kunjan radio

2011, ജൂലൈ 20, ബുധനാഴ്‌ച

തീർത്ഥാടനം..( രണ്ടാം ഭാഗം..)


പിറ്റേന്ന് അഞ്ചരക്കു റൂം കാലിയാക്കി മാറാപ്പും എടുത്ത് ഈ ഹോട്ടെലിനോട് ബൈ ബൈ പറഞ്ഞു.പോകുന്ന വഴിക്ക് റിസപ്ഷനിലെ ആളേ രൂക്ഷമായി ഒന്നു നോക്കാനും ഞാൻ മടിച്ചില്ല...അയാളുടേ ഭാഗ്യത്തിനു അത് കണ്ടില്ല...:) 2000 രൂപയാണ് ഒരു ദിവസത്തെക്കു..അത് തിരക്കു സമയമാണെങ്കിൽ 4000 ഒക്കെ ആവുമെന്നാ തോന്നിയത്.ഒരു ഡബിൾ റൂം 4 കിടക്ക...എന്നിട്ടോ ഒരു സേവനവുമില്ല...!! ഇനി പോകുന്ന ഹൊട്ടെൽ 1500 രൂപ . ഡബിൾ റൂം കിട്ടി 3 star സൌകര്യങ്ങൾ... പക്ഷെ ഇന്നു വൈകുന്നെരം ഞങ്ങൾ പോകും. മധുര റൂട്ടിൽ ആണു ഈ ഹോട്ടെൽ ക്യൂൻ പാലസ്. ക്ഷേത്രത്തിനു കുറച്ചകലെ ആയതു കൊണ്ടാകും റെന്റ് കുറഞ്ഞത്...എന്തോ ആവട്ടെ...ഞങ്ങൾ കുളിച്ച് ഫുഡ്ഡെല്ലാം കഴിച്ചു , ഇനി എന്ത് വേണം എന്നു ഗഹനമായി ചിന്തിച്ചു.ഒരു കാര്യം ഈ ഹോട്ടെലിലെ ഭക്ഷണവും സെർവീസും മികച്ചതാണ്. തലേന്നു ഊൺ കഴിച്ചതും ഇവിടെന്നു തന്നെ ആയിരുന്നു.

രാമേശ്വരത്ത് സൈറ്റ് സീയിങ്ങ് ഇഷ്ടം പോലെ ഉണ്ട്. ചുറ്റും കടൽ. 65 കിലോമീറ്റർ ചുറ്റളവിൽ ഉള്ള സ്ഥലം. രാമായണവുമായി ബന്ധപ്പെട്ട സ്ഥലമായതിനാൽ എല്ലാം പ്രാധാന്യം ഉള്ളവ..ചുമ്മാ റോഡിലൂടേ പോകുന്നവരും ‘ സെർ..സെർ സൈറ്റ് സീയിങ്ങ് ഉണ്ട്..കൊണ്ടുപോകാൻ വണ്ടി വേണോ എന്നു ചോദിച്ച് വരും. ഓട്ടൊക്കാരും ജീപ്പുകാരും..ധാരാളം ഉണ്ട് ഇങ്ങനെ കൊണ്ട് പോകാൻ. അതും പലർക്കും പല റേറ്റ് ആണ്. സോ ശ്രദ്ധിച്ചില്ലെങ്കിൽ കീശ കാ‍ലിയാകും.ഞങ്ങൾ റിസപ്ഷനിൽ ചെന്നു അന്വേഷിച്ച് അവരുമായി കണക്ഷൻ ഉള്ള ട്രാവല് ഏജൻസിയിൽ നിന്നു ഒരു കാർ ഏർപ്പാടാക്കി. 9 മണിക്കു വണ്ടി വന്നു..നേരെ ഏജൻസിക്കാരുടെ അടുത്തു പോയി റേറ്റിന്റെ കാര്യമൊക്കെ അന്വെഷിച്ചു.അതിന്റെ ഉടമസ്ഥൻ , ഒരു ദിവസം അതായത് 12 മണിക്കൂർ നേരതേക്ക് 2300 രൂപ, അതും അവിടെ ഉള്ള എല്ലാ കാഴ്ചകളും കാണിക്കുമെന്നും രാത്രി റെയിൽ വേ സ്റ്റേഷനിൽ 7 മണിക്കു എത്തിക്കുന്നത് വരെ , പറഞ്ഞു. ഭർത്താവ് കുറെ തർക്കിച്ചു. 9 മണിക്കു എടുക്കുന്ന വണ്ടി രാത്രി 9 മണി വരെ വേണ്ടെന്നും 7 മണി വരെ മതിയെന്നും. ഒടുവിൽ 1700 രൂപയ്ക്കു 9 മണി തൊട്ട് 7 മണി വരെ സമ്മതിച്ചു.കടുത്ത വെയിൽ ..കാറ് തന്നെയെ ശരണമുള്ളൂ...ഓട്ടൊ. ജീപ്പു യാത്ര ഒക്കെ പൊള്ളി പോകും...ചൂട് കൊണ്ട്..!!

നല്ല ഡ്രൈവർ. ചെറുപ്പം പയ്യൻ.അക്കാന്നും തമ്പീന്നും വിളിച്ച് ഞങ്ങളു കൂട്ടായി. അവൻ പാട്ടുകാരനാണ്..സ്റ്റീരിയൊ വച്ചാൽ ഡപ്പാംകൂത്ത് പാട്ടിന്റൊപ്പം അവന്റെ വകയും.എനിക്കത് ഇഷ്ടമായില്ല...നല്ല ഇളയരാജ റൊമാന്റിക് സോങ്ങ് വക്കാൻ പറഞ്ഞത് കുഴപ്പായി...ഒരു പാട്ടും രണ്ട് വരിയിൽ കൂടുതൽ വക്കാതെ അന്നു മുഴുവൻ അവൻ മാറ്റി മാറ്റി കളിച്ച് കൊണ്ടിരുന്നു.ഇവന്റെ വേറെ ഒരു മുഖവും കണ്ടു...:)

ആദ്യം പോയത് അഞ്ചു പത്ത് കിലൊമീറ്റർ അകലെയുള്ള പാമ്പൻ പാലം കാണാൻ ആയിരുന്നു. രണ്ടര കിലൊമീറ്റർ ഉള്ള ഈ പാലം കരയെ രാമേശ്വരവുമായി ബന്ധിപ്പിക്കുന്ന ഒന്നാണ്. ഇന്ദിരാഗാന്ധി ബ്രിഡ്ജിൽ നിന്നുള്ള ഈ കാഴ്ച അതിവ സുന്ദരമാണ്. ഇന്ദിരാഗാന്ധി ആയിരിക്കും പാലം നിർമ്മിക്കാൻ മുൻ കയ്യെടുത്തത് അതു കൊണ്ടായിരിക്കും ഈ പേർ എന്ന് സ്വയം വിശ്വസിച്ചു. ഇതിനു തൊട്ട് അരികെ ആണ് പാമ്പൻ പാലം മീറ്റർ ഗേജ്ജ് റെയിൽ‌പ്പാ‍ാളം. കപ്പൽ വരുമ്പോൾ അതിന്റെ നടുവിൽ ഉള്ള ലിഫ്റ്റ് ഇരു ഭാഗത്തെക്കുമായി ഉയർന്നു പൊങ്ങി വഴി മാറി കൊടുക്കും..ഒരു കാര്യം, വാഹനങ്ങൾ പോകുന്ന പാലത്തിനെയും പാമ്പൻ പാലം എന്നു വിളിക്കുന്നത് കേൾക്കാറുണ്ട്.പരസ്യങ്ങളിൽ പറയുന്ന പാലം അതാണ്. ശരിക്കും പാമ്പൻ പാലം ഈ റെയിൽ ആണ്...എന്തായാലും ഞാൻ ആദ്യം കണ്ട പാമ്പൻ പാലം ഇന്ദിരാഗാന്ധി പാലമായിരുന്നു. അതിൽ നിന്നു താഴെക്കു നോക്കിയാൽ അഗാധ സമുദ്രം..ചെറിയ ഓളങ്ങൾ..നീല നിറം...ചുറ്റും കണ്ണോടിച്ചാൽ പരന്നു കിടക്കുന്ന സമുദ്രം...അവർണ്ണനീയം...മത്സ്യബന്ധന ബോട്ടുകൾ. അങ്ങകലെ നങ്കൂരമിട്ടു കിടക്കുന്ന കപ്പലുകൾ..!! രാമേശ്വരത്തിന്റെ നല്ല ഒരു വ്യൂ കിട്ടും .കുറച്ചധികം ആ കാഴ്ച്ചകൾ കണ്ട് നിന്നു...ഭയങ്കര വെയിൽ തിരിച്ച് പോകാൻ നിർബന്ധിച്ചു. തിരിച്ച് വരുമ്പോൾ ആദ്യം പോയത് വിവേകാനന്ദ സ്മാരക മന്ദിരത്തിൽ ആയിരുന്നു. പ്രധാന റോഡിൽ നിന്നും നാലഞ്ച് കിലോമീറ്റർ ഉള്ളിൽ പോകണം. ചാവക്കാട് കടപ്പുറത്തോ തളിക്കുളം കടാപ്പുറത്തോ പോകുന്ന പ്രതീതി. അത്ര ജനവാസം ഒന്നുമില്ല...നിറയെ തെങ്ങിൻ തോപ്പുകൾ.കരിക്കിനു വേണ്ടി മാത്രമുള്ളവ..!! തെങ്ങിനു നാണാവും ഇവയെ കണ്ടാൽ..ഉള്ള മൂന്നു നാലു വീടുകൾ ഓല മേഞ്ഞവ. കടല്ക്കരയൊട് ചേർന്നു കിടക്കുന്ന ഈ സ്മാരക മന്ദിരത്തിന്റെ പിന്നിൽ കടൽത്തിണ്ണയിൽ ആഞ്ഞടിക്കുന്ന അത്ര വലുതല്ലാത്ത തിരകൾ... അതി മനൊഹരമായ കാഴ്ച!! സ്മാരകത്തിനുള്ളിൽ ധ്യാനകേന്ദ്രവും , ചെറിയ ഒരു ഗാലറിയുമുണ്ട്. എല്ലാം വിവേകാനന്ദ സംബന്ധികൾ.ഒക്കെ ഒന്നു കണ്ട് പിന്നിലെ തിണ്ണയിൽ പോയിരുന്നു..തിരകളെയും കണ്ട്. അന്നു അവിടെ ധാരാളം ആർമ്മിക്കാർ പരിശീലനത്തിനെത്തിയിരുന്നു ..കടലിൽ. അവർ ഇതിന്റെ ഉള്ളിൽ കയറി കാണുന്നുണ്ടായിരുന്നു.

അവിടെ നിന്നു നേരെ പോയത് വില്ലൂന്റ്രി തീർത്ഥം.സീതയെ രാമൻ ലങ്കയിൽ നിന്നും രക്ഷിച്ച് കൊണ്ട് വരുമ്പോൾ സീതക്കു ദാഹം തോന്നിയ സമയത്ത് രാമൻ വില്ലു കുലച്ച് ഒരു കിണർ ഉണ്ടാക്കി. സമുദ്രത്തിൽ ഉള്ള ഈ കിണർ അൽഭുതം തന്നെ. ആ‍ കിണറിനടുത്തേക്കു ഒരു പാലം പണി കഴിഞ്ഞു വരുന്നു..അത്ര ആഴമില്ലാത്ത ആ ഭാഗത്തേക്കു , കടൽ നല്ല സ്വഭാവത്തിൽ ആണെങ്കിൽ , പണിതു കൊണ്ടിരിക്കുന്ന പാലത്തിനു കീഴെ കൂടി മുട്ട് കൊടുത്തിരിക്കുന്ന മുളംകമ്പുകൾക്കിടയില്ലൂടെ ശ്രമിച്ചു നടന്നു പോകാം..ഒരു ഗുജറാത്തി ഫാമിലി പണിപ്പെട്ട് നടന്നു പോയി മുകളിൽ കയറി കുറച്ച് വെള്ളം കോരിയെടുത്തു. ഞാൻ പോകാ‍ൻ തീർച്ചയാക്കി..ഭർത്താവ് വിലക്കി..എനിക്കത് കാണണമെന്നു വാശി. ഞാനങ്ങ് പോകുന്ന കണ്ടപ്പോൾ ഒരു മുക്കുവൻ അകെലെ നിന്നു വിലക്കി. അങ്ങോട്ട് പോകാൻ പറ്റില്ല എന്നു...ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല...ഞാനും ചേച്ചിയും അതിനടുത്തെക്കു പോയി..പിന്നാലെ രാമനും വന്നു..ഗുജറാത്തി ഞങ്ങൾക്കു ആ വെള്ളം കുറച്ച് കുടിക്കാൻ തന്നു..ഒരു ഉപ്പു രസവുമില്ലാത്ത തെളിഞ്ഞ വെള്ളം..!!!! പിന്നെ അവിടെ നിന്നു മടങ്ങി. രാമതീർഥം , സീതാതീർഥം , ലക്ഷ്മണ തീർത്ഥം ഒക്കെ കയറി കണ്ടു..രാവണനെ കൊന്ന ദോഷം മാറാൻ ഇവരെല്ലാം മുങ്ങിക്കുളിച്ച കുളങ്ങൾ എന്നു പറയപ്പെടുന്നു....പലരും പല കഥയാണ് പറയുന്നത്...!!!! അവരവരുടെ സൌകര്യത്തിനു വിശ്വസിക്കുക...രാമതീർഥത്തിൽ, രാമവിഗ്രഹത്തിനൊപ്പം ,കടൽചിറ കെട്ടാനെടുത്ത കല്ലുകൾ പ്രദർശിപ്പിക്കുന്നുണ്ട്. ക്വാർട്ട്സ് എന്ന് അറിയപ്പെടുന്ന ഈ കല്ലുകൾ കണ്ടാൽ വലിയ തേനീച്ച കൂടാണെന്നേ ആദ്യം തൊന്നൂ...100 ഉം 120 ഉം കിലോയുള്ള ഇവ വെള്ളത്തിൽ പൊങ്ങി കിടക്കുന്നത് അൽഭുതം തെന്നെ...വായു അറകൾ ഉള്ളതു കൊണ്ടാണ് എന്നു ഭർത്താവ് പറഞ്ഞു തന്നു
പിന്നീട് പോയത് ഗന്ധമാദന പർവ്വതത്തിന്റെ അടുത്തേക്കു..ഇതിന്റെ മുകളിൽ നിന്നു രാമനൊ , ഹനുമാനോ രാമേശ്വരം വീക്ഷിച്ചിരുന്നു എന്നു പറയപ്പെടുന്നു...അവിടെ ശ്രീരാമന്റേതെന്നു പറയപ്പെടുന്ന ശിലയിൽ പതിഞ്ഞ കാൽ‌പ്പാടുകൾ പൂജിച്ചു വരുന്നുണ്ട്.അവിടെ പല ഭാഷ സംസാരിക്കുന്ന ഒരു പൂജാരിയുമുണ്ട്..കാൽ‌പ്പാദം കണ്ടിട്ട് എനിക്കു തോന്നിയത് രാമൻ അത്ര വലിയ ആൾ അല്ലെന്നാണ്..10 ഓ 12 ഓ വയസ്സുള്ള ഒരു ആൺകുട്ടിയുടെ പോലെ തോന്നി.!! എന്തായാലും പ്രശാന്ത സുന്ദരമായ അവിടെ കുറച്ചു നേരം നിന്നാൽ മനസ്സ് ഫ്രീയാകും തീർച്ച !!! . ഞങ്ങൾ കുറെ നേരം അവിടേ ഇരുന്നു.കുറെ ഫോട്ടൊയുമെടുത്തു. രാമേശ്വരം മുഴുവൻ അവിടെ നീന്നാൽ കാണാം . നയനാന്ദകരമായ കാഴ്ച...!! താഴെ ഇറങ്ങുമ്പോൾ തമിഴത്തി സ്ത്രീകൾ മാങ്ങ നെല്ലിക്ക എന്നിവ വിൽക്കുന്നതിനോടൊപ്പം സീരിയൽ കഥ പറഞ്ഞ് ചിരിക്കുന്നുണ്ട്. മാങ്ങ വാങ്ങി കഴിച്ചു..കരിമ്പ് ജൂസും കരിക്കും വാങ്ങി കഴിച്ചു...:)) അവിടെ നിന്നു നേരെ പോയത് ഇന്ത്യയുടെ രാഷ്ട്രപതി ആയിരുന്ന ഡോക്ടർ എ . പി. ജെ അബ്ദുൾ കലാമിന്റെ വീട് കാണാൻ.അദ്ദേഹം ജനിച്ച് വളർന്ന വീട്..അവിടെ ഇപ്പോൾ അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ ആണ് താമസിക്കുന്നത്..കൂറ്റൻ ഗേറ്റ് കൊണ്ട് ഭദ്രമാണ് ആ വീട്..തൊട്ടടുത്തു തന്നെ ആ വീട്ടുകാർ ഒരു ചെറിയ ഷോപ്പിങ് സെന്റർ നടത്തുന്നുണ്ട്. ശംഖും ചിപ്പിയും കൊണ്ടുള്ള മാലകൾ . വളകൾ. മറ്റ് കരകൌശല സാമഗ്രികൾ, സ്നാക്സ്, വെള്ളം...തുടങ്ങിയവ . പിന്നെ ഞങ്ങൾ താമസിക്കുന്ന ഹോട്ടെലിൽ പോയി ഊണു കഴിച്ചു.കുറച്ച് വിശ്രമിച്ചു.

കാർ മൂന്നു മണിക്കു വീണ്ടും വന്നു..ഇന്നലെ വൈകുന്നെരം നിന്ന രാമേശ്വരത്തെ അതെ ബീച്ചിൽ ബോട്ട്സെർവീസ് ഉണ്ട്. മാക്സിമം നൂറ് പേരെ കയറ്റാം അതിൽ. ഒരു കടൽ യാത്ര. 45 മിനുട്ട്.ഭയങ്കര മോഹം എനിക്ക് . പോകാൻ അമ്മയും ചേച്ചിയും സമ്മതിക്കുന്നില്ല..ഒരു വിധം സമ്മതിപ്പിച്ച് കയറ്റി.അമ്മക്കു പേടി കാരണം മിണ്ടാൻ വയ്യ..!! ഇളകുന്ന തിരകളോടൊപ്പം ചാഞ്ഞും , തുള്ളിക്കളിച്ചും ഒരു യാത്ര..അമ്മയുടെ പേടിയൊക്കെ മാറി ...അസ്വദിക്കാൻ തുടങ്ങി.ആകെ 30 പേരെ ഉള്ളൂ..എല്ലാരും ലൈഫ് ജാക്കറ്റൊക്കെ ഇട്ടിട്ടുണ്ട്..കുറെ കുരുത്തം കെട്ട പിള്ളേർ ബോട്ടിനുള്ളിൽ ഓടിക്കളിക്കുന്നു..ചീത്ത കേട്ടപ്പോൾ ഒക്കെ മിണ്ടാതെയിരുന്നു...അടുത്തു കൂടെ നേവിയുടെ ഒരു ബോട്ട് റോന്ത് ചുറ്റുന്നു...അവസാനം വന്നയിടത്ത് തന്നെ ഇറങ്ങി..ഒന്നുകൂടെ എന്നൊരു മോഹം അമ്മക്കു...:)) ഞങ്ങളുടെ കാഴ്ച്ചകൾ ഇവിടെ തീർന്നു..മണി നാലരയാകുന്നു..തിരിച്ച് ഞങ്ങളെ ഹോട്ടെലിൽ കൊണ്ട് വിട്ടിട്ട് രാത്രി ഏഴു മണിക്ക് സ്റ്റേഷനിൽ കൊണ്ട് വിടാൻ വരാമെന്നു പറഞ്ഞ പയ്യന്റെ ഭാവം മാറിയത് പെട്ടെന്നായിരുന്നു.അവനു 2500 രൂപ വേണം അവന്റെ ഇന്നത്തെ ദിവസം മുഴുവൻ വേസ്റ്റായി എന്നു..!! ‘ ഇതല്ലെ തന്റെ ജോലി‘ എന്നു ഭർത്തവ്..പറഞ്ഞതിൽ ഒറ്റ പൈസ കൂടുതൽ തരില്ല എന്നു അങ്ങേരു..അവനു കിട്ടിയെ മതിയാകൂ..ഭർത്താവ് ഏജൻസിക്കു ഫോൺ ചെയ്തു..അത് അവനു ഇഷ്ടപ്പെട്ടില്ല..തുടർന്നങ്ങോട്ട് ഭയങ്കര വഴക്ക്..റോക്കെറ്റിന്റെ വേഗത്തിൽ അവൻ കാറ് ഹൊട്ടെലിലെക്കു എത്തിച്ചു...പിന്നെ അവിടെ ഇറങ്ങി നിന്നായി വഴക്ക്. ഏജൻസിക്കാർ, അങ്ങേരോട് പറഞ്ഞ പൈസ കൊടുത്താൽ മതീയെന്നു പറഞ്ഞിരുന്നു..ഇവനു ഈ പൈസ കിട്ടിയെ മതിയാകൂ...‘ നിങ്ങൾ എന്തിനാ അങ്ങൊട്ട് വിളിച്ച്ത് എന്റെ പണി പോകും ‘ എന്നൊക്കെ പറഞ്ഞായി പിന്നീട് വഴക്ക്..ഇദ്ദേഹം ഒരു പൊടിക്ക് വിട്ട് കൊടുത്തില്ല..അവസാനം അവൻ ‘എനിക്കു നിങ്ങടെ ഒറ്റ പൈസ വേണ്ട എന്നും പറഞ്ഞ് കാറിൽ കയറി വലിച്ചടച്ചു. രാവിലെ 500 രൂപ അഡ്വാൻസ് കൊടുത്തിരുന്നു...ബാക്കി 1200 രൂപയും കൊണ്ട് ഞാൻ ഓടിച്ചെന്നു അവനെ സമാധാനിപ്പിച്ചു.അവന്റെ പുറത്തൊക്കെ തട്ടി ‘ തമ്പീ കോപപ്പെടാതെ..കൂൾ കൂൾ.‘എന്നൊക്കെ പറഞ്ഞു.എന്ത് കൂൾ...!! പൈസ അവൻ വാങ്ങിയില്ല..ബലമായി കയ്യിൽ വച്ച് കൊടുത്തു..അതവൻ സീറ്റിലേക്ക് ഒറ്റ ഏറ് !! ഞാൻ പറഞ്ഞു...പൈസയോട് കളിക്കല്ലെ തമ്പീ ഇങ്ങ്നെ ചെയ്യാൻ പാടില്ല എന്നു...ആരു കേൾക്കുന്നു..!! അവൻ കാറ് ഒന്നു ഇരപ്പിച്ച് ഒറ്റ പോക്ക് !!!! പോകുന്ന പോക്കിൽ അവൻ ഇടക്കിടെ പകയൊടേ നോക്കുന്നുണ്ടാരുന്നു..എനിക്കു പേടി. ഇവൻ ഇനി വല്ല ഗുണ്ടകളെയും കൊണ്ട് വന്നു തല്ലിപ്പിക്കുമൊ എന്നു..!!

ഭർത്താവ് ആകെ അസ്വസ്ഥനായിരുന്നു. സാധാരണ അദ്ദേഹം ആരുമാ‍യും ഒരു വഴക്കിനും പോകില്ല..അനാവശ്യ വാഗ്വാദങ്ങൾക്കും. .ഇന്നത്തെ സംഭവം വല്ലാതെയാക്കി.റിസപ്ഷനിൽ ചെന്നു പറഞ്ഞു.അവർക്കും ഇവന്റെ കളി ഇഷ്ടമായില്ല..അവരും ട്രാവെൽ ഏജൻസിക്കു ഫോൺ ചെയ്തു.അവരും പറഞ്ഞു രാവിലെ പറഞ്ഞ അതെ പൈസ കൊടുത്താൽ മതി..ഒറ്റ പൈസ കൂടുതൽ കൊടുക്കണ്ട എന്നു..വൈകുന്നെരം പിക് അപ് ചെയ്യാൻ 7 മണിക്കു കാർ വിടാം എന്നു പറഞ്ഞു. അതു കൂടെ ഉൾപ്പെടുത്തിയാണല്ലോ 1700... അങ്ങേരു ഞങ്ങളോട് റൂമിലെക്കു പൊക്കോളാൻ പറഞ്ഞ് ലോബിയിൽ ചെന്നിരുന്നു..റിലാക്സ് ആവാൻ...ഞങ്ങൾ സാധനങ്ങളൊക്കെ പായ്ക് ചെയ്യാൻ വേണ്ടി റൂമിലെക്കു പോകാൻ ലിഫ്റ്റിൽ കയറി...ഒന്നാം നിലയിൽ ആണ്.പക്ഷെ അമ്മക്കു ഗോവണിപ്പടി കേറാൻ വയ്യ..എല്ലാരും മൂഡ് ഔട്ട് ആയിരുന്നു..ആ ചെക്കൻ കാരണം.!! .ലിഫ്റ്റ് ഒരു ഇരുമ്പ് റൂം ആയിരുന്നു..ഒന്നും പുറത്തെക്കൊ അകത്തെക്കൊ, കാണാനൊ കേൾക്കാനോ കഴിയില്ല...കനത്ത നിശബ്ദത.ഇരുഭാഗത്തു നിന്നും വന്നടയുന്ന കനത്ത വാതിൽ..ഒരു ചെറിയ ഫാൻ മുകളിൽ കറങ്ങുന്നുണ്ട് . ഞാൻ ഒന്നിൽ അമർത്തി..ലിഫ്റ്റ് പോകുന്നത് അറിയില്ല...5 മിനുറ്റ് കഴിഞ്ഞു ..വാതിൽ തുറക്കുന്നില്ല...വീണ്ടും അമർത്തി..അപ്പൊഴും ഇല്ല...2 അമർത്തി...ഇല്ല..ഗ്രൌണ്ട് ഫ്ലോർ ബട്ടൺ അമർത്തി . എങ്ങൊട്ടായാലും കുറച്ചു കഴിഞ്ഞാൽ വാതിൽ തുറക്കേണ്ടതല്ലെ...!!! എന്റെ ചേച്ചി ഭയം കൊണ്ട് ആകെ വിയർത്തു...പുള്ളിക്കാരി സ്വതെ ടെൻഷൻ കാരിയാണ്..ഞാൻ മൊബൈൽ എടുത്തു..നോ റേഞ്ച്..!! റേയ്ഞ്ച് കിട്ടാൻ മാനുവലിൽ കയറി സെർച്ച് ചെയ്തു..ഇല്ല..ഒട്ടും ഇല്ല..ലിഫ്റ്റ് പോകുന്നുണ്ടോ ഇല്ലയൊ എന്നൊന്നും അറിയുന്നില്ല...തുറക്കാനെ പറ്റുന്നില്ല...ആ ബട്ടൺ അമർത്തിയിട്ടും...!!! ചേച്ചി ഇപ്പോൾ ബോധം കെട്ട് വീഴും എന്ന അവസ്ഥയിൽ എത്തി...അതു കണ്ട് എങ്ങെനെയെങ്കിലും ചേച്ചിയെ പുറത്തെത്തിച്ചാൽ മതിയെന്ന വിചാരമാണ് എനിക്കുണ്ടായത്..സമാധാനിപ്പിച്ചിട്ടും ആരു കേൾക്കുന്നു...പതുക്കെ എനിക്കും ഭയം വന്നു തുടങ്ങി...ലിഫ്റ്റിൽ കുടുങ്ങി എന്നൊക്കെ കേട്ടിട്ടെ ഉള്ളൂ...!!! അമ്മ പാവം.നല്ല ധൈര്യം...!! ഞാ‍ൻ അറ്റ കൈക്ക് അലാറം അടിച്ചു..രണ്ട് പ്രാവശ്യം അടിച്ചിട്ടും ഒരു പ്രതികരണവുമില്ല...പിന്നെ കയ്യെടുക്കാൻ പോയില്ല...ആംബുലൻസിന്റെ ശബ്ദം പോലെ അത് അടിച്ചു കൊണ്ടേയിരുന്നു....കുറെ വാതിലിൽ ഇടിച്ചു ശബ്ദമുണ്ടാക്കി...ഒന്നു രണ്ട് മിനുറ്റ് കഴിഞ്ഞപ്പോൾ വാതിൽ പുറത്തു നിന്നു തുറന്നു...ഒരു ജനസമുദ്രം പുറത്ത്...:))))) സകല ആളുകളും ഓടിയെത്തി...വല്ലഭനെ മാത്രം കാണുന്നില്ല...!! ഉണ്ടായ സംഭവം ഒക്കെ പറഞ്ഞു..പുറത്തെക്ക് വന്നപ്പൊഴാണു മനസിലായത് ഞങ്ങൾ നിന്നിടത്തു നിന്നും മുകളിലേക്കും താഴേക്കും പോയിട്ടില്ല എന്നു..!!! എന്തോ തകരാറ് ഉണ്ടാരുന്നു...അതാണ് വർക്ക് ചെയ്യാഞ്ഞത്...എല്ലവരുടെയും ശ്വാസം നേരെ വീണു.....ഭർത്താവിനെ അന്വേഷിച്ച് ലോബിയിലെക്കു ചെന്നപ്പോൾ അദ്ദേഹം കൂളായിരുന്നു, കൂൾ വാട്ടർ കുപ്പിയോടെ വായിലെക്കു ചെരിക്കുന്ന മനോഹരമായ കാഴ്ച..!!! ഇതൊന്നും പുള്ളിയെ ബാധിച്ചിട്ടെയില്ല..അലാം ശബ്ദം കേട്ടു , ഞങ്ങളാണ് അതിൽ ഉള്ളതെന്നു പുള്ളി വിചാരിച്ചിട്ടില്ല....വഴക്കു അയവിറക്കി ഇരിക്കുകയായിരുന്നു....ശബ്ദം കേട്ടിട്ട് വരാഞ്ഞതിനു , അങ്ങാടിയിൽ തോറ്റതിനു അമ്മയോട് എന്നു പറഞ്ഞ പോലെ ഞാൻ അങ്ങെരോട് ചൂടായി...:)) അതൊക്കെ മാറി...റൂമിൽ പോയി എല്ലാം പാ‍യ്ക്കപ്പ് ചെയ്യുമ്പോ വീണ്ടും ഒരു ആംബുലൻസ് ശബ്ദം...വേറെ ആരോ ഇതുപോലെ ലിഫ്റ്റിൽ കുടുങ്ങീതാണ്...ഭർത്താവ് വേഗം പോയി നോക്കി വന്നു...:))))))))) സമയം ഏഴായി..അത്താഴം കഴിക്കാൻ മൂഡില്ല...എല്ലാം ആ വഴക്കിലും ലിഫ്റ്റിലും പോയി...ഏഴര ആയിട്ടും കാറ് കാണുന്നില്ല...8 മണിക്കാണ് ചെന്നൈ എക്സ്പ്രെസ്സ്..ഫോൺ വിളിച്ചപ്പോൾ സ്വിറ്റ്ച്ഡ് ഓഫ്....അവർ ഞങ്ങളെ മനോഹരമായി പറ്റിച്ചു. വണ്ടി മിസ്സാകാൻ വേണ്ടി...!!! റിസപ്ഷനിൽ നിന്നും ഒരാൾ പോയി വേഗം ഒരു ഓട്ടൊ വിളിച്ച് കൊണ്ട് വന്നു...വേഗം സ്റ്റേഷനിൽ എത്തി..10 മിനുട്ട് കൂടി മാത്രം വണ്ടി പോകാൻ........തിരിച്ച് താവളത്തിലെക്ക്...

രാമേശ്വരം ഒരു അനുഭൂതിയാണ്...പാപങ്ങൾ പോയൊ , ഇല്ലയൊ എന്നതല്ല കാര്യം...ആ മനോഹര ഭൂമിയിൽ ഉറഞ്ഞു കിടക്കുന്ന ചില സത്യങ്ങളെയും , ശക്തികളെയും തിരിച്ചറിയുക....ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ്....!!

2011, ജൂലൈ 18, തിങ്കളാഴ്‌ച

ഒരു തീർത്ഥാടനം....( ഒന്നാം ഭാഗം..)


അഞ്ചു മണിക്കു എഗ്മോർ സ്റ്റേഷനിൽ നിന്നും ട്രെയിൻ പതുക്കെ നീങ്ങുമ്പോൾ പുറത്ത് സായാഹ്ന സൂര്യൻ ജ്വലിച്ച് തന്നെ നിന്നിരുന്നു....എ സി കമ്പാർട്ട്മെന്റ് ആയിട്ടു കൂടി വിയർത്ത് കുളിക്കുന്നു....വേഗത കൂടുന്തോറും പതിയെ പതിയെ തണുപ്പിലെക്ക്......പെട്ടെന്നാ
ണ് ഈ യാ‍ത്ര തീരുമാനിച്ചത്...രാമേശ്വരം പോക്ക് വളരെ കാലമായുള്ള ആഗ്രഹമായിരുന്നു..ഹിമാലയമാണ് ആത്യന്തിക ലക്ഷ്യം...അതിലേക്കുള്ള ചവിട്ട് പടി എന്നു ഞാൻ ഈ യാത്രയെ കരുതാൻ ആഗ്രഹിക്കുന്നു...എല്ലാ കാര്യങ്ങളും ഒത്ത് വന്നപ്പൊൾ വേഗം നാട്ടിലെക്ക് ഫോൺ ചെയ്തു മൂത്ത സഹോദരിയെയും അമ്മയെയും ഈ യാത്രയിലെക്ക് ക്ഷണിച്ചു..അമ്മ വയസ്സായി വരുന്നു.മക്കളെ കൊണ്ട് ഇതൊക്കെ അല്ലേ ചെയ്യാൻ പറ്റൂ . സശയമുണ്ടായിരുന്നു അമ്മക്ക് യാത്ര പറ്റുമോ എന്നു...എന്തായാലും അമ്മയും ചേച്ചിയും ചെന്നൈക്ക് പെട്ടെന്നു തന്നെ എത്തിചെർന്നു...അതിനു മുന്നെ തന്നെ നല്ലപാതി ട്രെയിൻ ടിക്കെറ്റും ഹോട്ടെൽ റൂമും ഓൺലൈനിൽ ബുക്ക് ചെയ്തിരുന്നു..ഭാഷ പിന്നെ ഒരു പ്രശ്നമെയല്ല...അദ്ദേഹം കൂടെയുള്ളപ്പോൾ ലോകത്തിന്റെ ഏതു കോണിലേക്കു പോകാനും ഒരു ടെൻഷനുമില്ല...

രാമേശ്വരത്തെ പറ്റി എല്ലാ വിവരങ്ങളും ശേഖരിച്ച് വച്ചിരുന്നു. അതു കൊണ്ട് തന്നെ കൊച്ചിലെ കേട്ടറിഞ്ഞിട്ടുള്ള പാമ്പൻ പാലമായിരുന്നു മനസ്സ് നിറയെ. മനസ്സിൽ ഒരു കൊച്ചുകുട്ടിയുടെ ജിഞ്ജാസയും! പുലർച്ചെ നാലരക്കാണു വണ്ടി അവിടെ എത്തുക..ഉണർന്നിരുന്നു കടലിലെ ആ അത്ഭുതത്തെ കാണണമെന്നു തെന്നെ തീരുമാനിച്ചു...ഇടക്കെപ്പോഴോ ഒരു ചെറിയ മയക്കം...വണ്ടി വളരെ പതുക്കെ നീങ്ങുന്നത് ശ്രദ്ധിച്ചപ്പോഴാണു കടൽ‌പ്പാലത്തിനു മീതെയാണ് പോയ്ക്കൊണ്ടിരിക്കുന്നത് എന്നു മനസ്സിലായത്... വിൻഡൊയിലൂടെ താഴേക്കു നോക്കിയപ്പോൾ ചെറിയ ഓളങ്ങൾ കിന്നാരം പറയുന്ന ബെംഗാൾ ഉൾക്കടൽ.....റെയിൽ പാലത്തിനു കുറച്ചകലെയായി പാമ്പൻ പാലം..നേരിയ നിലാവിൽ അവ്യക്തമാ‍യ കാഴ്ച ...ആദ്യ കാഴ്ച നിരാശയായി...ശരിക്കു കണ്ടില്ല എന്ന നിരാശ..സാരമില്ല സമയമുണ്ട്....

നാലരക്കു രാമേശ്വരം എത്തി...പ്രതീക്ഷിച്ചതിനെക്കാൾ നീറ്റായി കിടക്കുന്ന റെയിൽ വെ സ്റ്റേഷൻ..!! ഒരു ഓട്ടോ വിളിച്ച് അമ്പലത്തിന്റെ അടുത്തുള്ള , നേരത്തെ ബുക്ക് ചെയ്ത ഹോട്ടെൽ റൂമിലെക്ക് ...എല്ലാ സൌകര്യങ്ങളും ഉണ്ടെങ്കിലും സെർവീസ് വളരെ മോശം..രാവിലെത്തെ ചില ചടങ്ങുകൾക്കു ഒരു ഓട്ടോ ഏർപ്പാടാക്കി വച്ചു....ബുക്ക് ചെയ്ത റൂം കിട്ടാൻ അഞ്ചര വരെ കാത്തിരുന്നു...അവരുടെ ഭാവം കണ്ടാൽ ന്നു മുഴുവൻ റിസപ്ഷനിൽ തന്നെ കഴിച്ച് കൂട്ടേണ്ടി വരും എന്നു തോന്നുന്നു...!!
ആറു മണിയോട് കൂടി ഞങ്ങൾ നാലു പേരും ഓട്ടോയിൽ കടൽക്കരയിലെക്കു പോയി....അവിടെ തീർത്ഥ സ്നാനം ചെയ്യുന്നവരുടെ തിരക്ക്..അധികവും ഉത്തരേന്ത്യക്കാർ..ആദ്യത്തെ ചടങ്ങ് കടലിലെ സ്നാനം...പുഴ പോലെ ശാന്തമായ കടലിന്റെ അധികം ആഴമില്ലാത്ത ഭാഗത്ത് പോയി ഞാനും ഭർത്താവും മറ്റുള്ളവരുടെ ഒപ്പം ഒരു സമൂഹ സ്നാനം ചെയ്തു...അഴുക്കു വെള്ളം തന്നെ...ശർദ്ദിക്കാൻ വന്നു....പക്ഷെ ചിലത് നമ്മൾ സഹിച്ചെ പറ്റൂ...!! ഞങ്ങൾ കൈ കൂട്ടി പിടിച്ച് ഏഴു തവണ മുങ്ങി....പിന്നാലെ അമ്മയും ചേച്ചിയും..ഈറനോടെ അമ്പലത്തിലെക്ക്.....

അകത്ത് ഇരുപത്തിരണ്ട് തീർത്ഥ കിണറുകൾ ഉണ്ട്...അവിടേയും സ്നാനം ചെയ്തെ ഭഗവാനെ ദർശിക്കാൻ പാടുള്ളൂ...ഇരുപത്തി രണ്ടെണ്ണവും ക്ഷേത്ര വളപ്പിലെ പല ഭാഗങ്ങള്ളിൽ ആയാണ് ഉള്ളത്..അതും വളരെ വിശാലമാണ് മതിൽക്കകം..ചിലയിടങ്ങളിൽ ഒറ്റയായും ചിലയിടങ്ങളിൽ രണ്ടും മൂന്നും ചേർന്നുള്ള ഈ കിണറുകൾ എല്ലാം പല ഷെയ്പ്പിൽ ആണ്.ചിലതിനു വായ്‌വട്ടം വളരെ ചെറുത്..ചിലത് സാധാരണ വലുപ്പം..ഒക്കെയും ആളുകളെ കൊണ്ട് നിറഞ്ഞിരിക്കുന്നു...നമുക്ക് തനിയെ വെള്ളം കോരാൻ അനുവാദമില്ല.അതിനു ക്ഷേത്രത്തിനു പുറത്ത് പ്രത്യേകം ആളുകൾ കയ്യിൽ ഒരു ഇരുമ്പു ബക്കറ്റുമായി ഇരകളെയും കാത്ത് നിക്കുന്നുണ്ടാകും.വെള്ള മുണ്ടും ഷെർട്ടും യൂണിഫോമിൽ...!! ഒരാൾക്കു അല്ലെങ്കിൽ ഒരു ഗ്രൂപ്പ് ആളുകൾക്കു വായിൽ തോന്നിയ വിലയാണ് ചാർജ്..വെള്ളം കോരി തലയിൽ ഒഴിക്കുന്നതിനു , ഞങ്ങളുടേ പിന്നാലെ കൂടിയ ആൾ ഞങ്ങൾ നാലു പേർക്കും ആളൊന്നുക്ക് നൂറ്റമ്പതു രൂപയാണ് ആവശ്യപ്പെട്ടത്...പേശി പേശി അത് 75 ലെക്ക് എത്തിച്ചു. 300 രൂപ.ആകെ. എനിക്കും ഭർത്താവിനും ദമ്പതീ സ്നാനം. ഓരോ കിണറിൽ നിന്നും മൂന്ന് പ്രാവശ്യം തലയിൽ ഒഴിച് തരും...തിരക്കിൽ പെട്ട് വലഞ്ഞു..ഓരോ ഗ്രൂപ്പിനെയും കുളിപ്പിക്കുന്ന ആളുകൾ അതിവേഗതയിൽ കിണറിന്റെ വക്കത്ത് കേറി നില്ക്കുന്നതും തങ്ങളുടെ ആളുകളെ കുളിപ്പിക്കുന്നതും രസം എന്നതിലുപരി അത്ഭുതം കൂടിയായിരുന്നു...ഇത്രയും ചെറിയ കിണറ്റു വക്കിൽ അഞ്ച് പത്ത് പേർ ഒരുമിച്ച് നിന്നു ബാലൻസ് തെറ്റാതെ വെള്ളം കോരി ഒഴിക്കുന്ന കാഴ്ച..!!!! വഴുക്കൽ വളരെ !! അർദ്ധ നഗ്നരായ മനുഷ്യർ..നനഞ്ഞൊട്ടിയ ദേഹങ്ങൾ. ഓണത്തിനു പുട്ട് കച്ചവടം നടത്തുന്ന മാന്യന്മാരും ഉണ്ട്...:)) അമ്മയെ കൈ പിടിച്ച് കൊണ്ട് നടന്നു...പേടിയായിരുന്നു.ആർക്കും തലയിൽ വെള്ളം ഇറങ്ങി അസുഖമൊന്നും വരല്ലെ എന്നു പ്രാർത്ഥിച്ചു. വഴുക്കലിൽ വീഴാതെ തിരക്കിനിടയിൽ കൂടി ഒരു വിധം സ്നാനകർമ്മങ്ങൾ മുഴുവനാക്കി. ഈറനൊടെ ഉള്ളിൽ പോകരുത് എന്നാണു അവിടെ നിയമം..പക്ഷെ ഈറൻ മാറ്റുന്നിടത്തെ അസാധാരണ വൃത്തി കാരണം ഇട്ട ഡ്രെസ് ഉണങ്ങുന്ന വരെ കാത്ത് നിന്നു...അതു കഴിഞ്ഞ് മെയിൻ ശ്രീകോവിലിൽ രാമനാഥ സ്വാമി ദർശനം. ടിക്കെറ്റൊന്നും എടുക്കൻ നിന്നില്ല അത്ര ക്യു ഉണ്ടാരുന്നില്ല. രാവണ നിഗ്രഹം കഴിഞ്ഞ് വന്ന് രാമൻ , ബ്രഹ്മഹത്യ പരിഹാരം ചെയ്യാൻ ഗുരു പറഞ്ഞതനുസരിച്ച് ശിവ പൂജ ചെയ്യാൻ തീരുമാനിച്ചു.ശിവലിംഗം എടുക്കാൻ കൈലാസത്തിലെക്കു പോയ ഹനുമാനെ വളരെ സമയം കഴിഞ്ഞിട്ടും കാണാതെ ആയപ്പോൾ സീതാദേവി മണ്ണ് കൊണ്ട് ഒരു ശിവലിംഗമുണ്ടാക്കി ...രാമൻ പൂജകളെല്ലാം ചെയ്ത് കഴിഞ്ഞപ്പോൾ ഹനുമാൻ അവിടെ എത്തുകയും പൂജ കഴിഞ്ഞതറിഞ്ഞ് കോപകുലനാവുകയും ചെയ്തു. ആ ലിംഗം തകർക്കാൻ നോക്കിയെങ്കിലും വിഫലമായി. ഹനുമാനെ പ്രീതിപ്പെടുത്താൻ ഹനുമാൻ കൊണ്ട് വന്ന ലിംഗം ആദ്യത്തെ ലിംഗത്തിനടുത്തു തന്നെ പ്രതിഷ്ഠിച്ച് അതിനു ആദ്യം പൂജ ചെയ്യണമെന്നു ശ്രീരാമൻ കൽ‌പ്പിച്ചു. ഇന്നും അതു തന്നെ തുടർന്നു വരുന്നു..ശ്രീകോവിലിനടുത്തു തന്നെ വിശാലാക്ഷി അമ്മാളുടെയും പർവ്വത വർത്തിനി അമ്മന്റെയും സന്നിധികൾ നിലകൊള്ളുന്നു....ചില വഴിപാടുകൾ കഴിച്ച് നീണ്ട ഇടനാഴിയിലൂടെ പുറത്തെക്കു..ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ഇടനാഴി ആണിവിടെ. സുന്ദരമായ ക്ഷേത്രം...എല്ലാ തമിഴ് നാട് അമ്പലങ്ങളും ഭിക്ഷക്കാരെ കൊണ്ട് അനുഗൃഹീതമാവാറുള്ള പോലെ ഇവിടെയും സമ്പന്നമാണ്...മാലിന്യങ്ങൾ കൊണ്ടും. !!

പത്തര കഴിഞ്ഞു ഹോട്ടെൽ റൂമിൽ എത്താൻ...ഇങ്ങനെ ഒരു കുളി ഇതു വരെ ഉണ്ടായിട്ടില്ലാത്തതിനാൽ ഒന്നു കൂടെ വിശാലമായി കുളിച്ചു. പാട്ടും പാടി ചെന്നപ്പോഴെക്കും ഒന്നും കഴിക്കാൻ എവിടെന്നും കിട്ടീല്ല്യ....:) പിന്നെ ആ നട്ടപ്പറ വെയിലത്ത് ഒന്നു കറങ്ങി വന്ന് ഒന്നരക്കു ഊണു കഴിച്ചു .തിരിച്ച് റൂമിൽ എത്തി കുറച്ച് വിശ്രമിച്ചു. അടുത്ത പരിപാടി ധനുഷ്കോടി ആണു...അവിടെ നിന്നു 18 കിലൊമീറ്റർ ദൂരം. സാധാരണ യാത്ര അല്ല അത്..രാമേശ്വരം യാത്ര മുഴുവനാകണമെങ്കിൽ ധനുഷ്കോടി കൂടി സന്ദർശിക്കണം. വിജനമായ പ്രദേശമാണ്. മരുഭൂമി സഫാരി പോലെ മണൽ കാട്ടിലൂടെ ഉള്ള യാത്ര..കാറും മറ്റും പോകില്ല..ജീപ്പു മാത്രെ പോവുള്ളൂ..റിസപ്ഷനിൽ പറഞ്ഞ് ഒരു ജീപ്പു ഏർപ്പാടാക്കി...എനിക്കും ചേച്ചിക്കുമൊന്നും കുത്തിഞ്ഞെരുങ്ങി തിരക്കിൽ യാത്ര ചെയ്യാൻ ഇഷ്ടമല്ല..അതു കൊണ്ട് തന്നെയാണ് സ്വന്തമായി ഒരു ജീപ്പ് വാടകയ്ക്കു എടുത്തത്. അല്ലെങ്കിൽ സാധാരണ സംഘത്തിന്റെ ഒപ്പം പോകാമായിരുന്നു..ഇഷ്ടം പോലെ സെർവീസ് ഉണ്ട്..

മൂന്നര കഴിഞ്ഞ്പ്പോൾ ജീപ്പു വന്നു. വിജനമായ പാത മുന്നിൽ നീണ്ട് കിടക്കുന്നു. ചില പെൺകിടാങ്ങൾ തലയിൽ വെള്ള കുടവും വച്ച് നീങ്ങുന്നു..ഇരു വശത്തും കാറ്റാടി മരങ്ങൾ.പൊകുന്ന വഴിക്ക് ജഡായു തീർത്ഥം...കോദണ്ഡ രാമക്ഷേത്രം എന്നിവ കേറി തൊഴുതു. ഇനി അങ്ങൊട്ട് ഇരു വശവും മണൽ പരപ്പുകളാണ്...ഇരു വശത്തും അധികം അകലെയല്ലാതെ കടൽ കണ്ടു തുടങ്ങി. ഇടക്കെപ്പോഴൊ റോഡിനടുത്ത് വരെ വന്നു കടൽ ഉമ്മ വച്ച പാടുകൾ. ഒരു വശത്ത് ഇന്ത്യൻ മഹാസമുദ്രം...മറുവശത്ത് ബംഗാൾ ഉൾക്കടൽ..ചെക്ക് പോസ്റ്റിൽ നിന്നു അനുമതി കിട്ടിയാലെ ധനുഷ്കോടിയിലെക്കു പ്രവേശനമുള്ളൂ.. ചെക്ക് പോസ്റ്റിന്റെ അടുത്ത് ആർത്തലക്കുന്ന ഇന്ത്യൻ മഹാ സമുദ്രത്തിന്റെ തിരമാലകൾ....ഒരു ഭയം തോന്നും...അവിടെ കുറച്ച് പേർ ഇറങ്ങി തിരകളോട് സല്ലപിക്കുന്നുണ്ട്...അനുമതി വാങ്ങി യാത്ര തുടർന്നു. ഇനിയാണ് ശരിക്കും പേടി വരുന്ന വഴി...!!

വണ്ടി ചാഞ്ഞും ചെരിഞ്ഞും കുത്തനെയുള്ള ഒരു ഇറക്കത്തിലൂടെ മണൽ പരപ്പിലെക്കിറങ്ങി...അടുത്ത 8 കിലൊമീറ്റർ ശരിക്കും ഭയം വരുന്ന ഒന്നാണ്....അന്നു രാവിലെ വന്നു പോയ തിരകൾ ബാക്കി വച്ച വെള്ളം തളം കെട്ടി നിൽക്കുന്ന വലിയ തടാകങ്ങൾ പോലെ ഉള്ളവയിൽ കടൽക്കാക്കകളും കൊറ്റികളും സമ്മേളനം നടത്തുന്ന കാഴ്ച...ഇരു വശത്തും കടൽ...!! ഒരു പ്രത്യേകത, ബേ ഓഫ് ബെംഗാൾ പുഴ പോലെ ശാന്തമായി കിടക്കുന്നു...പക്ഷെ ഏതു നേരത്തും തിര വരാമത്രെ..!!! അപ്പുറത്ത് ഉഗ്ര രൂപിണിയായി ഇന്ത്യൻ സ്മുദ്രം. ഹോ...ചില നേരത്ത് അവളുടെ വരവു കണ്ടാൽ ഇപ്പോ വിഴുങ്ങി കളയും എന്നു തോന്നും...ഇവർ രണ്ടു പേരും സംഗമീക്കുന്ന സ്ഥലമാണ് ധനുഷ്കോടി.അധികം പേരും പുലർച്ചെ ആണ് ധനുഷ്കോടി ദർശിക്കാൻ വരുന്നത്..

സേതു ബന്ധനം നിർമ്മിക്കാൻ രാമൻ തന്റെ ധനുസ്സ് കൊണ്ട് അടയാളപ്പെടുത്തിയ സ്ഥലമാണ് ധനുഷ്കോടി. സേതു ബന്ധനം ഒരു കെട്ടുകഥയല്ല എന്നു നാസ തെളിയിച്ചതാണല്ലോ..ഇവിടെ നിന്നു 45 കിലോമീറ്റെർ ബോട്ടിൽ യാത്ര ചെയ്താൽ ശ്രീലങ്കയിലെത്താം. പണ്ട് കാലത്ത് ആളുകൾ ഈ മാർഗ്ഗമാണു ലങ്കയിലെക്കു തിരഞ്ഞെടുത്തിരുന്നത്..ധനുഷ്കോടി ഒരു കാലത്ത് പ്രധാന കടലോര ഗ്രാമമായിരുന്നു...1964 ഇൽ ഉണ്ടായ ഒരു ചുഴലിക്കാറ്റിൽ ആഞ്ഞ് ഉയർന്ന തിരമാലകൾ ആ ഗ്രാമത്തെ നക്കിതുടച്ചു..ആ ഗ്രാമത്തെ മാത്രല്ല, അന്നു രാമേശ്വരത്ത് നിന്നും ധനുഷ്കോടിയിലേക്കു വന്നു കൊണ്ടിരുന്ന ഒരു ട്രെയിനും അതിലെ യാത്രക്കരെ മുഴുവനും തന്റെ അടിത്തട്ടിലെ ബംഗ്ലാവിലെക്കു വലിച്ചു കൊണ്ട് പോയി... ഇന്നും അതൊരു പ്രേത ഭൂമിയാണ്..ആകെ അഞ്ചെട്ട് മുക്കുവ കുടിലുകൾ കാണാം. അധിക നേരം നമുക്കവിടെ നിൽക്കാനും തോന്നില്ല..അകാരണമായ ഒരു ഭയം എന്നിൽ കുടിയേറിയത് ഞാൻ ശരിക്കറിഞ്ഞു. ആ തിരമാലകൾ ഒന്നും കൂടെ അടുത്തെത്തിയാൽ ഈശ്വരാന്നു വിളിക്കാനുള്ള നേരം കൂടി കിട്ടില്ല്യ...സന്ധ്യ മയങ്ങുന്നു...അവിടെ സന്ദർശിക്കാൻ വന്നവരൊക്കെ മടങ്ങി തുടങ്ങി. ഒന്നൊ രണ്ടോ ജീപ്പുകൾ ആളുകളെ പരമാവധി കുത്തി കയറ്റി തിരകളുടെ അരികത്ത് കൂടെ പോകുന്നു..ഒരു വാൻ നിറയെ ആളുകൾ അകലെ തിരകൾക്കരികിലൂടെ പോകുന്നു...കഷ്ടം...അതിന്റെ ടയർ മണ്ണിൽ താഴ്ന്നു പോയി...തിരമാലകൾ തൊട്ടരികെയ്യുണ്ട്..ആളുകൾ ഇറങ്ങി തള്ളുന്നു...അത്ര അരികിൽ കൂടി പോകെണ്ടെ ആവശ്യമെയില്ല...!!! കുറച്ച് കൂടി ഇരുട്ടിയാൽ ആ പ്രദേശം വെള്ളത്തിൽ ആയിരിക്കും എന്നു ഞങ്ങളുടെ ഡ്രൈവർ പറഞ്ഞു. അതിനു മുന്നെ അവർ പോന്നാൽ മതിയായിരുന്നു..!! ഞങ്ങൾ ആ സംഗമഭൂമിയിൽ ഇറങ്ങി അൽ‌പ്പ നേരം നിന്നു...ഒരു ഹൈപ്പർ മാർകെറ്റ് ആ സംഗമഭൂമിയിൽ അഞ്ചെട്ട് ഓലകളിലും, നാലഞ്ചു വടികളിലും നിലകൊള്ളുന്നുണ്ട്...കുറച്ച് ചിപ്പി ശംഖ് ഉൽ‌പ്പന്നങ്ങൾ , ബിസ്കറ്റുകൾ , വെള്ളം അതാണ് ആ ഷോപ്പിലെ സാമഗ്രികൾ. അവർ അതൊക്കെ വേഗം പായ്ക്കപ്പ് ചെയ്യുന്നുണ്ട്..വെള്ളം കേറുന്ന സമയായത്രെ...ധൈര്യശാലിയായ ഞാൻ പോകാൻ തിടുക്കം കൂട്ടി ജീപ്പിൽ കേറി ഇരുന്നു.. അകലെ കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന സമുദ്രം....കുലുങ്ങി കുലുങ്ങി ഇടകൊന്നു ഞെരുങ്ങിയും ജീപ്പു പതിയെ തിരിച്ച് യാ‍ത്ര തുടങ്ങി..തിരിച്ച് വരവിൽ പഴയ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ , തകർന്ന ഗ്രാമത്തെ സൂചിപ്പിച്ചു. അവിടെ ഒന്നിറങ്ങി അൽ‌പ്പ സമയം അവിടെ കറങ്ങി. ആ റെയിൽ‌പ്പാളം ഇപ്പോഴുമുണ്ട്. തകർന്നു കിടക്കുന്നു.അതിനടുത്തായി പണ്ട് , തീവണ്ടിയിൽ വന്നിരുന്ന ചരക്കുകൾ സൂക്ഷിച്ചിരുന്ന ഗോഡൌൺ. പിന്നെ ഒരു ചെറിയ പള്ളി, മൂന്നൊ നാലൊ മുക്കുവ കുടിലുകൾ, അസംഖ്യം കാക്കകൾ. കുട്ടികൾ കളിക്കുന്നു...കുടിലുകൾക്കപ്പുറം സമുദ്രം ആഞ്ഞടിക്കുന്നു...അപകടം നേരിൽ കണ്ടു എന്നു പറയുന്ന ഒരു വയസ്സായ സ്ത്രീ അവിടെ ഒരു ചെറിയ കട ഇട്ട് താമസിക്കുന്നുണ്ട്. ആ കടയുടെ അടുത്ത് ഇത്തിരി വട്ടത്തിൽ ഒരു ചെറിയ കിണറും ഉണ്ട്. എനിക്കാ ശാന്തയെ ഭയങ്കര ഇഷ്ടമായി...എന്താണവളുടെ ഒരു രൌദ്ര ഭാവം...മുടിയഴിച്ചിട്ടു തുള്ളുന്ന കണ്ടാൽ മതി...ആരും പേടിച്ചു പോകും...:)) തിരമാലകൾ അത്ര ഉയരത്തിലാണ് ആഞ്ഞടിക്കുന്നത്.. അങ്ങനെ ധനുഷ്കോടിയിൽ നിന്നു മടങ്ങുമ്പൊൾ ഒരു തരം ഭീതി മാത്രായിരുന്നു മനസ്സിൽ.......ഗവർമെന്റ് ആ ഗ്രാമത്തെ പുനരുജ്ജീവിപ്പിക്കാനും ടൂറിസം പ്രോത്സാഹിപ്പിക്കാനും മറ്റും ഒരു ഉത്സാഹവും കാണിക്കുന്നില്ല...!!! ശവഭൂമി ആയതു കൊണ്ടാകും..!! 6 മണിക്കു ശേഷം അങ്ങോട്ട് പ്രവേശനമില്ല...ശ്രീലങ്കൻ നേവിയും ഇന്ത്യൻ ആർമ്മിയും കടലിൽ റോന്ത് ചുറ്റുന്നുണ്ടാകും നിരീക്ഷണത്തിനു....1000 രൂപ പറഞ്ഞ ജീപ്പുകാരൻ അവസാനം 900 ത്തിൽ എത്തി നിന്നു ഞങ്ങളെ രാമേശ്വരം ക്ഷേത്രത്തിനടുത്തുള്ള ചെറിയ ബീച്ചിൽ കൊണ്ട് വിട്ടു..അപ്പോഴേക്കും ഏഴു മണി ആയിരുന്നു. ആ ബീച്ചിൽ കുറച്ച് സമയം ചിലവഴിച്ചു കടൽക്കാറ്റും കൊണ്ട്. ഭർത്താവ് ആ വഴി പോയ കിളി ജ്യോത്സനെ തടഞ്ഞ് നിർത്തി ഭാവി അറിയാൻ ഇരുന്നു...തൊട്ടരികിൽ അതും നോക്കി ഭാഷ അറിയാ‍തെ എന്റെ അമ്മയും. ഞാനും ചേച്ചിയും കടൽത്തിണ്ണയിൽ ഇരുന്നു. രാവിലെ കുളിച്ച ശാന്തമായ കടവിൽ ഇപ്പോൾ വലിയ തിരകൾ കണ്ട് അത്ഭുതപ്പെട്ട് പോയി...ഈ നേരത്തായിരുന്നെങ്കിൽ ഞാൻ കുളി പോയിട്ട് കാലു പോലും നനയ്ക്കില്ലായിരുന്നു....:))) അത്രക്കു ധൈര്യമാണ്...!! ദൂരെ നങ്കൂരമിട്ട് കിടക്കുന്ന കപ്പലുകൾ...ഞങ്ങൾ അത്താഴം കഴിക്കാനായി ഒരു ഗുജറാത്തി സ്ത്രീയുടെ കടയിൽ കയറി. അത് ഒരു വീട് തന്നെയാണ്. നല്ല ചപ്പാത്തിയും ശ്രീകണ്ഠ പൂരിയും കഴിചു. ഉത്തരെന്ത്യക്കാരുടെ തിരക്കാണ് രാമേശ്വരത്ത്. തമിഴരേക്കാളും അധികം. പിറ്റെന്നു രാവിലെ ചെക് ഔട്ട് ചെയ്യണം . ഈ ഹോട്ടെൽ എടുത്തത് അബദ്ധമായി..നല്ല ഒരു ഡീസന്റ് ഹൊട്ടെൽ നാളെക്കു പറ്ഞ്ഞ് വച്ചിട്ടുണ്ട്..സൈറ്റ് സീയിങ്ങിനു ഒരു കാറും. നാളെ മുഴുവൻ കറക്കം. പതിയെ മടങ്ങിയെത്തി അന്നത്തെ അനുഭവങ്ങൾ എല്ലാം പറഞ്ഞ് ചിരിച്ചും കളിച്ചും തല്ലു കൂടിയും ............ഉറക്കത്തിലേക്ക്............

2011, ജൂലൈ 4, തിങ്കളാഴ്‌ച

അന്ത്യം..

മോഹത്തിന്റെ തീച്ചൂളയിൽ പെട്ടൊരു ശലഭം
ദിശയറിയാ‍തെ....ചിറകു കരിഞ്ഞ്..പറക്കാനാവതെ....
തീ കനലുകൾ പുൽകുമ്പോഴും അവസാന ശ്വാസത്തിനായ് ...
പ്രാണവേദനയോടെ ....ഉരുകിയ ദേഹത്തോടെ....ഒരു നിശാശലഭം.......!!