kunjan radio

2011, നവംബർ 18, വെള്ളിയാഴ്‌ച

ഞാനും എന്റെ ചെന്നൈയും :)

ഐ ലവ് യു ,....ചെന്നൈ .......:)


അതെ ഇവളെ എനിക്കിപ്പൊ ഭയങ്കര പ്രേമാണ്...തുടക്കത്തിൽ അഡ്ജസ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടിയിരുന്നെന്ന്കിലും ക്രമേണ ആലീസ് വണ്ടർലാൻഡിൽ തന്നെ പിടിച്ചു നിന്നു...ഇപ്പൊ അതിഭയങ്കര പ്രേമം...!

കുട്ടിക്കാലത്ത് എനിക്കറിയാവുന്ന മദ്രാസ്സ് , ആണ്ടിലൊരിക്കൽ മുത്തശ്ശന്റെ ശ്രാദ്ധത്തിനു തറവാട്ടിൽ എല്ലാവരും ഒത്തുകൂടുന്ന സമയത്ത് , മദിരാശിയിൽ നിന്നു വരുന്ന ചില ബന്ധുക്കള് മാത്രായിരുന്നു..അവരുടെ ഒക്കെ കുട്ടികൾ നാട്ടിലെ അമ്പലക്കുളത്തിൽ ഞങ്ങളുടെ ഒക്കെ നീന്തൽ കണ്ടിട്ട് അന്തം വിട്ട് കരയ്ക്കു നിക്കുന്നതും, വെള്ളത്തിലിറങ്ങാൻ പേടിച്ച് നിൽക്കുന്നതുമാ‍ായിരുന്നു...അയ്യെ വെള്ളല്ല്യാത്ത നാടൊ എന്നോർത്ത് നമ്മുടെ ജലസമ്പത്തിനെ ഓർത്ത് അഹങ്കരിച്ചിരുന്നു..!

വർഷങ്ങൾക്കു ശേഷം ഞാൻ ഒന്നൊ രണ്ടൊ പ്രാവശ്യം വിരുന്ന്കാരിയായി വന്നപ്പോഴും ഇവിടം ഇഷ്ടപ്പെട്ടില്ല...എങ്ങും വൃത്തികേടുകൾ തന്നെ...ഭക്ഷണം പോലും അറച്ചറച്ചാണ് കഴിച്ചത്...! പക്ഷേ പിന്നീട് ഞാൻ വീട്ടുകാരിയായാണ് രംഗപ്രവേശം ചെയ്തത്..അങ്ങനെ പതുക്കെ പതുക്കെ ഞാൻ ചെന്നൈയെ പ്രേമിച്ചു തുടങ്ങി....!!


പണ്ടുകാലത്ത് മദ്രാസ്സ് എന്നു പറഞ്ഞാൽ എം ജി ആർന്റെ , ജയലളിതയുടെ , കരുണാനിധിയുടേ , വുഡ്ലാന്റ്സ് ഹൊട്ടെലിന്റെ , ഹാരിസൺസ് ഹോട്ടെലിന്റെ , മൂർ മാർകെറ്റിന്റെ, മറീന ബീച്ചിന്റെ , അഡയാർ തിയൊസഫിക്കൽ സൊസൈറ്റിയുടേ , എല്ലാറ്റിനുമുപരി കോടമ്പാക്കത്തിന്റെ ചീഞ്ഞളിഞ്ഞ കഥകളുടെ , അതിൽ നിന്നു വിരിഞ്ഞു വന്നിരുന്ന താമരപ്പൂക്കൾ പോലുള്ള സിനിമകളുടെ , ഒക്കെ നാടായിരുന്നു...ഇന്നും കോടമ്പാക്കം സിനിമയ്ക്കു പ്രസിദ്ധി കേട്ടതെങ്കിലും , അതിലും പ്രാധാന്യം വടപളനിയൊ , സാലിഗ്രാമമൊ, വത്സരവാക്കമൊ കയ്യടക്കിയെന്നു തോന്നുന്നു..പക്ഷെ ഇന്നത്തെ ചെന്നൈ ഒന്നാംതരം പണക്കാരുടെ , അടിപിടി കത്തികുത്തുകാരുടെ , മനോഹരങ്ങളായ പൂന്തോട്ടങ്ങളുടെ , ഫ്ലാറ്റ് സ്മുച്ചയങ്ങളുടെ , അമ്യൂസ്മെന്റ് പാർക്കുകളുടെ , ഭീകരങ്ങളായ ഷോപ്പിങ്ങ് മാളുകളുടെ , തിളങ്ങുന്ന യൌവ്വനങ്ങളുടെ , ഐ ടി കമ്പനികളുടെ ,അതിഭീകരമായ ട്രാഫിക്കിന്റെ , ഒക്കെ നാടായി മാറിക്കഴിഞ്ഞിരിക്കുന്നു.... ഇവിടെ യുവത്ത്വങ്ങൾക്കു വിലക്കുകളില്ലെന്നു തോന്നുന്നു..ആണും പെണ്ണും കൈ കോർത്ത് പിടിച്ച് അവരുടെതായ ലോകത്തിൽ വിഹരിക്കുന്ന കാഴ്ച യഥേഷ്ടം..മറീനയേക്കാൾ അഡയാർ ബീച്ച് അല്ലെൽ ബെസന്ത് നഗർ ബീച്ചാണ് എനിക്കിഷ്ടം...അവിടത്തെ സായന്തനങ്ങൾ ,പുലർച്ചെയുള്ള നടത്തം ഒക്കെ എന്റെ ഭയങ്കരമായ ഇഷ്ടങ്ങളിൽ ഒന്നാണ്..ബീച്ചിൽ പോയി കുറെ നേരം വെറുതെ ഇരുന്നു കണ്ടവരെ ശ്രദ്ധിച്ച് കടലും കണ്ടിരുന്നാൽ , കാതിലൊരു പാട്ടു കൂടെ ഫിറ്റ് ചെയ്താൽ , തിരിച്ച് മാടവതി മാർകെറ്റിലൂടെ പച്ചയായ മനുഷ്യർക്കിടയില്ലൂടെ , പച്ചക്കറികളും വാങ്ങി വരുമ്പോൾ ലോകം കീഴടക്കിയെന്നൊരു അഹങ്കാരം എന്നിൽ ഉണ്ടാകാറുണ്ട്...ഈ നിസ്സാരതയെ ഞാൻ ഇന്നും കൊണ്ട് നടക്കുന്നു..തിരക്കുള്ള ട്രാഫ്ഫിക്കിൽ സിഗനലും കാത്ത് ബൈക്കിന്റെ പിന്നിൽ ഇരിക്കുമ്പോൾ , ഓരൊരുത്തരുടെ മുഖഭാവങ്ങളെ ശ്രദ്ധിക്കലാണ് അടുത്ത വിനോദം..അറിയാതെ പാട്ടിൽ ലയിച്ച് ചിരിക്കലും , ചിലപ്പൊൾ ഉറക്കെ പാടിപ്പൊകുന്നതും മിക്കവാറും സംഭവിക്കുന്ന അബദ്ധങ്ങൾ...! കോഫീ ഷോപ്പിലെ പുത്തൻ സ്റ്റൈൽ തണുത്ത കോഫികളൊ, ആഡംബര ഹോട്ടെലുകളിലെ വില കൂടിയ ഭക്ഷണങ്ങളൊ , വില കൂടിയ പട്ടുസാരികളിൽ പൊതിഞ്ഞ് നടക്കുന്ന ലേഡീസൊ , ഒന്നും എന്നെ ഭ്രമിപ്പിക്കാറില്ല..പക്ഷെ എക്സ്പ്രെസ്സ് അവന്യു , സിറ്റി സെന്റർ പോലുള്ള ഷോപ്പിങ്ങ് മാളുകളിൽ ചുമ്മാ കറങ്ങിയടിക്കാൻ ഇഷ്ടവുമാണ്..ചെന്നൈലെ ഈ സീ ആർ റോഡിലൂടെ , ഒരു കാറ് കിട്ടിയാൽ ഒറ്റയ്ക്കു ഡ്രൈവ് ചെയ്ത് പാട്ടും കേട്ട് അങ്ങനെ പോകാൻ മനസ്സിൽ സൂക്ഷിച്ച ഒരു ഇഷ്ടം..‘ ഞാൻ വേണ്ടെ ‘ എന്നുള്ള നല്ലപാതിയുടെ ചോദ്യത്തിനു വേണ്ട എന്നുള്ള ഉത്തരം കേട്ടിട്ടായിരിക്കണം കാറ് ഇതു വരെ കയ്യിൽ കിട്ടിയിട്ടില്ല..;) എന്നാലും അങ്ങേരില്ലാതെ ഞാനിവിടെ എങ്ങും പോകാറുമില്ല...ഒറ്റയ്ക്കു പോകാൻ ഭയവുമില്ല.


അക്ഷരാർത്ഥത്തിൽ ചെന്നൈയുടെ ശാപം ; അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന പട്ടികളും, കയ്യ് പണിയെടുക്കാനുള്ളതല്ല ഇരന്നു വാങ്ങാൻ മാത്രമുള്ളതാണെന്നു ഓർമ്മിപ്പിക്കുന്ന പിച്ചക്കാരുടെയും , അഭിനവ പിച്ചക്കാരുടെയും, വഴിയരുകിലെ മാലിന്യങ്ങളും, ചെന്നൈക്കു മാത്രം സ്വന്തമായ ഒന്നൊന്നര സ്മെല്ലും മാത്രമാണ്...വെള്ളം യഥേഷ്ടം ഉണ്ടായിരുന്നെങ്കിൽ , ഇവിടെ വൃത്തിക്കു അൽ‌പ്പം കൂടി പ്രാധാന്യം കൊടുത്തിരുന്നെങ്കിൽ ഇന്ത്യയിലെ ഏറ്റവും നല്ല സ്ഥലം കേരളം കഴിഞ്ഞാൽ ചെന്നൈ തന്നെ ആകുമായിരുന്നു...പുരൊഗതിയിലെക്കു അനുദിനം കുതിച്ച് കൊണ്ടിരിക്കുന്ന ചെന്നൈയിൽ വികസന പ്രവർത്തനങ്ങൾ , അത് കൂറ്റൻ ഓവെർബ്രിഡ്ജുകളൊ മറ്റെന്തൊ ആവട്ടെ ഒട്ടും കാലതാമസം വരുന്നില്ല.. വെള്ളമില്ലെങ്കിലും ചെടികൾ നട്ടുപിടിപ്പിച്ച് ഉദ്യാനങ്ങൾ ഉണ്ടാക്കുന്നതിലും വഴികൾക്കിരുവശവും മരങ്ങൾ നട്ടു വളർത്തി പരിപാലിക്കുന്നതിലും ഉള്ള ശ്രദ്ധ നാം കേരളീയർ കണ്ട് പഠിക്കേണ്ടതാണ്. ഉദാഹരണം ബെസന്ത് നഗർ ബീച്ചിലേക്ക് പോകുന്ന വഴി..തിയൊസഫിക്കൽ സൊസൈറ്റിയുടെ ഏരിയ ആണെങ്കിലും മരങ്ങൾ ഉള്ള കാരണം എന്തൊരു ഭംഗിയാണ് ആ റോഡിനു..!


ചെന്നൈൽ ഇനി കാണാത്ത സ്ഥലം അധികമൊന്നും ഇല്ല.. അമ്പലങ്ങളായ അമ്പലങ്ങളും മറ്റു വിനോദ കേന്ദ്രങ്ങളും ഒക്കെ കണ്ടു കഴിഞ്ഞു. അഷ്ടലക്ഷ്മി കോവിൽ, അണ്ണാസമുച്ചയം, മഹാബലിപുരം , വടപളനി കോവിൽ, സാന്തോം ചർച്ച് , വേളാങ്കണ്ണി ചർച്ച് , എഗ്മോർ മ്യൂസിയം, വണ്ടല്ലൂർ സൂ , വി .ജി പി ബീച്ച് , മഹാലിംഗപുരത്തും അണ്ണാനഗറിലും ഉള്ള അയ്യപ്പൻ കോവിലുകൾ, കപാലീശ്വര ടെമ്പിൾ, സായിബാബ ടെമ്പിൾ, പാരീസ് , ടി.നഗറിലെ ഷോപ്പിങ്ങ് സെന്ററുകൾ , എയർപൊർട്ട്, നങ്കനല്ലൂർ ആഞ്ജനേയർ കോവിൽ , അണ്ണാസമാധി , എം ജി ആർ സമാധി, ലൈറ്റ്ഹൌസ്, ഗാന്ധി സ്റ്റാച്യൂ, , ഗിണ്ടി സ്നേയ്ക്ക് പാർക്ക്, ഇതെല്ലാം കാണാം .


സദാചാര പോലീസുകാർ ഇവിടെയും ഉണ്ടൊ എന്നറിയില്ല...പക്ഷെ ആൺ- പെൺ സൌഹൃദങ്ങൾക്കു വിലക്കുകൾ കാണപ്പെടുന്നില്ല..എനിക്കറിയാത്തതൊ എന്നും അറിയില്ല..ഒറ്റയ്ക്ക് 10 മണി വരെ എങ്കിലും ഒരു പെണ്ണിനു ഒറ്റയ്ക്കു യാ‍ത്ര ചെയ്യാൻ ഭയപ്പെടെണ്ടതില്ല...എന്നാൽ ഭയപ്പെടേണ്ട ഏരിയയും ഉണ്ടെന്നു പറഞ്ഞ് കേൾക്കുന്നു...ഞാൻ ആ സാഹസത്തിനു മുതിരാറില്ല...! ആളുകൾ കുറച്ച് കൂടി ഫോർവേർഡ് ചിന്താഗതിക്കാരും ഒരേ സമയം അന്ധവിശ്വാസികളും ആണ് എന്നാണെനിക്കു തോന്നിയിട്ടുള്ളത്..എന്നാലും അന്യപുരുഷനോടൊ , സ്ത്രീയൊടൊ സംസാരിക്കുന്നതിലും, സംശയ ദൃഷ്ടിയൊടെ നോക്കുന്നതും ഇവിടെ ഇല്ലെന്നു തന്നെ തോന്നുന്നു....

എന്തെന്നെ ആയാലും ചെന്നൈ.. നീ എന്നെ ആകർഷിച്ചു കഴിഞ്ഞു...!! നിങ്ങൾക്കൊ..:))))

11 അഭിപ്രായങ്ങൾ:

ചാര്‍ളി (ഓ..ചുമ്മാ ) പറഞ്ഞു...

ഏറിയാല്‍ ഒരു കൊല്ലം ..
അതിനകം ഈ നരകം വിടും എന്ന് ദൃഡപ്രതിജ്ഞ എടുത്ത് വന്നിട്ട് ഇപ്പോ ഏഴുകൊല്ലം കഴിഞ്ഞു..
വിട്ടു പോവാന്‍ പറ്റണില്ല..
yes. I too love Chennai

faisu madeena പറഞ്ഞു...

എന്തൊക്കെ പറഞ്ഞാലും നമ്മുടെ കേരളത്തിനേക്കാള്‍ പല കാര്യത്തിലും നല്ലത് അങ്ങ് തമിഴ്നാട് ആണ് എന്ന് തോന്നുന്നു .പ്രത്യേകിച്ചും സ്ത്രീകളെ ബഹുമാനിക്കുന്ന കാര്യത്തില്‍ ..തുറിച്ചു നോട്ടങ്ങള്‍ ,സദാചാര പോലീസ്‌ ഒന്നും ഇല്ല എന്ന് തന്നെ പറയാം എന്നാണു അവിടെയുള്ള ചില ഫ്രെണ്ട്സ് പറഞ്ഞത് ...സ്വസ്ഥമായി സഞ്ചരിക്കാന്‍ കഴിഞ്ഞാല്‍ തന്നെ കുറെ സമാധാനം കിട്ടും ...

വളരെ രസകരമായ പോസ്റ്റ്‌ ..ഒരു സിനിമ കഥ പോലെയുള്ള വിവരണം ..നന്നായി

K.P.Sukumaran പറഞ്ഞു...

ബ്ലോഗ് ഉണ്ടായിരുന്നു അല്ലേ, ഞാന്‍ ഇതിന് മുന്‍പ് ഇവിടെ വന്നിരുന്നോ എന്ന് ഓര്‍മ്മയില്ല. എന്തായാലും ഈ പോസ്റ്റ് നന്നായിട്ടുണ്ട്.

മദ്രാസിന്റെ ഒരു പ്രത്യേകത എന്തെന്നാല്‍ അതിന്റെ എല്ലാ വൃത്തികേടുകളോടും ക്രൂരതകളോടും കൂടി തന്നെ നാം അതിനെ നെഞ്ചിലേറ്റി സ്നേഹിച്ചു പോകും എന്നതാണ്. മദ്രാസില്‍ എത്തിപ്പെടുന്ന ആ‍ര്‍ക്കും ഇത് എന്റെയും കൂടി നഗരം ആണെന്ന് തോന്നിപ്പോകും.മദ്രാസിലെ പോപ്പുലേഷനില്‍ എക്കാലത്തും തദ്ദേശീയര്‍ തന്നെയാണ് മഹാഭൂരിപക്ഷം എന്നിട്ടും മറ്റുള്ളവര്‍ക്കും ഈ ഫീലിങ്ങ് ഉണ്ടാക്കുന്ന എന്തോ ഒന്ന് ഈ നഗരത്തിനുണ്ട്. മറ്റേത് നഗരത്തില്‍ പോയാലും ആരുടെയോ നഗരം എന്നാണ് തോന്നുക.

മദ്രാസ് ഒരുപാട് വികസിച്ചു. നഗരത്തിന്റെ വ്യാപ്തി എത്രയോ വിപുലമായി. ഒരു കാലത്ത് പട്ടിക്കാട് ആയിരുന്ന കുഗ്രാമങ്ങളൊക്കെ പട്ടണത്തിന്റെ ഭാഗമായി. എന്നാലും നഗരത്തിന് സാംസ്കാരികമായൊരു നൈരന്തര്യം കാത്തുസൂക്ഷിക്കാന്‍ കഴിയുന്നു. കോടമ്പാ‍ക്കത്തിന് സത്യത്തില്‍ സിനിമയുമായി ബന്ധമൊന്നുമില്ല. ആദ്യകാലത്ത് സിനിമാ സ്റ്റുഡിയോകള്‍ എല്ലാം വടപളനിയില്‍ ആണല്ലൊ കേന്ദ്രീകരിച്ചിരുന്നത്. മൌണ്ട് റോഡില്‍ ജമിനി സ്റ്റുഡിയോ ഉണ്ടായിരുന്നുവെങ്കിലും അവിടെ അവരുടെ സിനിമ മാത്രമേ ഷൂട്ട് ചെയ്തിരുന്നുള്ളൂ. കളര്‍ ലാബിന്റെ സേവനത്തിന് മാത്രം മറ്റുള്ള സിനിമക്കാര്‍ എത്തും. വടപളനിയില്‍ അന്നു സ്റ്റുഡിയോകള്‍ മാത്രമേയുള്ളൂ. നഗരം കോടമ്പാക്കം വരെയും. അത്കൊണ്ടായിരിക്കാം സിനിമയുടെ തലസ്ഥാനം കോടമ്പാക്കം എന്ന് അറിയപ്പെട്ടത്.

ഈയിടെ നെറ്റില്‍ തപ്പുമ്പോള്‍ ഫേസ്‌ബുക്കില്‍ My Madras എന്നൊരു പേജ് കാണാനിടയായി. പണ്ടത്തെ ഫോട്ടോകള്‍ ഒക്കെ അതില്‍ അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. അതെ, അന്നത്തെ മദ്രാസും ഇന്നത്തെ ചെന്നൈയും നമ്മള്‍ എല്ല്ലാവരുടെയുമാണ്. സ്വന്തമായി കാര്‍ വാങ്ങി അണ്ണാശാലൈയുടെ ആ തിരക്കിലൂടെ ഒഴുകാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു :)

പഥികൻ പറഞ്ഞു...

ബാംഗ്ലൂരിലായിരുന്ന സമയത്ത് ചെന്നൈയെയും ചെന്നൈക്കാരെയും കളിയാക്കുകയായിരുന്നു പ്രധാന ഹോബി :)

പലതവണ വന്നിട്ടുണ്ട് ചെന്നൈയിൽ...വ്യത്യസ്തമായ ഒരു നഗരസംസ്കാരമാണവിടെ..

സസ്നേഹം,
പഥികൻ

പാപ്പാത്തി പറഞ്ഞു...

ചാർളീ, ഫൈസു, സുകുമാരൻ സെർ, പഥികൻ...നന്ദി ട്ടൊ...:)

പൊട്ടന്‍ പറഞ്ഞു...

മാലിന്യമില്ലായിരുന്നെങ്കില്‍ പല നഗരങ്ങളും സ്വര്‍ഗമാകും. മറ്റു മെട്രോകളുടെ അത്ര വൈവിധ്യം ചെന്നക്ക് ഉണ്ടോ?

മേല്‍പ്പത്തൂരാന്‍ പറഞ്ഞു...

എന്റെ സ്വന്തം മദിരാശി....എന്നെ ഞാനാക്കിയ മദിരാശി,..........ഒരുപാട് മധുരസ്മരണകള്‍ ഉണ്ടെങ്കിലും..മദിരാശിയിലെ നടുക്കുന്ന ചിലഓര്‍മ്മക്കള്‍ ഇന്നും മായാതെ മനസ്സില്‍ കിടക്കുന്നു.കേരളമെന്നുകേള്‍ക്കുമ്പോള്‍ ഹാലിളകുന്ന മലയാളിചേട്ടന്മാര്‍ക്ക് മദ്രാസ്സ് എന്തോ ഒരു മഹാസംഭവമായിതോന്നാം...സദാചാരപോലീസ്സ് അവിടെയുണ്ടോ ഇല്ലയോ എന്ന് സിറ്റിയില്‍യിലെ പ്രധാനതെരുവില്‍ നിന്നും ഉള്ളിലോട്ട് ഒന്നു നടന്നു നോക്കണം, ഈ പറയപ്പെടുന്ന മെറീനാ ബീച്ചിലനിന്നും കാമുകനെ കെട്ടിയിട്ടിട്ട് കാമുകിയെ കടത്തിക്കൊണ്ടു പോയ സംഭവങ്ങള്‍ ഉണ്ട്.സ്ത്രീകളെ വളരെ ബഹുമാനത്തോടെ “അമ്മാ”എന്നു മാത്രമേ വിളിക്കാറുള്ളു.ആ വിളിച്ച വാകൊണ്ടുതന്നെ മറ്റുപലതും വിളിക്കും.സ്നേഹിച്ചാല്‍ ജീവങ്കൊടുക്കാനും മടിക്കാത്ത ഒരു കൂട്ടരുണ്ട് അവരാണെന്റെ ഓര്‍മ്മയിലെ മധുരസ്മരണയില്‍ ജീവിക്കുന്നവര്‍.കിഴക്ക് കടല്‍ക്കര ശാലയില്‍ കറങ്ങിനടന്നിട്ട് രാത്രി പന്ത്രണ്ടുമണിക്കും സ്ത്രീകള്‍ക്ക് സ്വസ്തമായിസഞ്ചരിക്കാമെന്ന് വീമ്പ് പറയല്ലേ..വീണേ..

പാപ്പാത്തി പറഞ്ഞു...

മേൽ‌പ്പത്തൂര് ഭട്ടതിരീ...;) ഞാനെവിടെ 12 മണി എന്നു പറഞ്ഞു..10 എന്നല്ലെ പറഞ്ഞുള്ളു...:) അതിലപ്പുറം ഞാൻ പോയിട്ടില്ല..ഉണ്ടെങ്കിലും ഭർത്താവിന്റെ ഒപ്പം മാത്രം..സദാചാര പോലീസ് ഇല്ലെന്നു തൊന്നുന്നു എന്നു .ഉണ്ടൊ എന്നെനിക്കറിയില്ല എന്റെ അനുഭവമാ പറഞ്ഞെ...നാളെത്തെ കാര്യം അറിയില്ല...! ഹിഹി വീമ്പിളക്കീന്നൊ....ഇയാളെന്റെ കയ്യീന്നു വാങ്ങിക്കും...ആഹാ ഞാനും എന്റെ ചെന്നൈയും എന്നു പറഞ്ഞാൻ എനിക്കു തൊന്നീത ഞാൻ പറഞ്ഞു എന്നു :)) താങ്ക്സ് കേട്ടാ..:))

Typist | എഴുത്തുകാരി പറഞ്ഞു...

ഞാനും ഒരു നാലഞ്ചുമാസമുണ്ടായിരുന്നു ചെന്നൈയിൽ, മൂന്നു മാസം മുൻപ്.

എന്തുകൊണ്ടോ,ഒരുപക്ഷേ എന്റെ അന്നത്തെ മാനസികാവസ്ഥയും ഒരു കാരണമായിരിക്കാം,ഞാൻ ഓർക്കാൻ ഇഷ്ടപ്പെടാത്ത ഒരു കാലമാണതു്. ഞാനും പലപ്പോഴും പോയിരിക്കാറുണ്ട് ബസന്ത് നഗർ ബീച്ചിൽ. അവിടെ അങ്ങനെ ഇരിക്കുമ്പോൾ മനസ്സിൽ വിഷാദം വന്നു മൂടും.

അഡയാറിൽ വീടെടുത്തതു് നടന്നുപോകാവുന്നത്ര അടുത്ത് ബീച്ച് ഉണ്ടല്ലോ എന്നതുകൂടി കണക്കിലെടുത്തായിരുന്നു. കടലിനെ ഇഷ്ടമായിരുന്നു എന്നും. ഒരു സുഹ്ർത്തിനേപ്പോലും കണ്ടെത്താനും കഴിഞ്ഞില്ല എനിക്കവിടെ. ഇതൊന്നും ചെന്നൈ നഗരത്തിന്റെ കുറ്റമല്ലാട്ടോ.

എന്തായാലും വീണക്കു് ചെന്നൈയെ സ്നേഹിക്കാൻ കഴിയട്ടെ.

പാപ്പാത്തി പറഞ്ഞു...

why did you not select me ? :))

Rahul C Raju പറഞ്ഞു...

hmm..... wteva,i cant find a reason to like chennai..... i get d kinda my own feeling only wid dis place .... 'namma bengalooru'.... probably coz i hav spent al my good yrs here incl graduation n work.... n wneva, i was in chennai, i was more eager to get out of d place... was like sm place i cant adjust to.... (same wid kolkota as well) ..