kunjan radio

2010, ഡിസംബർ 21, ചൊവ്വാഴ്ച

തിരുവാതിര

പതിവു പോൽ പകലെങ്ങോ പോയ്മറഞ്ഞൂ
പകരമീ രാവിന്റെ തേരണഞ്ഞൂ
അകലെയൊരു രാക്കിളി കരയുന്നു , മാ‍നത്ത്
കതിർ കൊയ്യാൻ താരങ്ങളണി നിരന്നൂ
ധനുമാസരാവിതാ..പാതിരാപ്പൂ ചൂടി
മധുമന്ദഹാസം പൊഴിച്ചിടുന്നു..
തുടിയുടെ മേളം കേൾക്കുന്നൂ..അമ്പല-
-ച്ചിറയിൽ നിന്നാഘോഷമലയടിപ്പൂ..
തിരുവാതിരക്കാലം.., മനസ്സിന്നകത്തെങ്ങോ
മലരമ്പു കൊള്ളുന്നു...മകരന്ദം നിറയുന്നൂ...
പൌർണ്ണമിച്ചന്ദ്രിക പാലൊളി വിതറുന്നൂ...
പാതിരാകുളിർക്കാറ്റു വീശിടുന്നൂ....
ഭൂമിയിന്നാമോദ ന്രുത്തമാടുന്നൂ.. ആർദ്രമീ രാവിന്റെ ചാരുതയിൽ
കൈക്കൊട്ടി കുമ്മിയടിച്ചു കളിക്കുന്നു,
കണ്ണിലുറക്കച്ചടവുമായി...
ആലസ്യമോടെയീ രാത്രിയിൽ മങ്കമാർ
ആതിരാനോൽമ്പു നോറ്റിടുന്നൂ

2010, ഡിസംബർ 9, വ്യാഴാഴ്‌ച

ചിരി

ചിരിക്കുവാനായ് ജനിച്ചവള്‍ ഞാന്‍
ചിരിയെ മാത്രം പ്രണയിച്ചു പോയവള്‍..
ചിരിച്ചു കൊണ്ടീ നരച്ച ജീവിതം
ചിരിച്ചു തീര്‍ക്കാന്‍ കൊതിച്ചു പോയവള്‍..
ചിരിക്കു വര വീണാല്‍ സഹിക്കുകില്ല ഞാന്‍
ചിരിച്ചു കൊണ്ടേയിരിക്കു ഞാനെന്നും..
ചിരിക്കും പകല്‍ നേരം പല വിധത്തിലും.
ചിരിക്കു രാവും തടസ്സമാകില്ലാ..
ചിരിക്കു വേറൊരു ദുരര്‍ത്ഥമേയില്ല
ചിരിക്കുകില്ല ഞാന്‍ മരിച്ച വീട്ടിലും..
ചിരിച്ചു കൊണ്ട് മരിക്കണമെന്നു
ചിരിക്കും നേരത്തും നിനച്ചിടുന്നു ഞാന്‍...

2010, ഡിസംബർ 8, ബുധനാഴ്‌ച

പഠനം..

സങ്കടങ്ങളില്‍ ഞാന്‍ പരാതിപ്പെടാന്‍ പഠിച്ചു..
വേദനകളില്‍ ഞാന്‍ കരയാന്‍ പഠിച്ചു...
സന്തോഷങ്ങളില്‍ പുഞ്ചിരിക്കാന്‍ പഠിച്ചു..
പുകഴ്ത്ത്തലുകളില്‍ വീഴാതിരിക്കാന്‍ പഠിച്ചു..
നല്ലവയെ സ്വീകരിക്കാനും അല്ലാത്തവയെ വിട്ടുകളയാനും പഠിച്ചു..
കാഴ്ചകളില്‍ ഭ്രമിക്കാതിരിക്കാന്‍ പഠിച്ചു..
നിസ്സംഗത..അത് മാത്രം എന്ന് പഠിക്കും...?

2010, നവംബർ 21, ഞായറാഴ്‌ച

വനപുഷ്പം

വനപുഷ്പമാണു ഞാൻ..നനവുകളിലെങ്ങോ..
വിടരുന്നു..കൊഴിയുന്നു..വിഫലമായ് തേങ്ങുന്നൂ..
ഇല്ല,യെൻ ദേവന്റെ തിരുനടയിലെത്തുവാൻ..
അടിമലരിൽ മറ്റൊരു മലരായി മാറുവാൻ..,
ഒരു നേരമെങ്കിലും തിരുമാറിലമരുന്ന
വനമാലയാകുവാൻ..അനുവാദമൊട്ടുമേ..
ഇല്ലൊരു സുഗന്ധവുമിതളുകളിൽ ചൊരിയുവാൻ..,
ഇല്ല,നിനക്കൊന്നുമെൻ ചൊടികളിൽ നുകരുവാൻ
വിടരുന്നതെന്തിന്നു വെറുതെയീ ജന്മമൊരു
വികൃതമായ്....തീരുവാൻ വേണ്ടി..!!
നിറയുന്നതെന്തിന്നു ..വെറുതെയീ കണ്ണുകൾ..,
സുകൃതങ്ങള്‍ ചെയ്തില്ലയെങ്കിൽ..( എങ്കിലും)
മാനസപൂജയ്ക്കൊരുങ്ങുന്നു..മാറിലെ..
മാലയായ്..തീരുവാൻ വേണ്ടി..
നീരാജനത്തിന്നൊരുങ്ങുന്നു..ദേവന്റെ
പ്രീതിയെ..വേൾക്കൊള്ളുവാനായ്.

2010, നവംബർ 7, ഞായറാഴ്‌ച

ചുമ്മാ...

അങ്ങനെ ചെന്നൈയിലും മഴയെത്തി....എത്ര നാളായി കാത്തിരിക്കുന്നു...മഴക്കൊപ്പം മനസ്സും നിറഞ്ഞു തുളുമ്പുന്നു.. വിശാലമായ ഫ്ലാറ്റിനുള്ളിൽ നിന്ന് ഗ്രില്ലിട്ട ബാൽക്കണിയിലൂടെ പുറത്ത് മഴ പെയ്യുന്നതു നോക്കി നിൽക്കാൻ എന്തു രസമാണ്..മഴയെ കീറിമുറിച്ച് പാഞ്ഞുപോകുന്ന വാഹനങ്ങൾ...മഴയെ കൂസാതെ പച്ചക്കറി വണ്ടികളുമായ് നീങ്ങുന്നവർ...സ്കൂൾ കുട്ടികൾ...തമിഴർക്ക് മഴയെ ഭയമാണെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്..അവർക്കു വെയിൽ തന്നെ പഥ്യം..എത്ര വെയിലായാലും നിലാവത്തു നടക്കുന്ന പോലെ നടക്കുന്ന കാണാം...
മഴ ബീച്ചിലാണ് ഏറ്റവും രസം..ഈ സമയം കടൽ കൂടുതൽ സുന്ദരിയാകുന്നു...അവൾക്കെന്തൊക്കെയോ പറയാനുണ്ടെന്നു തോന്നിപ്പോകും ആർത്തലച്ചുള്ള തിരകളുടെ വരവ് കണ്ടാൽ...കച്ചവടക്കാരുടെ പൊടി പോലും കാണാനുണ്ടാവില്ല അവിടെയൊന്നും...അതു കൊണ്ട് വിജനമായ ബീച്ചിൽ മഴ കണ്ട് ചുമ്മാ ഇരിക്കാൻ ....ഹാ......എന്ത് രസം...!!!!
പക്ഷെ മഴയത്ത് റോഡെല്ലാം കുളമായിരിക്കും...ലോകത്തുള്ള സകല മാ‍ലിന്യങ്ങളും ഒലിച്ചെത്തിയിട്ടുണ്ടാകും..എവിടെക്കെങ്കിലും പോകാൻ ഒരുങ്ങിയിറങ്ങിയാൽ കുളിപ്പിച്ച് തരും വാഹനങ്ങൾ..!!! അത് കൊണ്ട് ഇവിടെ ഈ രണ്ടാം നിലയിലിരുന്ന് ഈ മഴ കണ്ടു നിൽക്കുന്നതു തന്നെ സുഖം...അതെ ..അതു തന്നെ...കേരളത്തിലെ മഴയുടെ ഏഴയലത്ത് വരില്ലെങ്കിലും ഇവളെ ഞാൻ ഇഷ്ടപ്പെടുന്നു....ഒരുപാട്...ഒരുപാട്....

2010, ഒക്‌ടോബർ 2, ശനിയാഴ്‌ച

വൃന്ദാവന കണ്ണൻ

സങ്കല്പ വൃന്ദാവനത്തിലേക്കിന്നൊരു..

ചെന്താമരക്കണ്ണനോടിയെത്തീ..

കേളികളാടിത്തിമിർത്തവൻ..ജീവന്റെ

തൂവെണ്ണയെല്ലാം കവർന്നെടുത്തൂ..

പൂക്കൾക്കിടയിലായ്..പൂമ്പാറ്റയെന്നപോൽ..

പൂന്തേൻ നുകർന്നു രസിച്ചിരുന്നു..

പുല്ലാങ്കുഴൽ നാദം കേൾപ്പിച്ചു തന്നവൻ

പുല്ലിനെ പോലും കുളിരണിയിച്ചവൻ..

വാടിക്കിടക്കും ഹൃദയത്തലപ്പിലായ്..

കാളിയനർത്തനമാടിക്കളിച്ചവൻ..

പാടാത്ത പാട്ടൊക്കെ കേൾപ്പിച്ചിതാനന്ദ-

സാഗരത്തീരത്തു കൊണ്ടുചെന്നാനവൻ..

ദു:ഖകൊടും മഴ കൊളളാതിരിക്കുവാൻ..

ഗോവർദ്ദനഗിരി..പൊക്കിപിടിച്ചവൻ..

കുഞ്ഞിളം ചുണ്ടിനാൽ..മുത്തങ്ങളേകിയോൻ..

കുട്ടിക്കുറുമ്പുകൾ കാട്ടിനടപ്പവൻ..

മെല്ലെയടിക്കുവാനോങ്ങിയാൽ വായ് പിളർന്നീ—

ലോകമൊക്കെയും കാട്ടിത്തരുന്നവൻ..

വാക്കുകൾ കൊണ്ടിന്ദ്രജാലങ്ങൾ സൃഷ്ടിച്ചു

മാലോകരെയൊക്കെ വീഴ്ത്തിച്ചിരിച്ചവൻ..

ജീവിതപ്പാതയിൽകാലിടറാതിരിക്കുവാൻ

താങ്ങായി വന്നവൻ..തണലായി നിന്നവൻ..

വൃന്ദാവനത്തിലീ..ഗോപികമാരുടെ

ഉള്ളം കവർന്നവൻ..കള്ളനായ്..നിന്നവൻ..

നെഞ്ചിലെ പാലാഴിയൂറ്റിക്കുടിച്ചവൻ

ചുണ്ടിലെ വെൺപത മെല്ലെ തുടച്ചവൻ..

എണ്ണക്കറുപ്പുള്ള മേനി കാട്ടിയൊന്നു

വാരിപ്പുണരാൻ..കൊതിപ്പിച്ച സുന്ദരൻ

കൊഞ്ചി കൊഞ്ചി ..കുഴഞ്ഞാടിവന്നവൻ

ചെഞ്ചൊടികളാലോരോന്നു ചൊന്നവൻ

കണ്ണടച്ചുതുറക്കുന്ന മാത്രയിൽ..

കണ്ടതൊക്കെയും സത്യമാക്കുന്നവൻ

ഇനിയിവനില്ലാതെ പുലരികൾ പിറക്കുമോ..

ഇനിയിവനില്ലാതെ സന്ധ്യകളെത്തുമോ..?!

രാത്രികൾ..പകലുകൾ..രാഗതാളങ്ങളും..

രാക്കിളി പാടുന്ന പാട്ടതു പോലുമീ

കണ്ണന്റെ കാലൊച്ച കേൾക്കാതെയുണരുമോ..

വൃന്ദാവനം പൂത്തുലഞ്ഞുനിന്നീടുമോ..!!

2010, ജൂലൈ 28, ബുധനാഴ്‌ച

പ്രണയം

പ്രണയത്തിനൊരു നിർവചനം തേടി ..നടക്കുകയാണ്..

പൂക്കളോട് ചോദിച്ചപ്പോൾ ..കണ്ണിറുക്കി കാണിച്ചൂ..

പുഴകളോട് ചോദിച്ചപ്പോൾ..കുണുങ്ങി ഒഴുകിപോയി..

മലകളോട് ചോദിച്ചപ്പോൾ ..മഞ്ഞ് കൊണ്ട് മുഖം മറച്ചു..

മഴയോട് ചോദിച്ചപ്പോൾ ..അവൾ പെയ്തു കൊണ്ടേയിരുന്നൂ..

മുളംകൂട്ടങ്ങളോട് ചോദിച്ചപ്പോൾ..മധുര സംഗീതം പൊഴിച്ചു.

കാറ്റിനോട് ചോദിച്ചപ്പോൾ ..തഴുകി തലോടിപോയി..

കിളികൾ കളിയാക്കി ചിരിച്ചൂ..ഇലകൾ തലയാട്ടി നിന്നൂ..

മനസ്സിനെ കുളുർപ്പിക്കുന്ന എന്തോ ഒന്ന്.

അതാണോ..പ്രണയം…?

ഞെരിഞ്ഞു മുറുക്കി ശ്വാസം മുട്ടിക്കുന്ന.

അതു തന്നെയാണോപ്രണയം?

തൊടാൻ സമ്മതിക്കാതെ..വഴി മാറിപോകുന്ന

അതും പ്രണയമാണോ?

പറഞ്ഞിട്ടും പറഞ്ഞിട്ടും കൊതി മാറാതെ..

ചിരിച്ചിട്ടും ചിരിച്ചിട്ടും മതിയാകാ‍തെ..

ചോദിച്ചിട്ടും ചോദിച്ചിട്ടും..തീരാതെ

ഉത്തരം കിട്ടാതെതിരയായ്..കവിതയായ്സംഗീതമായ്……

2010, ജൂലൈ 14, ബുധനാഴ്‌ച

അജ്ഞാതവാസം

വനവാസക്കാലമായ്..വേഷങ്ങൾ മാറിയും

ആളറിയാതെയും..ആരെയും കാണാതെ

അജ്ഞാതവാസം തുടങ്ങുകയായ്..

ഇനിയും വരുന്നുണ്ടോ..പേമാരി..? കൂർത്തുമൂർ-

-ത്തുരുളുന്ന പാറകൾ താഴെക്കു വീഴുന്നോ..

നേരിന്റെ നേരെ തിരിഞ്ഞിരിക്കുന്നുവോ..

നേർക്കു നേർ കാണുവാനാവാതെ പോയിതോ..

കാഴ്ചകൾ മങ്ങിയോ..ഇരുളാർന്ന ഗുഹകളിൽ

വാത്മീകമായി തപസ്സിരിക്കുന്നുവോ!!

അലറിക്കുതിച്ചെത്തുമലയാഴിയിൽ‌പ്പെട്ടും,

ചുഴികളിൽ‌പ്പെട്ടും, കറങ്ങിത്തിരിഞ്ഞും,

കണ്ണുകൾ , കാതുകൾ..കൊട്ടിയടച്ചിട്ടും..നെഞ്ചു-

പിളരുന്ന വേദന ..കടിച്ചമർത്തിയും..

വാസം തുടങ്ങുകയായ്..ആരുമറിയാതെ..സ്വയം

ഉള്ളിലേക്കൊതുങ്ങിയും , വിധിയെന്നു കരുതിയും..

പഴികളെ മാറോടു ചേർത്തും, പരിഹാസമുനകളിൽ

ശയനം നടത്തിയും..ഓർമ്മകൾ മായക്കാഴ്ചയായ് മാറ്റിയും-

മുഖം കൊടുക്കാതെ..തലയൊന്നുയർത്താതെ..

അന്ധകാരത്തിന്റെ ആരണ്യകത്തിലായ്

അജ്ഞാതവാസം തുടങ്ങുകയായ്.

2010, ജൂൺ 24, വ്യാഴാഴ്‌ച

എന്റെ വാവക്ക്..

എന്റെ വാവക്ക്

നിന്നിൽ ഞാൻ കണ്ടതെൻ പ്രതിച്ഛായയെ..

എങ്ങോ കളഞ്ഞുപോയൊരെൻ പ്രിയ ബാല്യത്തെ..

സ്വപ്നങ്ങൾ കണ്ടു നടന്നൊരാ കാലത്തെ..

പൊട്ടിച്ചിരിച്ചു കളിച്ചൊരാ..നാളിനെ

കൊച്ചു പിണക്കങ്ങൾ, തർക്കങ്ങൾ, പരിഭവ-

-മൊട്ടുകൾ വിരിവതും..താനെ താഴെ വീഴുന്നതും

ഒക്കെ ഞാൻ കാണുന്നു..നിൻ മിഴിത്തുമ്പിലായ്..

ചിത്രങ്ങൾ ചാലിച്ച വർണ്ണപ്രപഞ്ചവും..

നീ തീർക്കുമോരോ..പദചലനത്തിലും..

കേൾക്കുന്നു..ഞാനെന്റെ നഷ്ടശ്രുതികളെ..

നീ മൊഴിയുമോരോ വാക്കും പൊഴിക്കുന്ന-

-തെൻ സ്വരചെപ്പിലെ മുത്തുമണികളെ..

പട്ടുപാവാടത്തുമ്പൊന്നുയർത്തി നീ

തൊട്ടാവാടി പടർപ്പിലൂടോടുമ്പോൾ

മുള്ളു കൊണ്ടു നിൻ കാൽ മുറിഞ്ഞീടവേ..

പിന്തിരിഞ്ഞതു മാറ്റാൻ ശ്രമിക്കവേ..

കൌതുകത്തോടതു കണ്ടുനിന്നീടുമ്പോൾ

ഞാനുമെന്റെയാ..കാലമതോർത്തുപോയ്..

ഒന്നുമോർക്കാതെ..അല്ലലറിയാതെ..

തെല്ലും പ്രാരാബ്ധക്കെട്ടുകളില്ലാതെ..

മുൻപിൽ കണ്ടിടുമോരോ ചെടിയോടും..

കിന്നാരങ്ങൾ പറഞ്ഞു നടന്നതും..

തുമ്പിയെ കൊണ്ടു കല്ലെടുപ്പിച്ചതും..

തുമ്പപ്പൂക്കൾ പറിച്ചു നടന്നതും..

എത്രയകലെയാണക്കാലമോർക്കവേ..

നഷ്ടമായ് പോയതെൻ പ്രിയ ബാല്യത്തെ!!!

ഇന്നു നീയെന്റെ മുന്നിൽ വന്നീടുമ്പോൾ..

നിന്നിലക്കാലം കാണുന്നു സത്യമായ്..

നിന്നിലെന്നെ ഞാൻ കാണുന്നു..സ്മൃതികൾ തൻ

തീരമണയുന്നുതിരമാല നുരയുന്നു

എന്റെ വാവക്ക്

നിന്നിൽ ഞാൻ കണ്ടതെൻ പ്രതിച്ഛായയെ..

എങ്ങോ കളഞ്ഞുപോയൊരെൻ പ്രിയ ബാല്യത്തെ..

സ്വപ്നങ്ങൾ കണ്ടു നടന്നൊരാ കാലത്തെ..

പൊട്ടിച്ചിരിച്ചു കളിച്ചൊരാ..നാളിനെ

കൊച്ചു പിണക്കങ്ങൾ, തർക്കങ്ങൾ, പരിഭവ-

-മൊട്ടുകൾ വിരിവതും..താനെ താഴെ വീഴുന്നതും

ഒക്കെ ഞാൻ കാണുന്നു..നിൻ മിഴിത്തുമ്പിലായ്..

ചിത്രങ്ങൾ ചാലിച്ച വർണ്ണപ്രപഞ്ചവും..

നീ തീർക്കുമോരോ..പദചലനത്തിലും..

കേൾക്കുന്നു..ഞാനെന്റെ നഷ്ടശ്രുതികളെ..

നീ മൊഴിയുമോരോ വാക്കും പൊഴിക്കുന്ന-

-തെൻ സ്വരചെപ്പിലെ മുത്തുമണികളെ..

പട്ടുപാവാടത്തുമ്പൊന്നുയർത്തി നീ

തൊട്ടാവാടി പടർപ്പിലൂടോടുമ്പോൾ

മുള്ളു കൊണ്ടു നിൻ കാൽ മുറിഞ്ഞീടവേ..

പിന്തിരിഞ്ഞതു മാറ്റാൻ ശ്രമിക്കവേ..

കൌതുകത്തോടതു കണ്ടുനിന്നീടുമ്പോൾ

ഞാനുമെന്റെയാ..കാലമതോർത്തുപോയ്..

ഒന്നുമോർക്കാതെ..അല്ലലറിയാതെ..

തെല്ലും പ്രാരാബ്ധക്കെട്ടുകളില്ലാതെ..

മുൻപിൽ കണ്ടിടുമോരോ ചെടിയോടും..

കിന്നാരങ്ങൾ പറഞ്ഞു നടന്നതും..

തുമ്പിയെ കൊണ്ടു കല്ലെടുപ്പിച്ചതും..

തുമ്പപ്പൂക്കൾ പറിച്ചു നടന്നതും..

എത്രയകലെയാണക്കാലമോർക്കവേ..

നഷ്ടമായ് പോയതെൻ പ്രിയ ബാല്യത്തെ!!!

ഇന്നു നീയെന്റെ മുന്നിൽ വന്നീടുമ്പോൾ..

നിന്നിലക്കാലം കാണുന്നു സത്യമായ്..

നിന്നിലെന്നെ ഞാൻ കാണുന്നു..സ്മൃതികൾ തൻ

തീരമണയുന്നുതിരമാല നുരയുന്നു

2010, ജൂൺ 17, വ്യാഴാഴ്‌ച

എന്തിനായ്.

എങ്ങുനിന്നോ പറന്നു വന്നെന്നിലെ

ചന്ദനമരചില്ലയിൽ ചേക്കേറി..

മെല്ലെ പൂഞ്ചിറകൊന്നൊതുക്കി നീ

നെഞ്ചുരുമ്മിയിരിക്കുന്നതെന്തിനായ്

തൂവലൊന്നും കൊഴിഞ്ഞുപോയീടാതെ..

താരിളം മേനി നെഞ്ചോടടുക്കി ഞാൻ..

താരകങ്ങളും..പൂനിലാചന്ദ്രനും..

കാൺകെ കാതോരമോതി.. മെല്ലവേ..

എന്തിനെൻ മരച്ചില്ലയിൽ വന്നിരു-

ന്നെന്തിനൂയലാടുന്നുനിന്നുള്ളിലെ

നിർമ്മലസ്നേഹമേകുന്നതെന്തിനായ്..

വാസനതൈലം തൂകുന്നതെന്തിനായ്?

സ്നേഹജ്വാലകളാളിപടർത്തിയി-

-ട്ടൂളിയിട്ടു പറക്കുന്നതെന്തിനായ്!!

മൂകതയാലുറങ്ങിക്കിടക്കുമെൻ..

ജീവനെ വന്നുണർത്തുന്നതെന്തിനായ്..?

കൂടൊരുക്കി ഞാൻ വച്ചതു കണ്ടുവോ..?

കൂട്ടിനുള്ളിലെ പൂമെത്ത കണ്ടുവോ

നേർത്തതെങ്കിലുമീ വാഴനാരിനാൽ..

കോർത്തു വച്ചോരു പൂമാല കണ്ടുവോ..

ഈറനാകുന്നതെന്തിന്നു നിൻ മനം ..?

നീലവാനം പോൽ നീണ്ടു വിശാലമാം..

ഈ ഹൃദയമിന്നേകുന്നിതോമനേ..

ആത്മഹർഷത്തോടേറ്റു വാങ്ങീടുക..