kunjan radio

2012, ഏപ്രിൽ 16, തിങ്കളാഴ്‌ച

ചെമ്പരത്തി

ചൊക ചൊകക്കണ് ചെമ്പരത്തി.
തുട് തുട്ക്കണ് ചെമ്പരത്തി....
ചെവിയിൽ വയ്ക്കണ നേരത്ത്
ചെരിഞ്ഞീരിക്കണ് ചെമ്പരത്തി
വഴിയെ പോണോരു ഞോണ്ടുമ്പൊ
കുനിഞ്ഞിരിക്കണ് ചെമ്പരത്തി...
നിവർന്നിരിക്കാൻ പറ്റാതെ
ഒറക്കം തൂങ്ങണ് ചെമ്പരത്തി...
ഇളവെയിലൊന്നടിക്കുമ്പൊ
കെഴക്കൻ കാറ്റൊന്ന് വീശുമ്പൊ
എളകിയാട്ണ് ചെമ്പരത്തി..
ഒറഞ്ഞ് തുള്ളണ് ചെമ്പരത്തി..
മോന്തിയാവ്ണ നേരത്ത്
നേരം പോയൊരു നേരത്ത്
നെലവിളിക്കണ് ചെമ്പരത്തി
മയങ്ങി വീഴണ് ചെമ്പരത്തി.....

2012, ഏപ്രിൽ 13, വെള്ളിയാഴ്‌ച

നിറമില്ലാത്ത വിഷു

വർണ്ണാഭമല്ലാത്ത ഒരു വിഷു കൂടി...മറുനാട്ടിൽ വിഷു ഇത് രണ്ടാമത്തെ പ്രാവശ്യമാണ്..എനിക്കിഷ്ടമല്ല എന്റെ നാടിന്റെ നൈർമല്ല്യം മറുനാട്ടിൽ ആഘോഷിക്കുന്നത്..പക്ഷെ വിധാതാവ് എന്ത് വരച്ചൊ അത് വന്നല്ലെ പറ്റു...
വിഷുവിനു പണ്ടത്തെ നിറമൊന്നും ഇല്ല..തലേന്നെ കണിയൊരുക്കി വച്ച് പുലർച്ചെ മൂന്നു മൂന്നരയോടെ അമ്മ വിളിച്ചുണർത്തി കണ്ണ് പൊത്തി നടത്തിച്ച് , മടിയിലിരുത്തി കണ്ണ് തുറപ്പിക്കുമ്പോൾ ഇരുട്ടിനെ പ്രകാശമയമാക്കുന്ന ഐശ്വര്യപൂർണ്ണമായ കണി..അത്രയും അഴകുള്ള ഒന്ന് വേറെ എന്തുണ്ട്...!! അഛൻ തരുന്ന് ഒറ്റ നാണ്യം അതിന്റെ വില വേറെ എന്തിനുണ്ട്..ഒറ്റ നാണ്യമൊക്കെ നൂറ് രൂപയിലെക്ക് ചേഞ്ച് ചെയ്തിട്ട് വളരെ കാലമായെങ്കിലും ആ നാണയത്തിന്റെ മൂല്യം ഇത് വരെ കറൻസിക്ക് തോന്നിയിട്ടില്ല..പണ്ടൊക്കെ പടക്കവും മറ്റും വാങ്ങാൻ അനുവദിച്ചിരുന്ന തുക മാക്സിമം 5 രൂപയായിരുന്നു..വിഷുക്കേട്ടം കിട്ടുന്ന പൈസ അനാവശ്യമായി കളയാൻ അമ്മ അനുവദിച്ചിരുന്നില്ല..എങ്കിലും അമ്മയെ കാണിക്കാതെ വച്ചിരിക്കുന്ന പൈസ കൊണ്ട് വാങ്ങി പൊട്ടിക്കാറുണ്ട്..പീടികക്കാരൻ കൂടുതൽ തന്നെന്നൊ മറ്റൊ നിർദ്ദോഷമായ വിഷു സ്പെഷൽ നുണ പൊട്ടിയ്ക്കും..വെക്കേഷൻ കാലമായത് കൊണ്ട് പുരയ്ക്കകത്ത് കേറുന്ന പ്രശ്നമില്ല..കണ്ടവരുടെ പറമ്പിലെ മാങ്ങയും ഞാവൽ‌പ്പഴവും കശുമാങ്ങയും തിന്നു ഉച്ചയ്ക്ക് ഊണു കഴിക്കാറാവുമ്പഴെ വീട്ടിലെക്കെത്തു..അമ്മ ട്രെഡീഷണൽ ആയെ വിശേഷ ദിവസങ്ങളിൽ വിഭവങ്ങൾ ഒരുക്കു..അതും ഇന്നയിന്ന പച്ചക്കറികെളെ ഉപയോഗിക്കു , ഇന്നത് പാടില്ല എന്നൊക്കെ അന്നും ഇന്നും നിർബന്ധമാണ്..വിഷുവിനു വെള്ളരിക്കയും മാമ്പഴവും കൂട്ടി മോരൊഴിച്ചത്, ചക്ക എരിശ്ശേരി , എളവൻ കൊണ്ട് ഓലൻ, ഇഞ്ചിത്തൈര്, ഈ നാലുകറിയെ പതിവുള്ളു. പിന്നെ ചക്ക വറുത്തത്, മാങ്ങ ഉപ്പിലിട്ടത്, അമ്പലത്തിലെ പായസം . തീർന്നു.. സാമ്പാറും അവിയലുമൊന്നും പരദേശി വിഭവങ്ങൾ ആയതിനാൽ ഇത്തരം ദിവ്സങ്ങളിൽ ഇപ്പൊഴും വയ്ക്കാറില്ല അമ്മ..ചക്കയും മാങ്ങയും തേങ്ങയും ഒക്കെ കണി വയ്ക്കാൻ എടുത്തതായിരിക്കും..കൊന്നപ്പൂവ് അരവിന്ദൻ മാഷുടെ വീട്ടീൽ നിന്നു പൊട്ടിച്ച് കൊണ്ട് വരുന്നത് എന്റെ ജോലിയാണ്...എനിക്കിഷ്ടമല്ല അവിടെ പോകുന്നത്...“പരീക്ഷ നന്നായി എഴുത്യൊ ജയിക്യൊ“ എന്നൊക്കെ യുള്ള മാഷുടെ ചോദ്യം തന്നെ..വെക്കെഷനായാലും കാതിനു സ്വൈര്യമില്ല..വിഷുക്കോടി പലപ്പൊഴും ഒറ്റമുണ്ടായിരിക്കും..തളിക്കുളത്തെ ഗീതക്കാരന്റെ പീടികയിൽ നിന്നു വാങ്ങിയ നേരിയ കസവുമുണ്ട്..വലുതായപ്പൊൾ അത് പട്ടുപാവാടയിലെക്ക് മാറി..പിന്നെ പിന്നെ വിഷു കൊച്ചിയിലെക്ക് കൂട് കൂട്ടി..കാരണം മൂത്ത ചേച്ചിയെ കല്ല്യാണം കഴിച്ച് കൊടുത്തത് അവിടെയാണ്..ചേച്ചി എന്നെ അങ്ങൊട്ട് വിളിയ്ക്കും..അപ്പൊൾ 2 മാസവും അവിടെ തന്നെ. വിഷു തകർക്കുന്നത്, തകർത്തത് എത്രയും ആസ്വദിച്ചത് അവിടെ തന്നെ ആയിരുന്നു..ഇഷ്ടം പൊലെ കൂട്ടുകാർ. രാവിലെ ചോറ്റാനിക്കര അമ്പലത്തിൽ തൊഴാൻ പോകുമ്പൊൾ പരിചയക്കാരും ബന്ധുക്കളും എല്ലാവരും വിഷുകേട്ടം തരും...കൂട്ടി വച്ച് നൂറ് - ഇരുന്നൂറ് രൂപയ്ലെക്കെത്തിയ്ക്കുമ്പൊ ചേച്ചി എന്തെങ്കിലും ആവശ്യം പറഞ്ഞ് അതങ്ങ് വാങ്ങും..പിന്നെ വെക്കെഷൻ കഴിഞ്ഞ് വീട്ടിൽ ചെല്ലുമ്പൊ അമ്മ ചീത്തയും പറയും.ആരൊക്കെ തന്നാലും അഛൻ തരുന്ന അത്ര വില ഒന്നിനും തോന്നിയിട്ടില്ല..അഛൻ ഞാൻ എവിടെ ആണെങ്കിലും ആ പൈസ നേരത്തെ തന്നിരിക്കും...ഇപ്രാവശ്യം നാട്ടിൽ ചെന്നപ്പൊൾ അതിരാവിലെ എയർപ്പൊർട്ടിൽ പൊകാനുള്ള സൌകര്യത്തിനു ചെന്നൈക്കു പോരുവാനായി തലെന്നെ ചേച്ചിയുടെ വീട്ടിൽ തങ്ങി..രാത്രി 1 മണി തൊട്ട് ചേച്ചിയുടെ ഫോൺ അടിച്ച് കൊണ്ടെ ഇരുന്നു..കുറെ അടിച്ചപ്പൊൾ പുള്ളിക്കാരി എടുത്തു. അഛനായിരുന്നു...“നീ അവൾക്കൊരു നൂറ് രൂപ കൊടുക്കണം അവളിപ്രാവശ്യം വിഷുവിനു ഇവിടെ ഇല്ലല്ലൊ ഞാ‍ാൻ കൊടുക്കാൻ മറന്നു പോയീ..” എന്തോ ചേച്ചിയും അക്കാര്യം വിട്ടു പോയി..അഛന്റെ കയ്യിൽ നിന്നു എനിക്ക് കിട്ടാതെ പോയ ആദ്യത്തെ വിഷു കൈ നീട്ടം.......:( ഐശ്വര്യപൂർണ്ണവും സമ്പത്സമ്മൃദ്ധിയും നിറഞ്ഞ മനോഹരമായ ഒരു വിഷു ആശംസിക്കുന്നു...:))