നിഗൂഡമായൊരാനന്ദമാണ് ഉള്ളിൽ തിളച്ച് മറിയുന്നത്
നിഷേധിക്കപ്പെട്ടവയിൽ നിന്നൊരു മോചനത്തിന്റെ
നിരാകരിക്കപ്പെട്ടവയിൽ നിന്നൊരു സ്വീകരിക്കപ്പെടലിന്റെ
മുഖം തിരിക്കലുകളിൽ നിന്നൊരു അഭിമുഖത്തിന്റെ....
തൊട്ടാൽ വഴുതപ്പെട്ടിരുന്ന യാഥാർത്ഥ്യങ്ങളേ...
ഇപ്പൊൾ നിങ്ങളെന്റെ ആജ്ഞകൾക്ക് വിധേയമാണ്..
എന്നോടൊപ്പം വരാൻ വിധിക്കപ്പെട്ടവയാണ്..
എനിക്ക് മുന്നെ നടക്കാൻ യോഗ്യതയില്ലാത്തവയുമാണ് !!
ഇപ്പൊൾ എല്ലാം കറങ്ങിത്തിരിഞ്ഞ്
എന്നിലേക്ക് തന്നെ എത്തിപ്പെടുന്നുണ്ട്...
എവിടെന്നില്ലാത്തൊരു ആത്മധൈര്യത്തിന്റെ
ഗന്ധം എനിക്ക് ശ്വസിക്കാനാകുന്നുണ്ട്..
വർണ്ണാന്ധത ബാധിച്ചിരുന്ന സമയങ്ങളിൽ നിന്നു
പ്രതീക്ഷകളുടെ തിളക്കങ്ങളിലേക്ക് മാറിക്കഴിഞ്ഞിരിക്കുന്നു
കാൽക്കീഴിലെ മണ്ണിന്റെ ഉറപ്പ് അനുഭവപ്പെടുന്നു..
അതേ.പ്രപഞ്ചത്തിന്റെ ഭാഗമാണല്ലോ ഞാനും...
എനിക്കും എല്ലാം അവകാശപ്പെട്ടവയാണല്ലോ..
തിരസ്കരിച്ചവരിൽ നിന്നും ഒരുപാടകലെയാണ് ...
മൂടുപടങ്ങൾക്കുള്ളിലെ പരിഹാസങ്ങളിൽ നിന്നും ....
എന്നെ എനിക്ക് തിരിച്ചറിയാനാകുന്നുണ്ട്...
കൈ വിട്ട് പോയെന്നു കരുതിയതെല്ലാം
ഇപ്പോൾ കൂട്ടിനുണ്ട്...
ഒടിഞ്ഞു വീണ വേലിക്കെട്ടുകൾ ചാടിക്കടന്ന്...
ഇനിയൊരു പടവെട്ടലിനു കാത്ത് നിൽക്കാതെ
ഞാൻ എന്നിലേക്ക് എത്തിച്ചേർന്നിരിക്കുന്നു.....
ഞാൻ ഇപ്പോൾ എന്റെ സ്വന്തമായിരിക്കുന്നു.....
3 അഭിപ്രായങ്ങൾ:
excellent
എനിക്ക് ഞാന്‍ സ്വന്തം എന്നതുപോലെ!!
സ്വയം അറിഞ്ഞുകഴിഞ്ഞെങ്കില്‍ ഇനി ഒന്നും പറയാനുണ്ടാവില്ല..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ