kunjan radio

2010, ഡിസംബർ 21, ചൊവ്വാഴ്ച

തിരുവാതിര

പതിവു പോൽ പകലെങ്ങോ പോയ്മറഞ്ഞൂ
പകരമീ രാവിന്റെ തേരണഞ്ഞൂ
അകലെയൊരു രാക്കിളി കരയുന്നു , മാ‍നത്ത്
കതിർ കൊയ്യാൻ താരങ്ങളണി നിരന്നൂ
ധനുമാസരാവിതാ..പാതിരാപ്പൂ ചൂടി
മധുമന്ദഹാസം പൊഴിച്ചിടുന്നു..
തുടിയുടെ മേളം കേൾക്കുന്നൂ..അമ്പല-
-ച്ചിറയിൽ നിന്നാഘോഷമലയടിപ്പൂ..
തിരുവാതിരക്കാലം.., മനസ്സിന്നകത്തെങ്ങോ
മലരമ്പു കൊള്ളുന്നു...മകരന്ദം നിറയുന്നൂ...
പൌർണ്ണമിച്ചന്ദ്രിക പാലൊളി വിതറുന്നൂ...
പാതിരാകുളിർക്കാറ്റു വീശിടുന്നൂ....
ഭൂമിയിന്നാമോദ ന്രുത്തമാടുന്നൂ.. ആർദ്രമീ രാവിന്റെ ചാരുതയിൽ
കൈക്കൊട്ടി കുമ്മിയടിച്ചു കളിക്കുന്നു,
കണ്ണിലുറക്കച്ചടവുമായി...
ആലസ്യമോടെയീ രാത്രിയിൽ മങ്കമാർ
ആതിരാനോൽമ്പു നോറ്റിടുന്നൂ

2010, ഡിസംബർ 9, വ്യാഴാഴ്‌ച

ചിരി

ചിരിക്കുവാനായ് ജനിച്ചവള്‍ ഞാന്‍
ചിരിയെ മാത്രം പ്രണയിച്ചു പോയവള്‍..
ചിരിച്ചു കൊണ്ടീ നരച്ച ജീവിതം
ചിരിച്ചു തീര്‍ക്കാന്‍ കൊതിച്ചു പോയവള്‍..
ചിരിക്കു വര വീണാല്‍ സഹിക്കുകില്ല ഞാന്‍
ചിരിച്ചു കൊണ്ടേയിരിക്കു ഞാനെന്നും..
ചിരിക്കും പകല്‍ നേരം പല വിധത്തിലും.
ചിരിക്കു രാവും തടസ്സമാകില്ലാ..
ചിരിക്കു വേറൊരു ദുരര്‍ത്ഥമേയില്ല
ചിരിക്കുകില്ല ഞാന്‍ മരിച്ച വീട്ടിലും..
ചിരിച്ചു കൊണ്ട് മരിക്കണമെന്നു
ചിരിക്കും നേരത്തും നിനച്ചിടുന്നു ഞാന്‍...

2010, ഡിസംബർ 8, ബുധനാഴ്‌ച

പഠനം..

സങ്കടങ്ങളില്‍ ഞാന്‍ പരാതിപ്പെടാന്‍ പഠിച്ചു..
വേദനകളില്‍ ഞാന്‍ കരയാന്‍ പഠിച്ചു...
സന്തോഷങ്ങളില്‍ പുഞ്ചിരിക്കാന്‍ പഠിച്ചു..
പുകഴ്ത്ത്തലുകളില്‍ വീഴാതിരിക്കാന്‍ പഠിച്ചു..
നല്ലവയെ സ്വീകരിക്കാനും അല്ലാത്തവയെ വിട്ടുകളയാനും പഠിച്ചു..
കാഴ്ചകളില്‍ ഭ്രമിക്കാതിരിക്കാന്‍ പഠിച്ചു..
നിസ്സംഗത..അത് മാത്രം എന്ന് പഠിക്കും...?