്കം മാത്രം...
അകലുകയല്ല...അടുത്തേക്ക് വരികയാണ്...
അജ്ഞതയിലല്ല...അറിവിന്റെ ഉൾക്കടലിലാണ്...
നിശ്വാസമല്ല...ആശ്വാസമാണ്......
അങ്ങോട്ടല്ല...ഇങ്ങോട്ട് തന്നെ...
വിദൂരതയിലെ നക്ഷത്രമല്ല...
അരികത്തെ മിന്നാമിനുങ്ങു തന്നെ....
വെറും തോന്നലല്ല...വിലയുള്ള സത്യമാണ്...
ശാന്തമല്ല...ശാന്തതയിലെ പൊട്ടിത്തെറികളാണ്........
ആരംഭത്തിന്റെ ആരവമല്ലെ.............അധിനിവേശത്വത്തിന്റെ ഇഴയടുപ്പവും....

2012, ഏപ്രിൽ 16, തിങ്കളാഴ്‌ച

ചെമ്പരത്തി

ചൊക ചൊകക്കണ് ചെമ്പരത്തി.
തുട് തുട്ക്കണ് ചെമ്പരത്തി....
ചെവിയിൽ വയ്ക്കണ നേരത്ത്
ചെരിഞ്ഞീരിക്കണ് ചെമ്പരത്തി
വഴിയെ പോണോരു ഞോണ്ടുമ്പൊ
കുനിഞ്ഞിരിക്കണ് ചെമ്പരത്തി...
നിവർന്നിരിക്കാൻ പറ്റാതെ
ഒറക്കം തൂങ്ങണ് ചെമ്പരത്തി...
ഇളവെയിലൊന്നടിക്കുമ്പൊ
കെഴക്കൻ കാറ്റൊന്ന് വീശുമ്പൊ
എളകിയാട്ണ് ചെമ്പരത്തി..
ഒറഞ്ഞ് തുള്ളണ് ചെമ്പരത്തി..
മോന്തിയാവ്ണ നേരത്ത്
നേരം പോയൊരു നേരത്ത്
നെലവിളിക്കണ് ചെമ്പരത്തി
മയങ്ങി വീഴണ് ചെമ്പരത്തി.....

2012, ഏപ്രിൽ 13, വെള്ളിയാഴ്‌ച

നിറമില്ലാത്ത വിഷു

വർണ്ണാഭമല്ലാത്ത ഒരു വിഷു കൂടി...മറുനാട്ടിൽ വിഷു ഇത് രണ്ടാമത്തെ പ്രാവശ്യമാണ്..എനിക്കിഷ്ടമല്ല എന്റെ നാടിന്റെ നൈർമല്ല്യം മറുനാട്ടിൽ ആഘോഷിക്കുന്നത്..പക്ഷെ വിധാതാവ് എന്ത് വരച്ചൊ അത് വന്നല്ലെ പറ്റു...
വിഷുവിനു പണ്ടത്തെ നിറമൊന്നും ഇല്ല..തലേന്നെ കണിയൊരുക്കി വച്ച് പുലർച്ചെ മൂന്നു മൂന്നരയോടെ അമ്മ വിളിച്ചുണർത്തി കണ്ണ് പൊത്തി നടത്തിച്ച് , മടിയിലിരുത്തി കണ്ണ് തുറപ്പിക്കുമ്പോൾ ഇരുട്ടിനെ പ്രകാശമയമാക്കുന്ന ഐശ്വര്യപൂർണ്ണമായ കണി..അത്രയും അഴകുള്ള ഒന്ന് വേറെ എന്തുണ്ട്...!! അഛൻ തരുന്ന് ഒറ്റ നാണ്യം അതിന്റെ വില വേറെ എന്തിനുണ്ട്..ഒറ്റ നാണ്യമൊക്കെ നൂറ് രൂപയിലെക്ക് ചേഞ്ച് ചെയ്തിട്ട് വളരെ കാലമായെങ്കിലും ആ നാണയത്തിന്റെ മൂല്യം ഇത് വരെ കറൻസിക്ക് തോന്നിയിട്ടില്ല..പണ്ടൊക്കെ പടക്കവും മറ്റും വാങ്ങാൻ അനുവദിച്ചിരുന്ന തുക മാക്സിമം 5 രൂപയായിരുന്നു..വിഷുക്കേട്ടം കിട്ടുന്ന പൈസ അനാവശ്യമായി കളയാൻ അമ്മ അനുവദിച്ചിരുന്നില്ല..എങ്കിലും അമ്മയെ കാണിക്കാതെ വച്ചിരിക്കുന്ന പൈസ കൊണ്ട് വാങ്ങി പൊട്ടിക്കാറുണ്ട്..പീടികക്കാരൻ കൂടുതൽ തന്നെന്നൊ മറ്റൊ നിർദ്ദോഷമായ വിഷു സ്പെഷൽ നുണ പൊട്ടിയ്ക്കും..വെക്കേഷൻ കാലമായത് കൊണ്ട് പുരയ്ക്കകത്ത് കേറുന്ന പ്രശ്നമില്ല..കണ്ടവരുടെ പറമ്പിലെ മാങ്ങയും ഞാവൽ‌പ്പഴവും കശുമാങ്ങയും തിന്നു ഉച്ചയ്ക്ക് ഊണു കഴിക്കാറാവുമ്പഴെ വീട്ടിലെക്കെത്തു..അമ്മ ട്രെഡീഷണൽ ആയെ വിശേഷ ദിവസങ്ങളിൽ വിഭവങ്ങൾ ഒരുക്കു..അതും ഇന്നയിന്ന പച്ചക്കറികെളെ ഉപയോഗിക്കു , ഇന്നത് പാടില്ല എന്നൊക്കെ അന്നും ഇന്നും നിർബന്ധമാണ്..വിഷുവിനു വെള്ളരിക്കയും മാമ്പഴവും കൂട്ടി മോരൊഴിച്ചത്, ചക്ക എരിശ്ശേരി , എളവൻ കൊണ്ട് ഓലൻ, ഇഞ്ചിത്തൈര്, ഈ നാലുകറിയെ പതിവുള്ളു. പിന്നെ ചക്ക വറുത്തത്, മാങ്ങ ഉപ്പിലിട്ടത്, അമ്പലത്തിലെ പായസം . തീർന്നു.. സാമ്പാറും അവിയലുമൊന്നും പരദേശി വിഭവങ്ങൾ ആയതിനാൽ ഇത്തരം ദിവ്സങ്ങളിൽ ഇപ്പൊഴും വയ്ക്കാറില്ല അമ്മ..ചക്കയും മാങ്ങയും തേങ്ങയും ഒക്കെ കണി വയ്ക്കാൻ എടുത്തതായിരിക്കും..കൊന്നപ്പൂവ് അരവിന്ദൻ മാഷുടെ വീട്ടീൽ നിന്നു പൊട്ടിച്ച് കൊണ്ട് വരുന്നത് എന്റെ ജോലിയാണ്...എനിക്കിഷ്ടമല്ല അവിടെ പോകുന്നത്...“പരീക്ഷ നന്നായി എഴുത്യൊ ജയിക്യൊ“ എന്നൊക്കെ യുള്ള മാഷുടെ ചോദ്യം തന്നെ..വെക്കെഷനായാലും കാതിനു സ്വൈര്യമില്ല..വിഷുക്കോടി പലപ്പൊഴും ഒറ്റമുണ്ടായിരിക്കും..തളിക്കുളത്തെ ഗീതക്കാരന്റെ പീടികയിൽ നിന്നു വാങ്ങിയ നേരിയ കസവുമുണ്ട്..വലുതായപ്പൊൾ അത് പട്ടുപാവാടയിലെക്ക് മാറി..പിന്നെ പിന്നെ വിഷു കൊച്ചിയിലെക്ക് കൂട് കൂട്ടി..കാരണം മൂത്ത ചേച്ചിയെ കല്ല്യാണം കഴിച്ച് കൊടുത്തത് അവിടെയാണ്..ചേച്ചി എന്നെ അങ്ങൊട്ട് വിളിയ്ക്കും..അപ്പൊൾ 2 മാസവും അവിടെ തന്നെ. വിഷു തകർക്കുന്നത്, തകർത്തത് എത്രയും ആസ്വദിച്ചത് അവിടെ തന്നെ ആയിരുന്നു..ഇഷ്ടം പൊലെ കൂട്ടുകാർ. രാവിലെ ചോറ്റാനിക്കര അമ്പലത്തിൽ തൊഴാൻ പോകുമ്പൊൾ പരിചയക്കാരും ബന്ധുക്കളും എല്ലാവരും വിഷുകേട്ടം തരും...കൂട്ടി വച്ച് നൂറ് - ഇരുന്നൂറ് രൂപയ്ലെക്കെത്തിയ്ക്കുമ്പൊ ചേച്ചി എന്തെങ്കിലും ആവശ്യം പറഞ്ഞ് അതങ്ങ് വാങ്ങും..പിന്നെ വെക്കെഷൻ കഴിഞ്ഞ് വീട്ടിൽ ചെല്ലുമ്പൊ അമ്മ ചീത്തയും പറയും.ആരൊക്കെ തന്നാലും അഛൻ തരുന്ന അത്ര വില ഒന്നിനും തോന്നിയിട്ടില്ല..അഛൻ ഞാൻ എവിടെ ആണെങ്കിലും ആ പൈസ നേരത്തെ തന്നിരിക്കും...ഇപ്രാവശ്യം നാട്ടിൽ ചെന്നപ്പൊൾ അതിരാവിലെ എയർപ്പൊർട്ടിൽ പൊകാനുള്ള സൌകര്യത്തിനു ചെന്നൈക്കു പോരുവാനായി തലെന്നെ ചേച്ചിയുടെ വീട്ടിൽ തങ്ങി..രാത്രി 1 മണി തൊട്ട് ചേച്ചിയുടെ ഫോൺ അടിച്ച് കൊണ്ടെ ഇരുന്നു..കുറെ അടിച്ചപ്പൊൾ പുള്ളിക്കാരി എടുത്തു. അഛനായിരുന്നു...“നീ അവൾക്കൊരു നൂറ് രൂപ കൊടുക്കണം അവളിപ്രാവശ്യം വിഷുവിനു ഇവിടെ ഇല്ലല്ലൊ ഞാ‍ാൻ കൊടുക്കാൻ മറന്നു പോയീ..” എന്തോ ചേച്ചിയും അക്കാര്യം വിട്ടു പോയി..അഛന്റെ കയ്യിൽ നിന്നു എനിക്ക് കിട്ടാതെ പോയ ആദ്യത്തെ വിഷു കൈ നീട്ടം.......:( ഐശ്വര്യപൂർണ്ണവും സമ്പത്സമ്മൃദ്ധിയും നിറഞ്ഞ മനോഹരമായ ഒരു വിഷു ആശംസിക്കുന്നു...:))

2012, മാർച്ച് 16, വെള്ളിയാഴ്‌ച

അതിരാത്രം

അതിരാത്രമൊന്നു നടത്തണം ..ഈ-
വരളുന്ന ഭൂമിയിൽ മഴയൊന്നു പെയ്യുവാൻ..
യജമാനശ്രേഷ്ഠന്നു ദക്ഷിണ നൽകണം...
മന്ത്രമുരുവിടും വേളയിൽ നമസ്കരിച്ചീടണം....
പത്തനാടിക്കൊരു പട്ടും പുടവയും....
ചിത്തം കുളുർപ്പിച്ചനുഗ്രഹം വാങ്ങുവാൻ...
അഗ്നിയിൽ തൂവും ഹവിസ്സായി മാറണം...
ഉജ്ജ്വലശ്ശോഭ്ഭക്കു മാറ്റൊന്നു കൂട്ടുവാൻ...
യാഗശ്ശാലയ്ക്കു തീ കൊടുത്തീടുമ്പൊൾ
ഉള്ളിലായ് നിൽക്കണം , ഉണ്മയെ കാണുവാൻ...
പാരിടമെങ്ങും തേജസ്സു തീർക്കുമാ -
ഭൂമിയിൽ ഒരു പിടി ചാരമായ് മാറണം...
ആനന്ദധാരയായ് , ആകാശമേലാപ്പിൽ നിന്നാ-
-മോദ വർഷമായ് താഴെക്കു പെയ്യണം....
ഒടുവിൽ നനഞ്ഞ് കുതിർന്നൊരാ ഭൂമിയിൽ
കറുക കുരുന്നായി ജന്മമെടുക്കണം.....

2012, ഫെബ്രുവരി 17, വെള്ളിയാഴ്‌ച

ചുമ്മാ ചുമ്മാ ഒരു മോഹം..........

അമ്പലത്തിൽ നിൽക്കുമ്പൊഴാണ് നീ എന്റെ മനസ്സിൽ ഉണ്ടായിരുന്നു എന്നെനിക്ക് മനസ്സിലായത്...
നീ എന്നാൽ ഞാൻ തന്നെ ആയിരുന്നു എന്നും..
എപ്പോഴാണ് നിന്നിൽ നിന്ന് ഞാൻ അകന്ന് പോയി തുടങ്ങിയത് എന്നെനിക്കറിയില്ല
പക്ഷെ എന്നിൽ നിന്ന് നീ അകന്നില്ലെന്നു ഞാനിപ്പൊഴാണ് അറിഞ്ഞതെന്ന് മാത്രം...
നമ്മൾക്കിടയിൽ ഒന്നും ഉണ്ടായിരുന്നില്ല...ഒന്നും....!!!!
കാരണം നിന്റെ വിചാരധാരയും എന്റെ ചിന്തകളും വേറെ വേറെ ആയിരുന്നു...
എന്നാലും ഭൂമിയുടെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ സമാന്തര രേഖകൾ പോലെ നമുക്ക് നടക്കണം എന്നൊരു ആഗ്രഹം എനിക്കുണ്ടായിരുന്നു..
ആഗ്രഹിക്കുന്നത് കൊണ്ടെന്താ ല്ലേ....:))
ഒരു കാലത്തും നീയെന്റെ തുണയാകണമെന്ന് എനിക്ക് മോഹമില്ല ...
ഞാൻ നിന്റെ തുണയാകണമെന്ന് നിനക്കുമില്ലെന്ന് എനിക്കറിയാം...
പക്ഷെ എല്ലാക്കാലത്തും നീ ഇവിടെ ഉണ്ടാവണം എന്നൊരു മോഹം....
ചുമ്മാ ചുമ്മാ ഒരു മോഹം..........

2012, ഫെബ്രുവരി 1, ബുധനാഴ്‌ച

എന്ത് പറയാൻ...............................!!

കപട മുഖത്തിന്റെ കനത്ത ഭാവം
സദാചാരത്തിന്റെ കറുത്ത തുണി കൊണ്ട് ,
സ്വന്തം നഗ്നത മറച്ച് ..മറ്റുള്ളവരുടെ നഗ്നതയിലേക്ക്
ആവേശം കൊള്ളുന്നവന്റെ ആർപ്പുവിളി....!!!
കക്ഷത്തിലുള്ളത് വിട്ട് പോകാതെ ഉത്തരത്തിലുള്ളത് കിട്ടുവാനുള്ള വ്യഗ്രത...
നേരം പോക്കിനായുള്ള ബന്ധങ്ങൾ , ബന്ധനങ്ങളാകാതിരിക്കാനുള്ള
കരുതലുകൾ, വാഗ്വാദങ്ങൾ , ഉറക്കപ്പിച്ചുകൾ......!!!
തിരക്കിലാണെന്നുള്ള അഭിനയങ്ങൾ...
കയ്യിലിരിക്കുന്നത് ചോർന്നു പോകാ‍ാതിരിക്കാനുള്ള ശ്രദ്ധ
അപരന്റെ കയ്യിലിരിക്കുന്നത് കിട്ടാനുള്ള ആർത്തി..
ഇടയ്ക്കൊരു സ്നേഹകഷ്ണം വച്ച് നീട്ടൽ....
വിശപ്പടക്കാൻ...ദാഹം മാറ്റാൻ......!
തളരുന്ന സമയത്ത് തിരിഞ്ഞു പോലും നോക്കാത്തവർ..
ചത്തു കിടന്നാലും ചമയങ്ങളിലേക്കുള്ള നോട്ടം...
എന്ത് പറയാൻ...............................!!

2012, ജനുവരി 15, ഞായറാഴ്‌ച

ഒരു ദിനം

“പുലർകാലമായല്ലൊ തോഴീ...നിദ്രയാം-
മരണത്തെ വിട്ടു ഞാനിങ്ങെണീറ്റു...
അരുണകിരണങ്ങളെൻ നെറ്റിമേൽ മൃദുലമായ്
ഹരിചന്ദനം തൊട്ടു ...പൊന്നുഷസ്സായ്...
ഇനിയീ പകലിന്റെ കൂടെ ഞാനലസമായ്
കളിയും കഥയും പറഞ്ഞിരിക്കും...
ഇവിടെയെൻ മൌനങ്ങൾ വീണുടയും
ഇവിടെ വരുന്നവർ കൂട്ട് നിൽക്കും......”