kunjan radio

2010, ജൂൺ 24, വ്യാഴാഴ്‌ച

എന്റെ വാവക്ക്

നിന്നിൽ ഞാൻ കണ്ടതെൻ പ്രതിച്ഛായയെ..

എങ്ങോ കളഞ്ഞുപോയൊരെൻ പ്രിയ ബാല്യത്തെ..

സ്വപ്നങ്ങൾ കണ്ടു നടന്നൊരാ കാലത്തെ..

പൊട്ടിച്ചിരിച്ചു കളിച്ചൊരാ..നാളിനെ

കൊച്ചു പിണക്കങ്ങൾ, തർക്കങ്ങൾ, പരിഭവ-

-മൊട്ടുകൾ വിരിവതും..താനെ താഴെ വീഴുന്നതും

ഒക്കെ ഞാൻ കാണുന്നു..നിൻ മിഴിത്തുമ്പിലായ്..

ചിത്രങ്ങൾ ചാലിച്ച വർണ്ണപ്രപഞ്ചവും..

നീ തീർക്കുമോരോ..പദചലനത്തിലും..

കേൾക്കുന്നു..ഞാനെന്റെ നഷ്ടശ്രുതികളെ..

നീ മൊഴിയുമോരോ വാക്കും പൊഴിക്കുന്ന-

-തെൻ സ്വരചെപ്പിലെ മുത്തുമണികളെ..

പട്ടുപാവാടത്തുമ്പൊന്നുയർത്തി നീ

തൊട്ടാവാടി പടർപ്പിലൂടോടുമ്പോൾ

മുള്ളു കൊണ്ടു നിൻ കാൽ മുറിഞ്ഞീടവേ..

പിന്തിരിഞ്ഞതു മാറ്റാൻ ശ്രമിക്കവേ..

കൌതുകത്തോടതു കണ്ടുനിന്നീടുമ്പോൾ

ഞാനുമെന്റെയാ..കാലമതോർത്തുപോയ്..

ഒന്നുമോർക്കാതെ..അല്ലലറിയാതെ..

തെല്ലും പ്രാരാബ്ധക്കെട്ടുകളില്ലാതെ..

മുൻപിൽ കണ്ടിടുമോരോ ചെടിയോടും..

കിന്നാരങ്ങൾ പറഞ്ഞു നടന്നതും..

തുമ്പിയെ കൊണ്ടു കല്ലെടുപ്പിച്ചതും..

തുമ്പപ്പൂക്കൾ പറിച്ചു നടന്നതും..

എത്രയകലെയാണക്കാലമോർക്കവേ..

നഷ്ടമായ് പോയതെൻ പ്രിയ ബാല്യത്തെ!!!

ഇന്നു നീയെന്റെ മുന്നിൽ വന്നീടുമ്പോൾ..

നിന്നിലക്കാലം കാണുന്നു സത്യമായ്..

നിന്നിലെന്നെ ഞാൻ കാണുന്നു..സ്മൃതികൾ തൻ

തീരമണയുന്നുതിരമാല നുരയുന്നു

3 അഭിപ്രായങ്ങൾ:

പദസ്വനം പറഞ്ഞു...

എങ്ങോ കളഞ്ഞു പോയ ഓര്‍മകളെ
പൊടിതട്ടിയെടുക്കുക നീ ....
എങ്ങോ മറഞ്ഞ കളിക്കൂട്ടുകാരിയെ
കണ്ടുപിടിക്കുവാനായി .....

Good work pappathy.... :)

ആഗ്നേയ പറഞ്ഞു...

താളമിട്ടുഞാൻ കൂടെപ്പാടാം :)

Cpa Gafar പറഞ്ഞു...

'മൊട്ടുകള്‍ വിരിവതും താനേ കൊഴിവതും' എന്നാക്കിയാല്‍ കുറച്ചുകൂടി താളം ലഭിക്കുന്നപോലെ തോന്നുന്നൂ...