kunjan radio

2013, ജനുവരി 19, ശനിയാഴ്‌ച

ചുട്ടെരിക്കപ്പെടുന്നവ

കനലടുപ്പെരിയുകയാണ്,
തിരിച്ചും മറിച്ചും ചിന്തകളെ ചുട്ടെടുത്ത്,
കരി പുരണ്ടവ,
വെണ്ണീറ് വാരി പുതച്ചവ.

ചിന്താക്ഷാമം വരുമ്പൊൾ
ഓർമ്മകളെ കണ്ണീരു പുരട്ടി ഉണക്കിയെടുത്ത്
സമാശ്വാസത്തിനായി വിശപ്പടക്കാം,
ഓർമ്മകൾ സംഭരിച്ച് വച്ച കലവറകള്‍
കാലിയാകുകയാണല്ലൊ അല്ലെങ്കിലും.

വരുംദിനങ്ങൾ പട്ടിണിയുടെതായിരിക്കും,
കയ്പ്പറിയാതെ മോന്തിയ വീഞ്ഞെല്ലാം
മധുരമെന്നാരാണ് പറഞ്ഞത്..!!!
ഇനി കയ്പ്പ് രുചിക്കാനും
വീഞ്ഞില്ലാതായിരിക്കുന്നു...

മരണത്തിന്റെ തണുപ്പ് തുടങ്ങിയിരിക്കുന്നു,
മരവിച്ച കൈകാലുകള്‍ക്ക്
സ്പർശനാനുഭൂതി വിട്ടൊഴിഞ്ഞിരിക്കുന്നു,
ഇവിടെയിനി അശാന്തിത്തിരികളാണ് കൊളുത്തുന്നത്.
വെപ്രാളത്തിന്റെ എണ്ണയൊഴിച്ചവയെ
ആളിക്കത്തിക്കാം.

മനസ്സിന്റെ കടിഞ്ഞാണിപ്പൊൾ
ആരാണ് നിയന്ത്രിക്കുന്നത് ?
ശേഷി നഷ്ടപ്പെടുമ്പോൾ
മറ്റൊരാള്‍ക്കതിന്റെ ചുമതല കൊടുത്തേ പറ്റു എന്ന്
ചിരിക്കണൊ കരയണൊ എന്നറിയാതെ
പാവമൊരു മനസ്സ്.

അഭയം അമ്പലങ്ങളൊ
പള്ളികളൊ ധ്യാനമോ...?
കനലടുപ്പിലിനി ഭാവിയെ ചുട്ട് തിന്നാം....!

2013, ജനുവരി 8, ചൊവ്വാഴ്ച

ഒരു സത്യം...

നിഴലായി,  നിലയില്ലാതലയുന്നൊരാത്മാവി-
-നകതാരിലൊരു  ചെറു നൊമ്പരക്കാറ്റ്......
വെറുതെ തഴുകുന്നു , മുറിവുകളിൽ ചെന്നിരുന്നൊരു-
ബോധമുണരാതുറക്കിടുന്നു....

അടിയറ വെച്ചവ...അണി ചേർന്ന് നിന്നവ...
അടി തെറ്റി വീണു പോയ് ഇവിടെയെങ്ങൊ...
ഇടയിലൊരു നിശ്വാസചൂടേറ്റ് വിശ്വാസ-
-മുരുകുന്നു ,  ഇറുകിയതെങ്കിൽ പോലും...


കരളു നീ കൊത്തിപ്പറന്നതിൻ  വേദന
കനിവുകൾ  തേടുമീ നെഞ്ചിലെ ചേതന...
ഇനിയെന്റെയുള്ളിലില്ലൊരു ഭാവരാഗവും...
ഇനിയെന്റെ വേദന പങ്കിടില്ലൊരു നാളും.......

മരണമേയല്ലെന്റെ ആശ്വാസ ബിന്ദു
വിധിയത് വിധി പോലെയിതു വഴി വന്നിടും...
സുഖ ദു:ഖ സമ്മിശ്രമെങ്കിലും ജീവിതം
മതി വരില്ലൊരുനാളു, മത് നിത്യ സത്യം...