kunjan radio

2011, ഏപ്രിൽ 24, ഞായറാഴ്‌ച

ഓർമ്മകൾ ഇന്നും പാടുന്നു...:)

മനസ്സിൽ ഒരു പൂർണ്ണ ചന്ദ്രനെ ദർശിക്കുന്ന സുഖമാണ് പൂർണ്ണ പുഷ്കലാംഗിയെ പറ്റി ഓർക്കുമ്പോഴെല്ലാം എനിക്കു കിട്ടുന്നത്. ചിതലുകൾ തിന്നു തീർക്കും മുൻപേ അവ പകർത്തി വച്ചില്ലെങ്കിൽ അവൾ ഓർമ്മയിൽ നിന്നു പോലും എന്നിൽ നിന്നു അകന്നു പോകും....

എന്റെ രണ്ട് മൂന്നു ക്ലാസ്സുകളിലെ കൂട്ടുകാരി...ആ പേരു എനിക്കെന്നും അത്ഭുതമാണ്...മനസ്സിൽ ചിരി ഉണർത്തുന്ന പേര്....വേറെ ആർക്കും ഞാൻ കേട്ടിട്ടില്ല...ബാല്യത്തിലെങ്ങോ എനിക്കു നഷ്ടപ്പെട്ട് പോയ അവളുടെ മുഖം അവ്യക്തമായെങ്കിലും ഓർമ്മയിലുണ്ട്...കറുത്തു തടിച്ച് , മുടി രണ്ട് സൈഡിൽ പിന്നിയിട്ട് അത് മുന്നിലോട്ടിട്ട് വരുന്ന ഒരു അമ്മ്യാരു കുട്ടി..അവൾക്കു ദോശമാവിന്റെ മണമായിരുന്നു...പഠിക്കാൻ മടിച്ചിയും..എപ്പോഴും ഭക്ഷണത്തിന്റെ കാര്യമെ പറയാനുള്ളൂ അവൾക്ക്.

ഗുരുവായൂരിലെ താമസക്കാലത്ത് അമ്മ എന്നെയും എന്റെ ചേച്ചിമാരെയും എന്നും വൈകുന്നേരം ദീപാരാധന തൊഴീക്കാനും , നാമജപത്തിനും കൊണ്ട് പോകും.അന്ന് തെക്കേ നടയിലെ പട്ടരു കുളത്തിനടുത്തെവിടെയോ ആണ് അവളും കുടുംബവും താമസിച്ചിരുന്നത്..അവിടെന്നു കുറച്ച് മാറി ഞങ്ങളും..അവൾക്കു അഛനില്ലായിരുന്നു..അമ്മയും സഹോദരിമാരും അടങ്ങുന്ന ആ കുടുംബം പലഹാരങ്ങൾ ഉണ്ടാക്കി വിറ്റാണ് കഴിഞ്ഞിരുന്നത്..അങ്ങനെ ഞങ്ങൾ തൊഴാൻ പോകുന്ന സമയത്ത് എന്നും അവൾ എവിടെയൊ പോയി അരച്ച് കൊണ്ട് വരുന്ന ദോശമാവ് നിറച്ച വലിയോരു സ്റ്റീൽ പാത്രം ഒക്കത്ത് വച്ച് കിഴക്കേ നടയിലൂടെ വരുന്നുണ്ടാകും..എന്നെ കണ്ടാൽ വെളുത്ത പല്ലുകൾ കാട്ടി ഒരു ചിരിയുണ്ട്..ദോശമാവ് മഠത്തിൽ കൊണ്ട് വച്ച് അവൾ വേഗം അമ്പലത്തിലേക്കു വരും..അന്നൊക്കെ , ഇന്നു അന്നദാനം നടക്കുന്ന ഹാളിലായിരുന്നു നാമജപം നടന്നിരുന്നത്..ആഞ്ഞം തിരുമേനിയാണ് നടത്തിയിരുന്നത്..അമ്മമാരും കുട്ടികളും വയസായവരും ഒക്കെ അടങ്ങുന്ന വലിയൊരു സംഘം അവിടെ ഉണ്ടാകും..
സ്കൂൾ വിട്ടാൽ ഞങ്ങൾ എല്ലാ സഹപാഠികളും സംഗമിക്കുന്ന അടുത്ത സ്ഥലമാണ് നാമജപ ഹാൾ..നാമം ചൊല്ലലൊക്കെ കഴിഞ്ഞാൽ തടിയനായ ഉണ്ടക്കണ്ണൻ, കുടുമ കെട്ടിയ വയസ്സൻ എമ്പ്രാൻ കുട്ടികൾക്കു പഴമൊ പലഹാരങ്ങളോ വിതരണം ചെയ്യും...മുതിർന്നവർക്കു ഇല്ല..ഞങ്ങൾ കുട്ടികൾക്ക് അതാണ് ലക്ഷ്യം..:) എമ്പ്രാനു ഒരു സ്വഭാവമുണ്ട്..എന്നും ഒരേ സ്ഥലത്ത് നിന്നല്ല വിതരണം ആരംഭിക്കുക..ഒന്നുകിൽ പിൻ നിരയിൽ നിന്നു...അല്ലെങ്കിൽ മുന്നിൽ നിന്ന്..ഞങ്ങൾ കുട്ടികളാണ് കുഴങ്ങുന്നത്..ഞാനും പുഷ്കലാംഗിയും കൂടെ മുൻ നിരയിൽ തന്നെ സ്ഥാനം പിടിച്ചിട്ടുണ്ടാകും.ശ്ശെടാ എമ്പ്രാനപ്പൊ പിന്നീന്നായിരിക്കും വിതരണം തുടങ്ങുന്നത്..ഞങ്ങൾ രണ്ടാളും കൂടെ അങ്ങേരു കാണാതെ പതുങ്ങി പതുങ്ങി പിന്നിലെവിടെയെങ്കിലും പോയി ഇരിക്കും...നമുക്കുള്ള പങ്കു കിട്ടിക്കഴിഞ്ഞാൽ വീണ്ടും അമ്മയുടെ മടിയിൽ പോയി ഉറക്കം നടിച്ച് കമഴ്ന്നു കിടക്കും..അവൾ വേറെ ഭാഗത്തായിരിക്കും..തിരക്കിനിടയിൽ അങ്ങേരിതൊന്നും ശ്രദ്ധിക്കില്ല..പാവം ഉറങ്ങുന്ന കുട്ടിക്ക് ഒരെണ്ണം അമ്മയുടെ കയ്യിൽ ഏൽ‌പ്പിക്കും..കാരണം ഒരെണ്ണമേ ഒരു കുട്ടിക്കു കൊടുക്കൂ..പുഷ്കലാംഗി എങ്ങെനെയെങ്കിലും ഒന്നു കൂടി സംഘടിപ്പിച്ചിട്ടുണ്ടാകും..ചിലപ്പൊൾ കള്ളത്തരം പൊളിഞ്ഞാൽ നല്ല ചീത്തയും കിട്ടാറുണ്ട്..:))))
അങ്ങനെ നാമജപം കഴിഞ്ഞ് ഞങ്ങൾ മടങ്ങും..അവളുമുണ്ടാകും കൂടെ..പിറ്റേന്നു സ്കൂളിൽ വന്നാൽ ഇക്കാര്യം പറഞ്ഞ് ചിരിക്കലാണ് പ്രധാന പണി..അവൾ എന്റടുത്തേ ഇരിക്കൂ...’എന്ത് നിറമാ നിന്നെ ‘ എന്നു പറഞ്ഞ് എന്നെ തൊട്ട് നോക്കും.കറുത്ത് പോയതിൽ അവൾക്കു വലിയ വിഷമമായിരുന്നു.ടീച്ചർ ബോർഡിൽ കണക്കെഴുതാൻ തിരിയുന്ന നേരം നോക്കി ഞങ്ങൾ രണ്ടാളും ബഞ്ചിന്റെ പിന്നിലേക്കിറങ്ങി പെട്ടെന്നൊരു കല്ലുകളിയുണ്ട്..:)) എന്നും എനിക്കു വേണ്ടി അവൾ കൊണ്ട് വരുന്ന ഉപ്പിലിട്ട പുളിയുടെ ഒരു സ്വാദ്..ഹോ..!! അവളുടെ അമ്മ ഉണ്ടാക്കുന്ന പട്ടമ്മാരുടെ കൈമുറുക്ക്..എന്തും എനിക്കു തന്നിട്ടേ അവൾ വേറെ ആർക്കും കൊടുക്കൂ..പകരം ഞാൻ, അമ്മ ഇടക്കു തരുന്ന പത്ത് പൈസ കൊണ്ട് അവൾക്കു ഒരു ഗ്ലാസ് ഐസ് വാട്ടർ വാങ്ങി കൊടുക്കും..അഞ്ചു പൈസയാണു ഒരു ഗ്ലാസ്സ് വെള്ളത്തിനു വില..ഞാനും വാങ്ങി കുടിക്കും.അന്നു ഐസ് വാട്ടർ ഒരു അത്ഭുതമായിരുന്നു..പെട്ടിയിൽ വച്ചാൽ തണുക്കുന്ന വെള്ളം !! ഞങ്ങൾ രണ്ടാളും മിഴിച്ച് നോക്കി നിൽക്കും :) അതു വാങ്ങി കുടിക്കാൻ സ്കൂളിന്റെ മുന്നിലെ പെട്ടിക്കടയിൽ കുട്ടികളുടെ തിരക്കാണ് ഇന്റെർബെൽ സമയത്ത്.

ഗുരുവായൂരിലെ ഉത്സവക്കാലം , ഏകാദശിക്കാലവും എനിക്കും അവൾക്കും ഉല്ലാസഭരിതമായ നാളുകളായിരുന്നു..കളിച്ച് തിമിർത്ത് നടക്കുന്ന ഏഴു വയസ്സുകാരികൾ. എന്തും അന്യോന്യം പങ്കിട്ട്, ചിരിച്ച് , ഉല്ലസിച്ച് ..അങ്ങനെ അങ്ങനെ...! അവളുടെ തമിഴു കലർന്ന മലയാളം കേൾക്കാൻ നല്ല രസമായിരുന്നു..മൂന്നാം ക്ലാസ്സു കഴിഞ്ഞപ്പോൾ ഞങ്ങൾ അമ്മയുടെ വീട്ടിലേക്കു മാറി.എന്റെ പൂർണ്ണ പുഷ്കലാംഗി അവിടെ വച്ച് എനിക്കു നഷ്ടമായി. പിന്നീട് വളരെക്കാലം വീണ്ടും ഗുരുവായൂരിൽ താമസിച്ചിട്ടുണ്ടെങ്കിലും അവളെ എനിക്കു കാണാൻ കഴിഞ്ഞിട്ടില്ല..കുറെ അന്വേഷിച്ചപ്പോൾ , അവളും കുടുംബവും ബാംഗ്ലൂരിലേക്കു മാറിയതായി അറിഞ്ഞു..അത്ര മാത്രം..

ഇന്നു വളർന്നു വലുതായി , ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്ത്, ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിലെ വധുവായി ചെന്നൈയിൽ ജീവിതം തളയ്ക്കപ്പെട്ടു. ഒരു പട്ടരു മഠത്തിലേക്കു തന്നെ..!!! ഇവിടുത്തെ ഏകാന്തതയിൽ ഇരിക്കുമ്പോൾ ആ പട്ടരു കുട്ടിയെ എനിക്കെന്നെങ്കിലും കാണാൻ കഴിയുമൊ എന്നു ഞാൻ വെറുതെ ആലോചിക്കാറുണ്ട്..അവളുടെ ഓർമ്മയിൽ ഞാനുണ്ടാകുമോ എന്നും..!!
മനസ്സിന്റെ മായാ ജാലകത്തിനപ്പുറം , സൂര്യപ്രഭയേറ്റ് വെട്ടിത്തിളങ്ങുന്ന പൂർണ്ണ പുഷ്കലാംഗിയുടെ വെള്ളക്കല്ലു വച്ച മൂക്കുത്തി മാത്രം.........ഒളി മങ്ങാതെ ഇന്നും..

“ഇവിടെ ഇവിടെ വെറുതെയിരുന്നെൻ ഓർമ്മകൾ ഇന്നും പാടുന്നൂ...
ഓരോ കഥകൾ പറയുന്നു”

13 അഭിപ്രായങ്ങൾ:

ബാര്‍കോഡകന്‍ പറഞ്ഞു...

kollam ketto...ezhuthu oru ozhukku feel cheyyunud

അബ്ബാസ്‌ നസീര്‍ പറഞ്ഞു...

pratheeksha kai vidanda .....ennenkilum ..kandu muttiyekkum ...ezhutthu kollaam nannayittundu...iniyum ..ezhuthuka....:))

സുന്ദരന്‍ പറഞ്ഞു...

പൂർണ്ണ പുഷ്കലാംഗി....
ഓർമ്മകളിൽ ഒരു പൂർണ്ണചന്ദ്രൻ
ഉപ്പിലിട്ടപുളിയും കൈമുറുക്കുമൊക്കെയായ് ഇനിയും ഉമേടെ മുമ്പിലെത്താൻ ഇടവരട്ടെ....

നന്നായ് എഴുതി... ഈ ഓർമ്മകളൊക്കെയില്ലങ്കിൽ ഏകാന്തത നമ്മളെ വിഴുങ്ങിക്കളയില്ലെ...
ഇനിയും എഴുതു

Ajay പറഞ്ഞു...

ഓര്‍ക്കുട്ടും ഫെയ്സ്‌‌ബുക്കുമൊക്കെ ഉണ്ടായിട്ടും ഈ കൂട്ടുകാരിയെ കണ്ടുകിട്ടിയില്ലേ.........?

ബിജുകുമാര്‍ alakode പറഞ്ഞു...

എനിയ്ക്കിഷ്ടമായി ഈ ഓര്‍മ്മകള്‍. പഴയ അകായില്‍ നിന്നിനിയും ധാരാളം കഥകള്‍ പ്രതീക്ഷിയ്ക്കുന്നു. ആശംസകള്‍..

പാപ്പാത്തി പറഞ്ഞു...

ഈ കൂട്ടുകാരിയെ ഇനി കണ്ടുമുട്ടുമെന്നു യാതൊരു പ്രതീക്ഷയും എനിക്കില്ല..കമന്റ്സ് ഇട്ടതിനു എല്ലാവർക്കും നന്ദി..:))

sabeena പറഞ്ഞു...

വീണകുട്ട്യെയ് ............നന്നായിട്ടുണ്ട് ..........“ഇവിടെ ഇവിടെ വെറുതെയിരുന്നെൻ ഓർമ്മകൾ ഇന്നും പാടുന്നൂ...
ഓരോ കഥകൾ പറയുന്നു”

ആഗ്നേയ പറഞ്ഞു...

ഓർമ്മകൾക്കെന്തു സുഗന്ധം..ആത്മാവിൻ നഷ്ടസുഗന്ധം :)നൈസ്‌ലി നരേറ്റഡ് :)))

പാപ്പാത്തി പറഞ്ഞു...

സബീനാ...:))
നരെൻ ?:))) അഗ്നൂ...നീ നരെനെ വിളിക്കല്ലെ..:))

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

അപരിചിതമായ ഏതൊക്കെയോ വഴിയിലൂടെ പരിചിതമായ കാഴ്ചകള്‍ കണ്ടു നടന്ന പ്രതീതിയുണ്ടായി,വായനക്ക്...അഭിനന്ദനങ്ങള്‍ .

ഒരില വെറുതെ പറഞ്ഞു...

ഹൃദ്യമായ ഓര്‍മ്മകള്‍.
വാക്കുകളാല്‍ വരച്ച ആ കുട്ടിയെ.

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

hridhyamayi paranju...... aashamsakal.......

മനോഹര്‍ കെവി പറഞ്ഞു...

ഉപ്പിലിട്ട പുളിയുടെ സ്വാദുള്ള കാലത്തേക്ക് കൊണ്ടുപോകുന്ന ഒരു ബ്ലോഗ്‌.....നന്നായിരിക്കുന്നു... പഴയ കാര്യങ്ങള്‍ എഴുതാന്‍ തന്നെയാണ് രസം..

ഒരു കാര്യം മാത്രം മനസ്സിലായില്ല ---- "ഇന്നു വളർന്നു വലുതായി" ------- ആര് വലുതായി ?.... ഇപ്പോഴും ജല്ലിക്കെട്ടില്‍ കാളയുടെ പുറകെ ഓടുന്ന പാണ്ടിത്തമിഴന്‍ കുട്ടിയെ പോലുണ്ട്