kunjan radio

2010, ജൂൺ 17, വ്യാഴാഴ്‌ച

എന്തിനായ്.

എങ്ങുനിന്നോ പറന്നു വന്നെന്നിലെ

ചന്ദനമരചില്ലയിൽ ചേക്കേറി..

മെല്ലെ പൂഞ്ചിറകൊന്നൊതുക്കി നീ

നെഞ്ചുരുമ്മിയിരിക്കുന്നതെന്തിനായ്

തൂവലൊന്നും കൊഴിഞ്ഞുപോയീടാതെ..

താരിളം മേനി നെഞ്ചോടടുക്കി ഞാൻ..

താരകങ്ങളും..പൂനിലാചന്ദ്രനും..

കാൺകെ കാതോരമോതി.. മെല്ലവേ..

എന്തിനെൻ മരച്ചില്ലയിൽ വന്നിരു-

ന്നെന്തിനൂയലാടുന്നുനിന്നുള്ളിലെ

നിർമ്മലസ്നേഹമേകുന്നതെന്തിനായ്..

വാസനതൈലം തൂകുന്നതെന്തിനായ്?

സ്നേഹജ്വാലകളാളിപടർത്തിയി-

-ട്ടൂളിയിട്ടു പറക്കുന്നതെന്തിനായ്!!

മൂകതയാലുറങ്ങിക്കിടക്കുമെൻ..

ജീവനെ വന്നുണർത്തുന്നതെന്തിനായ്..?

കൂടൊരുക്കി ഞാൻ വച്ചതു കണ്ടുവോ..?

കൂട്ടിനുള്ളിലെ പൂമെത്ത കണ്ടുവോ

നേർത്തതെങ്കിലുമീ വാഴനാരിനാൽ..

കോർത്തു വച്ചോരു പൂമാല കണ്ടുവോ..

ഈറനാകുന്നതെന്തിന്നു നിൻ മനം ..?

നീലവാനം പോൽ നീണ്ടു വിശാലമാം..

ഈ ഹൃദയമിന്നേകുന്നിതോമനേ..

ആത്മഹർഷത്തോടേറ്റു വാങ്ങീടുക..

5 അഭിപ്രായങ്ങൾ:

ആളവന്‍താന്‍ പറഞ്ഞു...

ഞാനിന്നീവഴി വന്നതെന്തിനായ്.....
അറിയില്ലെന്നിരുന്നാലുമൊന്നു
പറയാതെ വയ്യ, നിന്നെ വായിക്കാതെ വയ്യ.

നന്നായിരിക്കുന്നു.... ആശംസകള്‍.

Unknown പറഞ്ഞു...

സ്നേഹജ്വാലകളാളിപടർത്തിയി-

-ട്ടൂളിയിട്ടു പറക്കുന്നതെന്തിനായ്…!!

മൂകതയാലുറങ്ങിക്കിടക്കുമെൻ..

ജീവനെ വന്നുണർത്തുന്നതെന്തിനായ്..?nice lines..welcome to boolokam dear :)

Abdulkader kodungallur പറഞ്ഞു...

പാടിയതെന്തൊരു ഭംഗിയില്‍ പാപ്പാത്തി
പാലൊളിച്ചന്ദ്രികച്ചിരിപോലെമോഹനം
പീലിവിടര്‍ത്തിയിട്ടാടും മയിലിന്റെ
നീലിമയോലും വരികള്‍ മനോഹരം .
പാടുക പാപ്പാത്തി പാടുകയിനിയും
പാല്‍പ്പായസമധുരക്കവിതകളേറെ.

അജ്ഞാതന്‍ പറഞ്ഞു...

ninte kavithakalku abhiprayam parayan njn arumalla...ennalum...valare nannayrikunu...eniyum ezhuthanam,....

Cpa Gafar പറഞ്ഞു...

കവിതകളിലധികവും ജീവഗന്ധമുണ്ട്. അഭിനന്ദനങ്ങള്‍ !!!