kunjan radio

2010, ഒക്‌ടോബർ 2, ശനിയാഴ്‌ച

വൃന്ദാവന കണ്ണൻ

സങ്കല്പ വൃന്ദാവനത്തിലേക്കിന്നൊരു..

ചെന്താമരക്കണ്ണനോടിയെത്തീ..

കേളികളാടിത്തിമിർത്തവൻ..ജീവന്റെ

തൂവെണ്ണയെല്ലാം കവർന്നെടുത്തൂ..

പൂക്കൾക്കിടയിലായ്..പൂമ്പാറ്റയെന്നപോൽ..

പൂന്തേൻ നുകർന്നു രസിച്ചിരുന്നു..

പുല്ലാങ്കുഴൽ നാദം കേൾപ്പിച്ചു തന്നവൻ

പുല്ലിനെ പോലും കുളിരണിയിച്ചവൻ..

വാടിക്കിടക്കും ഹൃദയത്തലപ്പിലായ്..

കാളിയനർത്തനമാടിക്കളിച്ചവൻ..

പാടാത്ത പാട്ടൊക്കെ കേൾപ്പിച്ചിതാനന്ദ-

സാഗരത്തീരത്തു കൊണ്ടുചെന്നാനവൻ..

ദു:ഖകൊടും മഴ കൊളളാതിരിക്കുവാൻ..

ഗോവർദ്ദനഗിരി..പൊക്കിപിടിച്ചവൻ..

കുഞ്ഞിളം ചുണ്ടിനാൽ..മുത്തങ്ങളേകിയോൻ..

കുട്ടിക്കുറുമ്പുകൾ കാട്ടിനടപ്പവൻ..

മെല്ലെയടിക്കുവാനോങ്ങിയാൽ വായ് പിളർന്നീ—

ലോകമൊക്കെയും കാട്ടിത്തരുന്നവൻ..

വാക്കുകൾ കൊണ്ടിന്ദ്രജാലങ്ങൾ സൃഷ്ടിച്ചു

മാലോകരെയൊക്കെ വീഴ്ത്തിച്ചിരിച്ചവൻ..

ജീവിതപ്പാതയിൽകാലിടറാതിരിക്കുവാൻ

താങ്ങായി വന്നവൻ..തണലായി നിന്നവൻ..

വൃന്ദാവനത്തിലീ..ഗോപികമാരുടെ

ഉള്ളം കവർന്നവൻ..കള്ളനായ്..നിന്നവൻ..

നെഞ്ചിലെ പാലാഴിയൂറ്റിക്കുടിച്ചവൻ

ചുണ്ടിലെ വെൺപത മെല്ലെ തുടച്ചവൻ..

എണ്ണക്കറുപ്പുള്ള മേനി കാട്ടിയൊന്നു

വാരിപ്പുണരാൻ..കൊതിപ്പിച്ച സുന്ദരൻ

കൊഞ്ചി കൊഞ്ചി ..കുഴഞ്ഞാടിവന്നവൻ

ചെഞ്ചൊടികളാലോരോന്നു ചൊന്നവൻ

കണ്ണടച്ചുതുറക്കുന്ന മാത്രയിൽ..

കണ്ടതൊക്കെയും സത്യമാക്കുന്നവൻ

ഇനിയിവനില്ലാതെ പുലരികൾ പിറക്കുമോ..

ഇനിയിവനില്ലാതെ സന്ധ്യകളെത്തുമോ..?!

രാത്രികൾ..പകലുകൾ..രാഗതാളങ്ങളും..

രാക്കിളി പാടുന്ന പാട്ടതു പോലുമീ

കണ്ണന്റെ കാലൊച്ച കേൾക്കാതെയുണരുമോ..

വൃന്ദാവനം പൂത്തുലഞ്ഞുനിന്നീടുമോ..!!