kunjan radio

2011, മേയ് 29, ഞായറാഴ്‌ച

ഒരു മഴക്കാലം കൂടി......

ഞാന്‍ ഏറ്റവും കൂടുതല്‍ മഴയെ ഇഷ്ടപെട്ടിരുന്നത് തളിക്കുളത്തെ ആ മഴയായിരുന്നു...ബാല്യം അവിടെ ആയിരുന്നല്ലോ..പുലര്‍ച്ചെ നാല് മണിക്ക് തന്നെ അമ്മ എണീപ്പിക്കും..മടിയായിരുന്നു എങ്കിലും മനസില്ലാ മനസ്സോടെ എഴുന്നേല്‍ക്കും...അമ്പലക്കുളത്തില്‍ ആളുകള്‍ വരുന്നതിനു മുന്നേ കുളിച്ചു വരണം ..അതാണ് രീതി..മഴ പെയ്യുന്ന സമയത്തും ഈ സ്ഥിതിക്ക് മാറ്റമില്ല..പക്ഷെ ഒന്നുണ്ട്..ആ സമയത്ത് അമ്പലക്കുളത്തില്‍ മഴ പെയ്യുന്നത് കാണാന്‍ എന്തൊരു രസമായിരുന്നു..കുളത്തിലെക്കെത്തുമ്പോള്‍ മഴയ്ക്ക് വന്യ ഭാവമാണ്...വലിയ വലിയ തുള്ളികള്‍ കുളത്തില്‍ നിര്‍മ്മിക്കുന്ന വലയങ്ങള്‍...പലപ്പോഴും ആ വലയത്തെ കയ്യിലെടുക്കാന്‍ നോക്കും...പറ്റില്ല...ആ സമയത്ത് ദൂരെ കടലിന്റെ ഇരമ്പവും കേള്‍ക്കാം...തണുത്ത് വിറച്ചു കുളിച്ചു വന്നു അമ്പലത്തില്‍ പോയി വേഗം വീട്ടില്‍ വരും...ഒരു ചെറിയ ഉറക്കം കൂടിയുണ്ട്..അത് മഴയുടെ താളം കേട്ട് തന്നെ..സ്കൂള്‍ ഉണ്ടാവല്ലേ എന്ന് പ്രാര്‍ത്ഥിക്കും..ഓടിന്റെ ഇറമ്പിലൂടെ മഴയുടെ താളം കേട്ടിട്ടില്ലേ..അതാണ്‌ മാരി...അതിനു വേറെ ഒരു ശബ്ദമാണ്..പിന്നെ മഴ നിലയ്ക്കുമ്പോള്‍ തുള്ളി തുള്ളിയായി വീഴുന്ന ശബ്ദം വേറെ...:)) ഏറ്റവും ആസ്വദിച്ചിരുന്നത് രാത്രിയിലെ മഴ...രാത്രി ഭക്ഷണം കഴിഞ്ഞു എട്ടു മണി ആവുമ്പോഴേക്കും വല്ല്യമ്മയുടെ കട്ടിലിന്റെ അടിയില്‍ കേറും...അവിടെയാണ് എന്റെ സ്ഥാനം...അവിടെ കിടന്നു രാത്രിമഴ ആസ്വദിക്കും...അച്ഛന്‍ വാങ്ങി തന്ന ചെറിയ കിടക്കയില്‍ പുതപ്പിന്റെ അടിയില്‍ തണുത്ത് വിറച്ചു...അങ്ങനെ..ഇടക്കൊരു കറന്റ്‌ പോക്കുണ്ട്..അപ്പൊ പ്രാര്‍ത്ഥിക്കും കറന്റ്‌ വരല്ലെന്നു...അല്ലെങ്കില്‍ പഠിക്കാതെ കിടന്നെനു ചീത്ത കേള്‍ക്കും..ഉറപ്പ് ....കറന്റ്‌ പോയാല്‍ എന്റെയും ചേച്ചിയുടെയും വല്ല്യമ്മയുടെയും ഗാനമേള...:))) ഉറക്കെ തകര്‍ത്തു പൊടിക്കും...ആരും കേള്‍ക്കൂല്ലല്ലോ...ഞാനായിരിക്കും പ്രധാനി...:)) പാട്ട് അന്നും പ്രാണന്‍ തന്നെ...:)) പക്ഷെ പിറ്റേന്നു അയലപ്ക്കതുന്നു ആളുകള്‍ കളിയാക്കും..ഇന്നലെ എന്തായിരുന്നു ആര്‍പ്പും ബഹളോം..എസ്.ജാനകിയും ..മാധുരിയും ..പി ലീലയും തകര്‍ക്കുന്നുണ്ടാരുന്നല്ലോ..എന്നൊക്കെ...അതൊക്കെ മഴയ്ക്ക് മാത്രം തരാന്‍ കഴിയുന്ന ഓര്‍മ്മകള്‍...സ്കൂളില്‍ ഇരിക്കുമ്പോഴും മഴ വരണേ ന്നു പ്രാര്തിക്കും..ഒരു പീരീഡ്‌ നേരത്തെ വിടൂലോ,,,:)) മഴ പെയ്യുമ്പോ, അരിമ്പൂരില്‍ നിന്നും വരുന്ന നെല്ലിക്ക അമ്മായി സ്കൂളിന്റെ ഇറയത്ത് കേറി നില്‍ക്കും..അത് ഞാന്‍ ഇരിക്കുന്ന ബെഞ്ചിന്റെ തൊട്ട ജനാലയുടെ അപ്പുറമാണ്...റോഡ്‌ സൈഡില്‍..അപ്പോള്‍ നെല്ലിക്ക അമ്മായിയുടെ കുട്ടയില്‍ നിന്ന് ഉയരുന്ന ചമ്പക പൂവിന്റെയും ലാങ്കി ലാങ്കിയുടെയും സുഗന്ധം...!!!! മഴ ചാറല്‍ ഏറ്റു തുറന്നു വച്ച പുസ്തകം നനയും...അതും ഒരു സന്തോഷം...പഠിക്കെണ്ടല്ലോ:))) വൈകുന്നേരം പെയ്യുന്ന മഴ , അവധി ദിവസങ്ങളില്‍ പെയ്യുന്ന മഴ...ആഹ്ലാദമാണ്‌..അമ്പലമുറ്റത്ത്‌ മുട്ടിനു മീതെ വെള്ളം ഉണ്ടാകും..അതിലൂടെ നീന്തി നടക്കാം...അമ്മ ചീത്ത പറഞ്ഞാലും ശരി..എന്റെ കളി കൂട്ടുകാരും ഞാനും വഞ്ചികള്‍ ഉണ്ടാക്കി അവിടെ കളിയാണ്..പിന്നെ രാവിലെ പാല് വാങ്ങാന്‍ പോകുമ്പോ പാടത്ത് കൂടെ തല്ലിയലച്ചു പോകാം..നീര്‍കോലിയെ കണ്ടു തിരിഞ്ഞോടാം..ആ ഓട്ടത്തില്‍ കുട മഴയുടെ കൂടെ പോകും...:))) അതൊക്കെ നീറ്റല്‍ ഉണര്‍ത്തുന്നു...ഇന്നും...കാലങ്ങള്‍ക്ക് ശേഷം അതെ മഴയെ ആസ്വദിച്ചത് വയനാട്ടില്‍ വച്ചായിരുന്നു...അമ്പലവയല്‍ കോളനിയിലെ ആദിവാസി കുടിലിലെ രാത്രി താമസം...പ്രിയ സുഹൃത്തുക്കളോടൊപ്പം..രണ്ടു മൂന്നു ദിവസം അവരുടെ കൂടെ..കറന്റ്‌ പോലുമില്ലാത്ത ആ സ്ഥലത്ത് കോരിച്ചൊരിയുന്ന പേമാരി...ഒരു കുട പോലും സ്വന്തമായി ഇല്ലാത്തവര്‍..നമ്മുടെ കയ്യിലെ കുടയെ അത്ഭുതത്തോടെ നോക്കും..പാള തൊപ്പി ആണ് അവരുടെ കുട..സ്ത്രീകള്‍ക്ക് ചേമ്പില...വഴുക്കി വീഴുന്ന നിലങ്ങള്‍...ഒന്ന് ശ്രദ്ധിച്ചില്ലെങ്കില്‍ ഉരുണ്ടുരുണ്ട് ഒരു വഴിക്ക് പോകും...ആ രാത്രികളില്‍ മഴ വല്ലാത്ത സീല്‍ക്കാരം പുറപ്പെടുവിച്ചിരുന്നു...പേടി തോന്നിയിരുന്നു...ആ മഴ അന്ന് അങ്ങനെ ശബ്ദം പുറപ്പെടുവിച്ചത് കാരാപുഴ ഡാം അടുത്ത് തന്നെ ആയിരുന്നു അതാണ്‌...ഡാമില്‍ പെയ്യുന്ന മഴയുടെ ശബ്ദം..!! ( എന്ന് ഊഹിക്കുന്നു...))

പിന്നെയുമുണ്ട് മഴ...ഇപ്പൊ വരും വരും എന്ന് കൊതിപ്പിച്ചു ഓടി പോകും...മഴ പെയ്യില്ലെന്ന് വിചാരിച്ചു കുട എടുക്കാതെ പോയാല്‍ നനച്ചു കുളിപ്പിക്കും..പൊരി വെയിലത്ത്‌ പെട്ടെന്നൊരു മഴ...കാറ്റിന്റെ ഒപ്പം പെയ്യുന്ന മഴ....കുറുക്കന്‍ കല്യാണം കഴിക്കുന്ന ദിവസത്തെ മഴ...താളത്തോടെ മേളത്തോടെ വാദ്യ ഘോഷത്തോടെ പെയ്യുന്ന മഴ...തുലാമാസത്തിലെ വൈകുന്നേരം പെയ്യുന്ന മഴ..വടക്ക് മഴക്കാര് കണ്ടാല്‍ മഴ പെയ്യും ..തെക്ക് കണ്ടാല്‍ അത് തെക്കോട്ട്‌ പൊക്കോളും ഇവിടെ പെയ്യില്ല എന്ന് അമ്മയും വല്യമ്മയും...ഇടയ്ക്കു കാണുന്ന മഴവില്ല്...( ഇടയ്ക്കു മഴവില്ലിനെ കാണാറേയില്ലാരുന്നു ..ദൈവം തിരികെ എടുത്തു കൊണ്ട് പോയി എന്ന് കവി....)) ബസ്സില്‍ ഒട്ടിയ ദേഹവുമായി കോളേജ്ലേക്കുള്ള യാത്രയില്‍ പെയ്യുന്ന മഴ...ചേറ്റുവ പുഴയില്‍ പെയ്യുന്ന മഴ...ഒട്ടേറെ ഓര്‍മ്മകള്‍ തരുന്നു ഈ മഴ..മഴ പെയ്യുമ്പോ വീട്ടിനുള്ളില്‍ സന്ദര്‍ശനത്തിനു വരുന്ന തവള.., മിന്നാമിനുങ്ങ്...ഈയാം പാറ്റ....പിറ്റേന്നു മുളച്ചു പൊന്തുന്ന കൂണുകള്‍..എല്ലാം എന്തൊരു രസം....എല്ലവർക്കുമുണ്ട് മഴയെ പറ്റി ധാരാളം പറയാൻ..ഇത് എന്റെ മാത്രം ......

ഇവിടെയും മഴയുണ്ട്...ഭംഗിയില്ലാത്ത മഴ..ബാല്‍ക്കണിയില്‍ ഇരുന്നു കാണാന്‍ മാത്രേ രസമുള്ളൂ..അതും പെട്ടെന്ന് വന്നു പെട്ടെന്ന് പോകുന്ന മഴ...ഒരിക്കല്‍ ബൈക്കില്‍ പോകുമ്പോഴാണ് അഡയാര്‍ പാലത്തിന്റെ അവിടെ വച്ച് കിഴക്ക് വശത്ത് മഴവില്ല് കണ്ടത്..ഉറക്കെ വിളിച്ചു കൂവി..ആ സമയത്ത് ഇംഗ്ലീഷും തമിഴും അല്ല ..എന്റെ മലയാളമായിരുന്നു നാവില്‍ വന്നത്...അന്ന് മനസിലായി കേരളത്തില്‍ നിന്നും എടുത്തു കൊണ്ട് വന്ന മഴവില്ല് ദൈവം ഇവിടെ കൊണ്ട് വചെക്കുവാണെന്ന്...ഞങ്ങള്‍ എത്ര തിരക്കി..ദൈവമേ...നീ എനിക്ക് വേണ്ടിയാണോ ഇതിവിടെ കൊണ്ട് വച്ചത്...!!!!!!!!! എന്റെ മഴയെ ഓര്‍ക്കാന്‍ വേണ്ടി.....!!

20 അഭിപ്രായങ്ങൾ:

ബിജുകുമാര്‍ alakode പറഞ്ഞു...

ഈ കുറിപ്പില്‍ നല്ലൊരു എഴുത്തുകാരിയെ ഞാന്‍ കാണുന്നു.. പാരഗ്രാഫ് തിരിയ്ക്കാത്തത് വായനാസുഖത്തെ ബാധിയ്ക്കുന്നുണ്ട്. അതു കൂടി ശ്രദ്ധിയ്ക്കുമല്ലോ.. നല്ല ഓര്‍മ്മകള്‍ നന്നായി അവതരിപ്പിച്ചു. അഭിനന്ദനങ്ങള്‍.

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

മഴയുടെ വിവിധ ഭാവങ്ങള്‍ പെയ്തിറങ്ങുന്നുണ്ട് വരികളില്‍ ..ഇതാണ് ഓരോ പ്രവാസിയുടെയുടെയും ഗൃഹാതുരത്വസ്മരണകള്‍ ..

ഇലഞ്ഞിപൂക്കള്‍ പറഞ്ഞു...

നല്ലൊരു മഴകുറിപ്പ്.. ഈ മഴയിലൂടെ ഞാനുമെന്‍റെ ഓര്‍മ്മകളുടെ പെരുമഴക്കാലത്തേക്കൊരു തിരിച്ച് പോക്ക് നടത്തി.. ഈ മരുഭൂമിയിലിരുന്നും എനിക്കാ മഴകുളിര്‍ അനുഭവിക്കാനായി.. നന്ദി.

സുനിൽ കൃഷ്ണൻ(Sunil Krishnan) പറഞ്ഞു...

ഒരു നല്ല മഴ കണ്ട അനുഭവം....വേഗം നാട്ടിലേക്ക് പൊക്കോളൂ..മഴ തുടങ്ങാറായി..തുള്ളിക്കൊരു കുടം പേമാരി !

അബ്ബാസ്‌ നസീര്‍ പറഞ്ഞു...

കൊള്ളാം ..ഈ മഴ ചിന്തകള്‍ ..നന്നായി എഴുതി ..അറിയാതെ വായനക്കിടയില്‍ ..ഞാനും എന്റെ മഴക്കാലത്തിലെയ്ക്ക് ..ഒന്ന് ഊളിയിട്ടു ..പിന്നേം ...വന്നു വായിച്ചു ....
ബിജു ചേട്ടന്‍ പറഞ്ഞ പോലെ ...പാരഗ്രാഫ്‌ .തിരിച്ചു എഴിതുക ..വായന സുഖം കിട്ടും ..നന്ദി
ആശംസകള്‍ .....:))

Maya Sadan പറഞ്ഞു...

ഒരിക്കല്‍ക്കൂടി ഈ മഴ ഞാന്‍ അനുഭവിച്ചറിയട്ടെ.........!!!മഴ അങ്ങിനെയാണ്...
ആഗ്രഹങ്ങളുടെ തേര്‍ തെളിക്കുന്ന തേരാളിയായ്...
അറിയാതെ ഒപ്പം കൂടുന്ന നേരുപോലെ...
എനിക്ക് പ്രണയത്തിന്റെ സാമീപ്യം തരുന്ന ഒന്നാണ് മഴ. മഴയ്ക്ക് എന്തെല്ലാം ഭാവങ്ങള്‍.......ചിലപ്പോള്‍ പിണങ്ങി ഓടിമാറുന്ന ഒരു കുഞ്ഞിന്റെ നിഷ്കളങ്കഭാവം.....

മറ്റുചിലപ്പോള്‍ നെഞ്ചിലടിച്ചു പ്രാണന്‍ വിങ്ങുന്ന വേദനയായി തോന്നും...

വിളിക്കാതെ വന്ന അഥിതിയേപ്പോലെ വിഷണ്ണനായി പടിയിറങ്ങേണ്ടിവരുന്ന ഭാവത്തിലാവും ചിലപ്പോള്‍.

കാത്തിരിപ്പിന്റെ ആക്കം കൂടുമ്പോള്‍ ദൂരെ തിടുക്കം കൂട്ടുന്ന കാമുകനെപ്പോലെയാണ് ചിലപ്പോള്‍ മഴയുടെ ഭാവംതോന്നുക..മഴനൂലുകള്‍ നൃത്തം വയ്ക്കുന്ന വര്‍ഷരാത്രി പ്രണയത്തിന്റെ
പൂമ്പൊടി വിതറി
........................... ....thanks veena മഴയിലൂടെ നീ നടന്നു കേറിയത്‌
എന്റെ ഹൃദയത്തിലെക്കാണ് .......

പാപ്പാത്തി പറഞ്ഞു...

myaaaaa...thanks....mazha oru anubhoothi thanne...!!

oru orammayil panikidakkayil kidanu pettennu ezhuthiya oru kuripp athaanu ee mazhakurippu..onnum nokkiyilla..pettennu posti..so thettukala kandekkam...ellavarkkum ente hridayam niranja nandi....thanks..thanks....:)

തൂവലാൻ പറഞ്ഞു...

നന്നായി തന്നെ എഴുതിയിരിക്കുന്നു..പ്രവാസികൾക്ക് മഴയോട് പ്രേമം കൂടുതലാണ്.എന്റെ കാമുകിയാണ് മഴ…ഞാനും ഓർത്ത് പോകുന്ന് എന്റെയും കുട്ടിക്കാലം..ആശംസകൾ…അഭിനന്ദനങ്ങൾ…കുട്ടിക്കാലത്തേയ്ക്ക് മനസ്സിനെ വഴി തിരിച്ചു വിട്ട താങ്കളുടെ എഴുത്തിനു ആയിരമായിരം നന്ദി..

Madhavikutty പറഞ്ഞു...

nannayirikkunnu veene... iniyum othiri ille parayan!... ith oru thudarum enna cherthezhuthode vayikkatte..

സുഗന്ധി പറഞ്ഞു...

മഴയെപ്പറ്റി മാത്രം......
നീയെന്നെയും കൊണ്ടൂപോയി കുളക്കടവിലെ മഴയിലേക്ക്, മുറ്റത്ത് തോണിയിറക്കുന്ന കുട്ടിക്കാലത്തിലേക്ക്, നനഞ്ഞൊട്ടി നടന്ന കൌമാരങ്ങളിലേക്ക്............
നിഷ്കളങ്കമായ ഓര്‍മകള്‍ പാപ്പാത്തീ.......ഒരു പാട് നന്ദി. ദാ, മഴക്കാലം വരുന്നു..ഇങ്ങോട്ടൊന്നു വരാന്‍ പറ്റുമോ എന്നു നോക്കു..

പാപ്പാത്തി പറഞ്ഞു...

തൂവലാൻ ....നന്ദി...:))
ഒത്തിരി ഉണ്ട് ..ഒരു ജന്മം മതിയാകുമൊ..ഏടത്തീ...:))
മഴക്കാലം എനിക്കാസ്വദിക്കണം കള്ള കർക്കി
ടകം വരട്ടെ....റ്റീച്ചർ....:)))

മനോഹര്‍ കെവി പറഞ്ഞു...

മഴയുടെ അനുഭവം ഹൃദ്യമായി വായനക്കാരിലേക്കും പകരുന്നത് പോലെ... അതൊരു വിജയം തന്നെയാണ്.. ആദ്യത്തെ പാരഗ്രാഫ് അല്പം മുറിക്കാമായിരുന്നു .... ഇനി തളിക്കുളത്തെ ഉത്സവങ്ങളെ കുറിച്ച് എഴുതൂ

sunil.v.k പറഞ്ഞു...

Veena...ethunjaninna aarinjee....nannayittunduttoo...eanikku eazhuthan kazhiyillengilum kurachokke vaayikkarundu...nalloru maza kurippu..maza eanteyum weekness aanu..njanorupaadu orupaadu ishttapearundu mazhaye...vaakkukalil parayan kazhiyillengilum mazhayude saundharyam njan eante camerayil pakarthan sramikkarundu...veenayude mazha kaazhchakal aapram thanne...nalloru note kaanana edayakkiya MAYA yodum nandhiyundu.....

Regards

SUNIL.V.K

ഋതുസഞ്ജന പറഞ്ഞു...

കൊള്ളാം... ആദ്യായിട്ടാ വരുന്നത്.. ബ്ലോഗ് ഇഷ്ടമായി

പാപ്പാത്തി പറഞ്ഞു...

നന്ദി മനോഹർജീ....ഉത്സവങ്ങൾ അടുത്ത് തന്നെ പോസ്റ്റാം...:)))
സുനിൽ...ഇപ്പഴെങ്കിലും എന്നെ അറിഞ്ഞല്ലോ....:))
കിങ്ങിണികുട്ടീ...നമ്മൾ പരസ്പരം പരിചയപെട്ടിട്ടില്ല എന്നെയുള്ളൂ...ഞാൻ ഇയാളെ കാണാറുണ്ട്...നന്ദി ട്ടൊ...:)

അജ്ഞാതന്‍ പറഞ്ഞു...

ee mazhakalil onum ne ene orkarille???

പാപ്പാത്തി പറഞ്ഞു...

:))

അജ്ഞാതന്‍ പറഞ്ഞു...

mazha puranam nannayitundu.vakukal mazha poleyakate....


sri

ഷമീര്‍ തളിക്കുളം പറഞ്ഞു...

നന്നായി പറഞ്ഞിരിക്കുന്നു. മഴക്കാല കാഴ്ചപോലെ മനോഹരമായ വിവരണം. പണ്ട് ഞാന്‍ അനുഭവിച്ചറിഞ്ഞ മഴയുടെ കുളിര് വായനയിലൂടെ തിരിച്ചറിയുന്നു......!

ആശംസകള്‍..............

Unknown പറഞ്ഞു...

ഓര്‍മ്മകള്‍! ഓര്‍മ്മകള്‍! ഓടക്കുഴലൂതി........
പാപ്പാത്ത്യേയ്! കുട്ടിക്കാലത്ത് തറവാട്ടിലെ തട്ടിന്‍പുറത്ത് ജനലരികെ നിന്ന് വൈദ്യുതി കമ്പിയിലൂടെയും താഴെ തൊടിയില്‍ ചേമ്പിന്‍ താളിലൂടെയും പോകുന്ന മഴത്തുള്ളി മണികള്‍ നോക്കിയിരിക്കാറുള്ളത് ഓര്‍മ്മ വന്നു!