kunjan radio

2014, ഒക്‌ടോബർ 29, ബുധനാഴ്‌ച

കുറിപ്പ്

കൈത്താങ്ങ്

അന്നു വൈകുന്നേരം ഞങ്ങൾ നടക്കാനിറങ്ങി..ആരംഭം മുതൽ നടത്തത്തിനൊടുവ് വരെ അവർ വാചാലയായിരുന്നു..ഞാൻ നിശ്ശബ്ധയായ കേൾവിക്കാരിയും ..മറ്റ് ചിലപ്പോൾ എനിക്കജ്ഞാതമായ സുന്ദരികളായ വഴിയോരപ്പൂക്കളെ നിരീക്ഷിക്കുകയും ആഴങ്ങളിൽ  ഒരു സന്തൊഷം അപ്പോളെന്നിൽ മുളച്ച് പൊന്തുകയും ചെയ്തിരുന്നെങ്കിലും ഞാൻ അവരിൽ അസ്വസ്ഥയായിരുന്നു..അവരുടെ ജീവിതാവസ്ഥകൾ എന്നിൽ സഹതാപമല്ല ഉണർത്തിയതെന്ന് വ്യക്തമായി എനിക്കറിയാമായിരുന്നു..ഒപ്പം അത് മാറ്റി കൊടുക്കാൻ കഴിവില്ലാത്തവളെന്നൊരു നിസ്സഹായത വല്ലാതെ എന്നെ ചുറ്റിപ്പടരുകയും ചെയ്തു..ഇടയ്ക്ക് വെച്ച്  ഒരു വീട്ടുമുറ്റത്ത് കാണപ്പെട്ട പ്രായമായ ഒരു ജാതിമരത്തിനോളം പോന്ന കറിവേപ്പില മരം എന്നിൽ അത്ഭുതം ഉണർത്തി...വളർന്ന് മൂപ്പെത്തിയെങ്കിലും കറികൾക്ക് വേണ്ടപ്പെട്ടവളും പാത്രങ്ങളിൽ നിന്നു പുറത്തിരിക്കാൻ യോഗമുള്ളവളും ആണെങ്കിലും  അതിൽ നിന്നും വന്നിരുന്ന ഗന്ധം എന്നിൽ ഒരു ഉന്മേഷം പടർത്തി.. പൊടുന്നനെ എന്നിൽ ഒളിച്ചിരുന്ന ആഹ്ളാദം  പുറത്തേക്ക് പ്രവഹിക്കുകയും ഞാൻ അവരെ ചേർത്ത് പിടിച്ച് നടക്കുകയും ചെയ്തു..ആ സമയത്ത് അവരുടെ മുഖത്ത് പട വെട്ടാൻ മാത്രം പോന്നൊരു ആ‍ത്മ ധൈര്യം ഉരുത്തിരിഞ്ഞ് വരുന്നത് കണ്ടിരുന്നു ..ജീവിതം സങ്കീർണ്ണവും,  ദുർഘടം പിടിച്ചതുമായ  ഒരു ഇടത്തിലൂടെ സഞ്ചരിക്കുമ്പോൾ തീർച്ചയായും എനിക്കുറപ്പുണ്ട് നിരീശ്വരവാദികൾ ഒരു വട്ടമെങ്കിലും ഈശ്വരനെ കുറിച്ച് ഓർത്തിരിക്കാമെന്നും , കഠിനമായ വിശ്വാസമുള്ളവർ ഒരു മാത്രയെങ്കിലും ഈശ്വരനെ മനപ്പൂർവ്വം മറന്നിരിക്കാമെന്നും...

2014, ഫെബ്രുവരി 24, തിങ്കളാഴ്‌ച

ആനന്ദം..

നിഗൂഡമായൊരാനന്ദമാണ് ഉള്ളിൽ തിളച്ച് മറിയുന്നത്
നിഷേധിക്കപ്പെട്ടവയിൽ നിന്നൊരു മോചനത്തിന്റെ
നിരാകരിക്കപ്പെട്ടവയിൽ നിന്നൊരു സ്വീകരിക്കപ്പെടലിന്റെ
മുഖം തിരിക്കലുകളിൽ നിന്നൊരു അഭിമുഖത്തിന്റെ....
തൊട്ടാൽ വഴുതപ്പെട്ടിരുന്ന യാഥാർത്ഥ്യങ്ങളേ...
ഇപ്പൊൾ നിങ്ങളെന്റെ ആജ്ഞകൾക്ക് വിധേയമാണ്..
എന്നോടൊപ്പം വരാൻ വിധിക്കപ്പെട്ടവയാണ്..
എനിക്ക് മുന്നെ നടക്കാൻ യോഗ്യതയില്ലാത്തവയുമാണ് !!
ഇപ്പൊൾ എല്ലാം കറങ്ങിത്തിരിഞ്ഞ്
എന്നിലേക്ക് തന്നെ എത്തിപ്പെടുന്നുണ്ട്...
എവിടെന്നില്ലാത്തൊരു ആത്മധൈര്യത്തിന്റെ
ഗന്ധം എനിക്ക് ശ്വസിക്കാനാകുന്നുണ്ട്..
വർണ്ണാന്ധത ബാധിച്ചിരുന്ന  സമയങ്ങളിൽ നിന്നു
പ്രതീക്ഷകളുടെ തിളക്കങ്ങളിലേക്ക് മാറിക്കഴിഞ്ഞിരിക്കുന്നു
കാൽക്കീഴിലെ മണ്ണിന്റെ ഉറപ്പ് അനുഭവപ്പെടുന്നു..
അതേ.പ്രപഞ്ചത്തിന്റെ ഭാഗമാണല്ലോ ഞാനും...
എനിക്കും എല്ലാം അവകാശപ്പെട്ടവയാണല്ലോ..
തിരസ്കരിച്ചവരിൽ നിന്നും ഒരുപാടകലെയാണ് ...
മൂടുപടങ്ങൾക്കുള്ളിലെ പരിഹാസങ്ങളിൽ നിന്നും ....
എന്നെ എനിക്ക് തിരിച്ചറിയാനാകുന്നുണ്ട്...
കൈ വിട്ട് പോയെന്നു കരുതിയതെല്ലാം 
ഇപ്പോൾ കൂട്ടിനുണ്ട്...
ഒടിഞ്ഞു വീണ വേലിക്കെട്ടുകൾ ചാടിക്കടന്ന്...
ഇനിയൊരു പടവെട്ടലിനു കാത്ത് നിൽക്കാതെ
ഞാൻ എന്നിലേക്ക് എത്തിച്ചേർന്നിരിക്കുന്നു.....
ഞാൻ ഇപ്പോൾ എന്റെ സ്വന്തമായിരിക്കുന്നു.....