kunjan radio

2012, ഓഗസ്റ്റ് 23, വ്യാഴാഴ്‌ച

പൂക്കളക്കവിത

അത്തത്തിന്റന്നു ഞാൻ പൂക്കളമിട്ടപ്പൊൾ
ചിത്തത്തിലാനന്ദപ്പൂ വിരിഞ്ഞു
ചിത്തിര നാളിലെ ചേലുള്ള പൂക്കളം
ഒത്തിരി പേർ വന്നു കണ്ണ് വച്ചു
ചോതിക്കു പൂക്കളമിട്ടൊണ്ടിരുന്നപ്പോൾ
ആദ്യമായ് വണ്ടുകൾ  പാറി വന്നു..
പൂക്കളെ കിട്ടാതെ തേടി വിശാഖത്തിൻ
പോരായ്മ തീർത്തതനിഴം നാളിൽ..
തുമ്പപ്പൂവിത്തിരി തൃക്കേട്ടനാളിലെ
പൂക്കളമുറ്റത്ത് കൊണ്ട് വച്ചു
നാലു മൂലയ്ക്കലും മല്ലിപ്പൂവൊത്തിരി
മൂലത്തിന്നാൾ വെച്ചലങ്കരിച്ചു...
പൂരാട രാവിലെ പൂമ്പാറ്റകുഞ്ഞുങ്ങൾ
പൂക്കളം വിട്ടെങ്ങും പോയതില്ല
ഉത്രാടത്തിന്റന്നു പാഞ്ഞു നടന്നപ്പൊൾ
വട്ടിയിലൊത്തിരി പൂ നിറഞ്ഞു ...
വന്നിതാ   മാവേലി മന്നനെഴുന്നള്ളു-
-മിന്നല്ലൊ നല്ല തിരുവോണം നാൾ...:))

2012, ഓഗസ്റ്റ് 20, തിങ്കളാഴ്‌ച

കത്തുന്ന ഹൃദയം

നിങ്ങൾക്കറിയാമോ..
അടച്ചിട്ട മുറികളിൽ നിന്നു വരുന്ന
കവിതകൾക്ക്
അനുവാചകരെ
ആസ്വാദനത്തിന്റെ വീഞ്ഞ് കുടിപ്പിച്ച്
കൊല്ലാനുള്ള കഴിവുണ്ട്...

ഒന്നു പുറത്തെക്ക് വിടൂ എന്ന
ആ നിശ്ശബ്ദ്ദമായ നിലവിളിയിൽ
വേദനയുടെ സംഗീതമുണ്ട്...

പുറത്തിരിക്കുന്നവരെ.....
നിങ്ങൾക്കത് കേൾക്കാൻ കഴിയുന്നുണ്ടൊ....?
നിങ്ങൾ രാഗവിസ്താരങ്ങളെ
അളന്ന് മുറിച്ച്
അതിനെ ഇല്ലാതാക്കരുത്...

കാരണം,
അത് അവഗണിക്കപ്പെട്ടവരുടെ
എരിഞ്ഞ് നീറലാണ്..

ഇല്ലായ്മയും വല്ലായ്മയും
അനുഭവിച്ച് സ്വൈര്യമില്ലായ്മയിൽ
എത്തിയവരുടെ
വിങ്ങുന്ന ഹൃദയമാണ്...

2012, ഓഗസ്റ്റ് 7, ചൊവ്വാഴ്ച

ഭസ്മം

സഖീ..നമ്മളൊരു കരയിലൊരുമിച്ച് നിന്നവർ...
ഒരേ വിചാരങ്ങളിലൊരു പോലെ നില്പവർ
അകലെയാ ദേവാലയത്തിന്റെ ശ്രീകോവിൽ
ഇനിയും നമുക്കായ് തുറക്കുമ്മെന്നൊർത്ത്
ഇരുകൈകൾ കൂപ്പി , ഇടറുന്ന മനസ്സുമായ്
കാതരഹൃദയങ്ങൾ പ്രാർത്ഥിച്ച് നിൽക്കവേ..
മുന്നിലല തല്ലിയാർക്കുന്ന പുഴയുടെ തീരത്ത് ...
കൈ കോർത്ത് , കണ്ണാടി പൊട്ടിച്ചിതറുന്ന പോലെ
ചിരിയുടെ ചിലമ്പൊലി-കേട്ടരികത്തൊരാൾ..
നിശ്ശബ്ധനായ് നിൽ‌പ്പവൻ ...നിർന്നിമേഷൻ...
കാലമോ ? കാലത്തിനതീതനൊ ആയൊരാൾ...!!
ഇവിടെയീ തീരത്തുപേക്ഷിച്ച ചിന്തകൾ..കത്തിച്ചിടാ‍ാം..
ഇത്തിരി ചിതാഭസ്മം, നെറ്റിമേലണിഞ്ഞിടാം

2012, ഓഗസ്റ്റ് 3, വെള്ളിയാഴ്‌ച

സ്നേഹ പാനീയം...

പാഴായിപ്പോയ കുറച്ച് സ്നേഹമുണ്ട്
പാനം ചെയ്യപ്പെടാതെ,
പത വറ്റി...ചില്ലുപാത്രത്തിലിരിക്കുന്നു...
പാഴ്മരങ്ങൾ പ്രതീക്ഷ തരില്ല...
പകരം ആകർഷിച്ചടുത്തേക്കു വരുത്തി
ഒടിഞ്ഞ് വീഴും...
അതിന്റെ കടയ്ക്കൽ ഒഴിക്കട്ടെ ഈ സ്നേഹപാനീയം ...
ചില നിറങ്ങൾ അങ്ങനെയാണ്..
കണ്ണ് മഞ്ഞളിച്ച് പോകും...
അവിടെയും ഒഴിക്കട്ടെ ഞാൻ ഈ ചഷകത്തിലെ വമ്പത്തരം....