kunjan radio

2013, ഒക്‌ടോബർ 9, ബുധനാഴ്‌ച

ഉണർവ്വ് ..

ഉണർവ്വിലേക്കുണരുക എന്ന് നീ..
ഉണർച്ചയിലേക്കുണർത്തി വിട്ട്
ഉയരത്തിലെത്തിയ എനിക്കിനിയെന്തുണർവ്വ്...!!
ഉറങ്ങിയാലല്ലേ ഉറക്കമുണരേണ്ടതുള്ളൂ...!
നിസ്സഹായതയിൽ നിന്നാണ് വന്യമായ കരുത്ത് നേടുന്നതെന്ന്
ആരോ ഭംഗിയായി എഴുതി...
നിസ്സഹായതയുടെ അടിത്തട്ടിൽ കാലുകൾ പൂഴ്ന്ന് പോയവർക്ക്
എവിടെ നിന്നാണ് കരുത്ത് കിട്ടുക ...?
ശില പോലുറച്ച് പോയ ചില മനസ്സുകളുണ്ട്..
നീരുറവയുണ്ടെന്ന് കൊതിപ്പിച്ച് ,
ദാഹത്തിന്റെ ഉന്നതിയിലേക്കെത്തിച്ച് ,
ജലകണിക പോലും തരാതെ നിന്നവർ..
അവരിൽ നിന്നും നീയേത് വഴിയിലൂടെയാണ്
എന്നിലേക്കെത്തിയത് ....?
നീ തീർത്തൊരാകർഷണവലയത്തിൽ
മരുപ്പച്ചയെന്നൊ മരീചികയെന്നൊ അറിയാതെ
ഉണർന്നിരിക്കുകയാണ് ഞാൻ...
ഉണർവ്വിലേക്കുണരാനല്ലേ നീ പറഞ്ഞത്....!!!

2013, ജൂൺ 24, തിങ്കളാഴ്‌ച

ഗുഡ് ഹോപ്പ്....

തകരില്ല തകരില്ലെന്നു പല വട്ടമോതീട്ടും
തകർന്നു പൊകുന്ന ഹൃദയ ഭിത്തികൾ...
ഉടഞ്ഞ് പോയ സ്മൃതികളിൽ വീണ്ടും
ഉഷസ്സ് വന്നൊന്നെത്തി നോക്കുമൊ..
ഇരുട്ട് കുത്തുന്ന മനസ്സിന്നറകളിൽ
ഇഴഞ്ഞ് നീങ്ങുന്ന ക്ഷുദ്രജീവികൾ
വിഷം വമിക്കുന്ന സ്നേഹവലകളിൽ
കുരുങ്ങി വീഴുവാനൊരുങ്ങി നിൽ‌പ്പവൾ...
ചതഞ്ഞരഞ്ഞൊരെൻ കിനാക്കളെ നെഞ്ചിൽ
ഇനിയും നിങ്ങൾക്കൊരങ്കത്തിനിടമുണ്ടൊ...
വിശുദ്ധ സുന്ദര മേഘങ്ങളിൽ നി-
-ന്നടർന്നു വീഴുന്ന തണുത്ത തുള്ളികൾ
പതിച്ചതെങ്ങ്  ...മറഞ്ഞതെങ്ങ് ....
ശുഭപ്രതീക്ഷകൾ നിലാവു പോലെ
ഇടയ്ക്ക് മങ്ങിയും , തെളിഞ്ഞ് കത്തിയും...
വിളക്കിലേറ്റുന്ന തിരികൾ പോലെ
വെളിച്ചമേകിയും , ഇരുട്ടിലാഴ്ത്തിയും...
തുറന്നു വയ്ക്കട്ടെ മനസ്സിൻ ജാലകം
തകർന്ന ഭിത്തികൾ പടുത്തുയർത്തട്ടെ ....




2013, ജനുവരി 19, ശനിയാഴ്‌ച

ചുട്ടെരിക്കപ്പെടുന്നവ

കനലടുപ്പെരിയുകയാണ്,
തിരിച്ചും മറിച്ചും ചിന്തകളെ ചുട്ടെടുത്ത്,
കരി പുരണ്ടവ,
വെണ്ണീറ് വാരി പുതച്ചവ.

ചിന്താക്ഷാമം വരുമ്പൊൾ
ഓർമ്മകളെ കണ്ണീരു പുരട്ടി ഉണക്കിയെടുത്ത്
സമാശ്വാസത്തിനായി വിശപ്പടക്കാം,
ഓർമ്മകൾ സംഭരിച്ച് വച്ച കലവറകള്‍
കാലിയാകുകയാണല്ലൊ അല്ലെങ്കിലും.

വരുംദിനങ്ങൾ പട്ടിണിയുടെതായിരിക്കും,
കയ്പ്പറിയാതെ മോന്തിയ വീഞ്ഞെല്ലാം
മധുരമെന്നാരാണ് പറഞ്ഞത്..!!!
ഇനി കയ്പ്പ് രുചിക്കാനും
വീഞ്ഞില്ലാതായിരിക്കുന്നു...

മരണത്തിന്റെ തണുപ്പ് തുടങ്ങിയിരിക്കുന്നു,
മരവിച്ച കൈകാലുകള്‍ക്ക്
സ്പർശനാനുഭൂതി വിട്ടൊഴിഞ്ഞിരിക്കുന്നു,
ഇവിടെയിനി അശാന്തിത്തിരികളാണ് കൊളുത്തുന്നത്.
വെപ്രാളത്തിന്റെ എണ്ണയൊഴിച്ചവയെ
ആളിക്കത്തിക്കാം.

മനസ്സിന്റെ കടിഞ്ഞാണിപ്പൊൾ
ആരാണ് നിയന്ത്രിക്കുന്നത് ?
ശേഷി നഷ്ടപ്പെടുമ്പോൾ
മറ്റൊരാള്‍ക്കതിന്റെ ചുമതല കൊടുത്തേ പറ്റു എന്ന്
ചിരിക്കണൊ കരയണൊ എന്നറിയാതെ
പാവമൊരു മനസ്സ്.

അഭയം അമ്പലങ്ങളൊ
പള്ളികളൊ ധ്യാനമോ...?
കനലടുപ്പിലിനി ഭാവിയെ ചുട്ട് തിന്നാം....!

2013, ജനുവരി 8, ചൊവ്വാഴ്ച

ഒരു സത്യം...

നിഴലായി,  നിലയില്ലാതലയുന്നൊരാത്മാവി-
-നകതാരിലൊരു  ചെറു നൊമ്പരക്കാറ്റ്......
വെറുതെ തഴുകുന്നു , മുറിവുകളിൽ ചെന്നിരുന്നൊരു-
ബോധമുണരാതുറക്കിടുന്നു....

അടിയറ വെച്ചവ...അണി ചേർന്ന് നിന്നവ...
അടി തെറ്റി വീണു പോയ് ഇവിടെയെങ്ങൊ...
ഇടയിലൊരു നിശ്വാസചൂടേറ്റ് വിശ്വാസ-
-മുരുകുന്നു ,  ഇറുകിയതെങ്കിൽ പോലും...


കരളു നീ കൊത്തിപ്പറന്നതിൻ  വേദന
കനിവുകൾ  തേടുമീ നെഞ്ചിലെ ചേതന...
ഇനിയെന്റെയുള്ളിലില്ലൊരു ഭാവരാഗവും...
ഇനിയെന്റെ വേദന പങ്കിടില്ലൊരു നാളും.......

മരണമേയല്ലെന്റെ ആശ്വാസ ബിന്ദു
വിധിയത് വിധി പോലെയിതു വഴി വന്നിടും...
സുഖ ദു:ഖ സമ്മിശ്രമെങ്കിലും ജീവിതം
മതി വരില്ലൊരുനാളു, മത് നിത്യ സത്യം...