kunjan radio

2011, ജൂലൈ 18, തിങ്കളാഴ്‌ച

ഒരു തീർത്ഥാടനം....( ഒന്നാം ഭാഗം..)


അഞ്ചു മണിക്കു എഗ്മോർ സ്റ്റേഷനിൽ നിന്നും ട്രെയിൻ പതുക്കെ നീങ്ങുമ്പോൾ പുറത്ത് സായാഹ്ന സൂര്യൻ ജ്വലിച്ച് തന്നെ നിന്നിരുന്നു....എ സി കമ്പാർട്ട്മെന്റ് ആയിട്ടു കൂടി വിയർത്ത് കുളിക്കുന്നു....വേഗത കൂടുന്തോറും പതിയെ പതിയെ തണുപ്പിലെക്ക്......പെട്ടെന്നാ
ണ് ഈ യാ‍ത്ര തീരുമാനിച്ചത്...രാമേശ്വരം പോക്ക് വളരെ കാലമായുള്ള ആഗ്രഹമായിരുന്നു..ഹിമാലയമാണ് ആത്യന്തിക ലക്ഷ്യം...അതിലേക്കുള്ള ചവിട്ട് പടി എന്നു ഞാൻ ഈ യാത്രയെ കരുതാൻ ആഗ്രഹിക്കുന്നു...എല്ലാ കാര്യങ്ങളും ഒത്ത് വന്നപ്പൊൾ വേഗം നാട്ടിലെക്ക് ഫോൺ ചെയ്തു മൂത്ത സഹോദരിയെയും അമ്മയെയും ഈ യാത്രയിലെക്ക് ക്ഷണിച്ചു..അമ്മ വയസ്സായി വരുന്നു.മക്കളെ കൊണ്ട് ഇതൊക്കെ അല്ലേ ചെയ്യാൻ പറ്റൂ . സശയമുണ്ടായിരുന്നു അമ്മക്ക് യാത്ര പറ്റുമോ എന്നു...എന്തായാലും അമ്മയും ചേച്ചിയും ചെന്നൈക്ക് പെട്ടെന്നു തന്നെ എത്തിചെർന്നു...അതിനു മുന്നെ തന്നെ നല്ലപാതി ട്രെയിൻ ടിക്കെറ്റും ഹോട്ടെൽ റൂമും ഓൺലൈനിൽ ബുക്ക് ചെയ്തിരുന്നു..ഭാഷ പിന്നെ ഒരു പ്രശ്നമെയല്ല...അദ്ദേഹം കൂടെയുള്ളപ്പോൾ ലോകത്തിന്റെ ഏതു കോണിലേക്കു പോകാനും ഒരു ടെൻഷനുമില്ല...

രാമേശ്വരത്തെ പറ്റി എല്ലാ വിവരങ്ങളും ശേഖരിച്ച് വച്ചിരുന്നു. അതു കൊണ്ട് തന്നെ കൊച്ചിലെ കേട്ടറിഞ്ഞിട്ടുള്ള പാമ്പൻ പാലമായിരുന്നു മനസ്സ് നിറയെ. മനസ്സിൽ ഒരു കൊച്ചുകുട്ടിയുടെ ജിഞ്ജാസയും! പുലർച്ചെ നാലരക്കാണു വണ്ടി അവിടെ എത്തുക..ഉണർന്നിരുന്നു കടലിലെ ആ അത്ഭുതത്തെ കാണണമെന്നു തെന്നെ തീരുമാനിച്ചു...ഇടക്കെപ്പോഴോ ഒരു ചെറിയ മയക്കം...വണ്ടി വളരെ പതുക്കെ നീങ്ങുന്നത് ശ്രദ്ധിച്ചപ്പോഴാണു കടൽ‌പ്പാലത്തിനു മീതെയാണ് പോയ്ക്കൊണ്ടിരിക്കുന്നത് എന്നു മനസ്സിലായത്... വിൻഡൊയിലൂടെ താഴേക്കു നോക്കിയപ്പോൾ ചെറിയ ഓളങ്ങൾ കിന്നാരം പറയുന്ന ബെംഗാൾ ഉൾക്കടൽ.....റെയിൽ പാലത്തിനു കുറച്ചകലെയായി പാമ്പൻ പാലം..നേരിയ നിലാവിൽ അവ്യക്തമാ‍യ കാഴ്ച ...ആദ്യ കാഴ്ച നിരാശയായി...ശരിക്കു കണ്ടില്ല എന്ന നിരാശ..സാരമില്ല സമയമുണ്ട്....

നാലരക്കു രാമേശ്വരം എത്തി...പ്രതീക്ഷിച്ചതിനെക്കാൾ നീറ്റായി കിടക്കുന്ന റെയിൽ വെ സ്റ്റേഷൻ..!! ഒരു ഓട്ടോ വിളിച്ച് അമ്പലത്തിന്റെ അടുത്തുള്ള , നേരത്തെ ബുക്ക് ചെയ്ത ഹോട്ടെൽ റൂമിലെക്ക് ...എല്ലാ സൌകര്യങ്ങളും ഉണ്ടെങ്കിലും സെർവീസ് വളരെ മോശം..രാവിലെത്തെ ചില ചടങ്ങുകൾക്കു ഒരു ഓട്ടോ ഏർപ്പാടാക്കി വച്ചു....ബുക്ക് ചെയ്ത റൂം കിട്ടാൻ അഞ്ചര വരെ കാത്തിരുന്നു...അവരുടെ ഭാവം കണ്ടാൽ ന്നു മുഴുവൻ റിസപ്ഷനിൽ തന്നെ കഴിച്ച് കൂട്ടേണ്ടി വരും എന്നു തോന്നുന്നു...!!
ആറു മണിയോട് കൂടി ഞങ്ങൾ നാലു പേരും ഓട്ടോയിൽ കടൽക്കരയിലെക്കു പോയി....അവിടെ തീർത്ഥ സ്നാനം ചെയ്യുന്നവരുടെ തിരക്ക്..അധികവും ഉത്തരേന്ത്യക്കാർ..ആദ്യത്തെ ചടങ്ങ് കടലിലെ സ്നാനം...പുഴ പോലെ ശാന്തമായ കടലിന്റെ അധികം ആഴമില്ലാത്ത ഭാഗത്ത് പോയി ഞാനും ഭർത്താവും മറ്റുള്ളവരുടെ ഒപ്പം ഒരു സമൂഹ സ്നാനം ചെയ്തു...അഴുക്കു വെള്ളം തന്നെ...ശർദ്ദിക്കാൻ വന്നു....പക്ഷെ ചിലത് നമ്മൾ സഹിച്ചെ പറ്റൂ...!! ഞങ്ങൾ കൈ കൂട്ടി പിടിച്ച് ഏഴു തവണ മുങ്ങി....പിന്നാലെ അമ്മയും ചേച്ചിയും..ഈറനോടെ അമ്പലത്തിലെക്ക്.....

അകത്ത് ഇരുപത്തിരണ്ട് തീർത്ഥ കിണറുകൾ ഉണ്ട്...അവിടേയും സ്നാനം ചെയ്തെ ഭഗവാനെ ദർശിക്കാൻ പാടുള്ളൂ...ഇരുപത്തി രണ്ടെണ്ണവും ക്ഷേത്ര വളപ്പിലെ പല ഭാഗങ്ങള്ളിൽ ആയാണ് ഉള്ളത്..അതും വളരെ വിശാലമാണ് മതിൽക്കകം..ചിലയിടങ്ങളിൽ ഒറ്റയായും ചിലയിടങ്ങളിൽ രണ്ടും മൂന്നും ചേർന്നുള്ള ഈ കിണറുകൾ എല്ലാം പല ഷെയ്പ്പിൽ ആണ്.ചിലതിനു വായ്‌വട്ടം വളരെ ചെറുത്..ചിലത് സാധാരണ വലുപ്പം..ഒക്കെയും ആളുകളെ കൊണ്ട് നിറഞ്ഞിരിക്കുന്നു...നമുക്ക് തനിയെ വെള്ളം കോരാൻ അനുവാദമില്ല.അതിനു ക്ഷേത്രത്തിനു പുറത്ത് പ്രത്യേകം ആളുകൾ കയ്യിൽ ഒരു ഇരുമ്പു ബക്കറ്റുമായി ഇരകളെയും കാത്ത് നിക്കുന്നുണ്ടാകും.വെള്ള മുണ്ടും ഷെർട്ടും യൂണിഫോമിൽ...!! ഒരാൾക്കു അല്ലെങ്കിൽ ഒരു ഗ്രൂപ്പ് ആളുകൾക്കു വായിൽ തോന്നിയ വിലയാണ് ചാർജ്..വെള്ളം കോരി തലയിൽ ഒഴിക്കുന്നതിനു , ഞങ്ങളുടേ പിന്നാലെ കൂടിയ ആൾ ഞങ്ങൾ നാലു പേർക്കും ആളൊന്നുക്ക് നൂറ്റമ്പതു രൂപയാണ് ആവശ്യപ്പെട്ടത്...പേശി പേശി അത് 75 ലെക്ക് എത്തിച്ചു. 300 രൂപ.ആകെ. എനിക്കും ഭർത്താവിനും ദമ്പതീ സ്നാനം. ഓരോ കിണറിൽ നിന്നും മൂന്ന് പ്രാവശ്യം തലയിൽ ഒഴിച് തരും...തിരക്കിൽ പെട്ട് വലഞ്ഞു..ഓരോ ഗ്രൂപ്പിനെയും കുളിപ്പിക്കുന്ന ആളുകൾ അതിവേഗതയിൽ കിണറിന്റെ വക്കത്ത് കേറി നില്ക്കുന്നതും തങ്ങളുടെ ആളുകളെ കുളിപ്പിക്കുന്നതും രസം എന്നതിലുപരി അത്ഭുതം കൂടിയായിരുന്നു...ഇത്രയും ചെറിയ കിണറ്റു വക്കിൽ അഞ്ച് പത്ത് പേർ ഒരുമിച്ച് നിന്നു ബാലൻസ് തെറ്റാതെ വെള്ളം കോരി ഒഴിക്കുന്ന കാഴ്ച..!!!! വഴുക്കൽ വളരെ !! അർദ്ധ നഗ്നരായ മനുഷ്യർ..നനഞ്ഞൊട്ടിയ ദേഹങ്ങൾ. ഓണത്തിനു പുട്ട് കച്ചവടം നടത്തുന്ന മാന്യന്മാരും ഉണ്ട്...:)) അമ്മയെ കൈ പിടിച്ച് കൊണ്ട് നടന്നു...പേടിയായിരുന്നു.ആർക്കും തലയിൽ വെള്ളം ഇറങ്ങി അസുഖമൊന്നും വരല്ലെ എന്നു പ്രാർത്ഥിച്ചു. വഴുക്കലിൽ വീഴാതെ തിരക്കിനിടയിൽ കൂടി ഒരു വിധം സ്നാനകർമ്മങ്ങൾ മുഴുവനാക്കി. ഈറനൊടെ ഉള്ളിൽ പോകരുത് എന്നാണു അവിടെ നിയമം..പക്ഷെ ഈറൻ മാറ്റുന്നിടത്തെ അസാധാരണ വൃത്തി കാരണം ഇട്ട ഡ്രെസ് ഉണങ്ങുന്ന വരെ കാത്ത് നിന്നു...അതു കഴിഞ്ഞ് മെയിൻ ശ്രീകോവിലിൽ രാമനാഥ സ്വാമി ദർശനം. ടിക്കെറ്റൊന്നും എടുക്കൻ നിന്നില്ല അത്ര ക്യു ഉണ്ടാരുന്നില്ല. രാവണ നിഗ്രഹം കഴിഞ്ഞ് വന്ന് രാമൻ , ബ്രഹ്മഹത്യ പരിഹാരം ചെയ്യാൻ ഗുരു പറഞ്ഞതനുസരിച്ച് ശിവ പൂജ ചെയ്യാൻ തീരുമാനിച്ചു.ശിവലിംഗം എടുക്കാൻ കൈലാസത്തിലെക്കു പോയ ഹനുമാനെ വളരെ സമയം കഴിഞ്ഞിട്ടും കാണാതെ ആയപ്പോൾ സീതാദേവി മണ്ണ് കൊണ്ട് ഒരു ശിവലിംഗമുണ്ടാക്കി ...രാമൻ പൂജകളെല്ലാം ചെയ്ത് കഴിഞ്ഞപ്പോൾ ഹനുമാൻ അവിടെ എത്തുകയും പൂജ കഴിഞ്ഞതറിഞ്ഞ് കോപകുലനാവുകയും ചെയ്തു. ആ ലിംഗം തകർക്കാൻ നോക്കിയെങ്കിലും വിഫലമായി. ഹനുമാനെ പ്രീതിപ്പെടുത്താൻ ഹനുമാൻ കൊണ്ട് വന്ന ലിംഗം ആദ്യത്തെ ലിംഗത്തിനടുത്തു തന്നെ പ്രതിഷ്ഠിച്ച് അതിനു ആദ്യം പൂജ ചെയ്യണമെന്നു ശ്രീരാമൻ കൽ‌പ്പിച്ചു. ഇന്നും അതു തന്നെ തുടർന്നു വരുന്നു..ശ്രീകോവിലിനടുത്തു തന്നെ വിശാലാക്ഷി അമ്മാളുടെയും പർവ്വത വർത്തിനി അമ്മന്റെയും സന്നിധികൾ നിലകൊള്ളുന്നു....ചില വഴിപാടുകൾ കഴിച്ച് നീണ്ട ഇടനാഴിയിലൂടെ പുറത്തെക്കു..ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ഇടനാഴി ആണിവിടെ. സുന്ദരമായ ക്ഷേത്രം...എല്ലാ തമിഴ് നാട് അമ്പലങ്ങളും ഭിക്ഷക്കാരെ കൊണ്ട് അനുഗൃഹീതമാവാറുള്ള പോലെ ഇവിടെയും സമ്പന്നമാണ്...മാലിന്യങ്ങൾ കൊണ്ടും. !!

പത്തര കഴിഞ്ഞു ഹോട്ടെൽ റൂമിൽ എത്താൻ...ഇങ്ങനെ ഒരു കുളി ഇതു വരെ ഉണ്ടായിട്ടില്ലാത്തതിനാൽ ഒന്നു കൂടെ വിശാലമായി കുളിച്ചു. പാട്ടും പാടി ചെന്നപ്പോഴെക്കും ഒന്നും കഴിക്കാൻ എവിടെന്നും കിട്ടീല്ല്യ....:) പിന്നെ ആ നട്ടപ്പറ വെയിലത്ത് ഒന്നു കറങ്ങി വന്ന് ഒന്നരക്കു ഊണു കഴിച്ചു .തിരിച്ച് റൂമിൽ എത്തി കുറച്ച് വിശ്രമിച്ചു. അടുത്ത പരിപാടി ധനുഷ്കോടി ആണു...അവിടെ നിന്നു 18 കിലൊമീറ്റർ ദൂരം. സാധാരണ യാത്ര അല്ല അത്..രാമേശ്വരം യാത്ര മുഴുവനാകണമെങ്കിൽ ധനുഷ്കോടി കൂടി സന്ദർശിക്കണം. വിജനമായ പ്രദേശമാണ്. മരുഭൂമി സഫാരി പോലെ മണൽ കാട്ടിലൂടെ ഉള്ള യാത്ര..കാറും മറ്റും പോകില്ല..ജീപ്പു മാത്രെ പോവുള്ളൂ..റിസപ്ഷനിൽ പറഞ്ഞ് ഒരു ജീപ്പു ഏർപ്പാടാക്കി...എനിക്കും ചേച്ചിക്കുമൊന്നും കുത്തിഞ്ഞെരുങ്ങി തിരക്കിൽ യാത്ര ചെയ്യാൻ ഇഷ്ടമല്ല..അതു കൊണ്ട് തന്നെയാണ് സ്വന്തമായി ഒരു ജീപ്പ് വാടകയ്ക്കു എടുത്തത്. അല്ലെങ്കിൽ സാധാരണ സംഘത്തിന്റെ ഒപ്പം പോകാമായിരുന്നു..ഇഷ്ടം പോലെ സെർവീസ് ഉണ്ട്..

മൂന്നര കഴിഞ്ഞ്പ്പോൾ ജീപ്പു വന്നു. വിജനമായ പാത മുന്നിൽ നീണ്ട് കിടക്കുന്നു. ചില പെൺകിടാങ്ങൾ തലയിൽ വെള്ള കുടവും വച്ച് നീങ്ങുന്നു..ഇരു വശത്തും കാറ്റാടി മരങ്ങൾ.പൊകുന്ന വഴിക്ക് ജഡായു തീർത്ഥം...കോദണ്ഡ രാമക്ഷേത്രം എന്നിവ കേറി തൊഴുതു. ഇനി അങ്ങൊട്ട് ഇരു വശവും മണൽ പരപ്പുകളാണ്...ഇരു വശത്തും അധികം അകലെയല്ലാതെ കടൽ കണ്ടു തുടങ്ങി. ഇടക്കെപ്പോഴൊ റോഡിനടുത്ത് വരെ വന്നു കടൽ ഉമ്മ വച്ച പാടുകൾ. ഒരു വശത്ത് ഇന്ത്യൻ മഹാസമുദ്രം...മറുവശത്ത് ബംഗാൾ ഉൾക്കടൽ..ചെക്ക് പോസ്റ്റിൽ നിന്നു അനുമതി കിട്ടിയാലെ ധനുഷ്കോടിയിലെക്കു പ്രവേശനമുള്ളൂ.. ചെക്ക് പോസ്റ്റിന്റെ അടുത്ത് ആർത്തലക്കുന്ന ഇന്ത്യൻ മഹാ സമുദ്രത്തിന്റെ തിരമാലകൾ....ഒരു ഭയം തോന്നും...അവിടെ കുറച്ച് പേർ ഇറങ്ങി തിരകളോട് സല്ലപിക്കുന്നുണ്ട്...അനുമതി വാങ്ങി യാത്ര തുടർന്നു. ഇനിയാണ് ശരിക്കും പേടി വരുന്ന വഴി...!!

വണ്ടി ചാഞ്ഞും ചെരിഞ്ഞും കുത്തനെയുള്ള ഒരു ഇറക്കത്തിലൂടെ മണൽ പരപ്പിലെക്കിറങ്ങി...അടുത്ത 8 കിലൊമീറ്റർ ശരിക്കും ഭയം വരുന്ന ഒന്നാണ്....അന്നു രാവിലെ വന്നു പോയ തിരകൾ ബാക്കി വച്ച വെള്ളം തളം കെട്ടി നിൽക്കുന്ന വലിയ തടാകങ്ങൾ പോലെ ഉള്ളവയിൽ കടൽക്കാക്കകളും കൊറ്റികളും സമ്മേളനം നടത്തുന്ന കാഴ്ച...ഇരു വശത്തും കടൽ...!! ഒരു പ്രത്യേകത, ബേ ഓഫ് ബെംഗാൾ പുഴ പോലെ ശാന്തമായി കിടക്കുന്നു...പക്ഷെ ഏതു നേരത്തും തിര വരാമത്രെ..!!! അപ്പുറത്ത് ഉഗ്ര രൂപിണിയായി ഇന്ത്യൻ സ്മുദ്രം. ഹോ...ചില നേരത്ത് അവളുടെ വരവു കണ്ടാൽ ഇപ്പോ വിഴുങ്ങി കളയും എന്നു തോന്നും...ഇവർ രണ്ടു പേരും സംഗമീക്കുന്ന സ്ഥലമാണ് ധനുഷ്കോടി.അധികം പേരും പുലർച്ചെ ആണ് ധനുഷ്കോടി ദർശിക്കാൻ വരുന്നത്..

സേതു ബന്ധനം നിർമ്മിക്കാൻ രാമൻ തന്റെ ധനുസ്സ് കൊണ്ട് അടയാളപ്പെടുത്തിയ സ്ഥലമാണ് ധനുഷ്കോടി. സേതു ബന്ധനം ഒരു കെട്ടുകഥയല്ല എന്നു നാസ തെളിയിച്ചതാണല്ലോ..ഇവിടെ നിന്നു 45 കിലോമീറ്റെർ ബോട്ടിൽ യാത്ര ചെയ്താൽ ശ്രീലങ്കയിലെത്താം. പണ്ട് കാലത്ത് ആളുകൾ ഈ മാർഗ്ഗമാണു ലങ്കയിലെക്കു തിരഞ്ഞെടുത്തിരുന്നത്..ധനുഷ്കോടി ഒരു കാലത്ത് പ്രധാന കടലോര ഗ്രാമമായിരുന്നു...1964 ഇൽ ഉണ്ടായ ഒരു ചുഴലിക്കാറ്റിൽ ആഞ്ഞ് ഉയർന്ന തിരമാലകൾ ആ ഗ്രാമത്തെ നക്കിതുടച്ചു..ആ ഗ്രാമത്തെ മാത്രല്ല, അന്നു രാമേശ്വരത്ത് നിന്നും ധനുഷ്കോടിയിലേക്കു വന്നു കൊണ്ടിരുന്ന ഒരു ട്രെയിനും അതിലെ യാത്രക്കരെ മുഴുവനും തന്റെ അടിത്തട്ടിലെ ബംഗ്ലാവിലെക്കു വലിച്ചു കൊണ്ട് പോയി... ഇന്നും അതൊരു പ്രേത ഭൂമിയാണ്..ആകെ അഞ്ചെട്ട് മുക്കുവ കുടിലുകൾ കാണാം. അധിക നേരം നമുക്കവിടെ നിൽക്കാനും തോന്നില്ല..അകാരണമായ ഒരു ഭയം എന്നിൽ കുടിയേറിയത് ഞാൻ ശരിക്കറിഞ്ഞു. ആ തിരമാലകൾ ഒന്നും കൂടെ അടുത്തെത്തിയാൽ ഈശ്വരാന്നു വിളിക്കാനുള്ള നേരം കൂടി കിട്ടില്ല്യ...സന്ധ്യ മയങ്ങുന്നു...അവിടെ സന്ദർശിക്കാൻ വന്നവരൊക്കെ മടങ്ങി തുടങ്ങി. ഒന്നൊ രണ്ടോ ജീപ്പുകൾ ആളുകളെ പരമാവധി കുത്തി കയറ്റി തിരകളുടെ അരികത്ത് കൂടെ പോകുന്നു..ഒരു വാൻ നിറയെ ആളുകൾ അകലെ തിരകൾക്കരികിലൂടെ പോകുന്നു...കഷ്ടം...അതിന്റെ ടയർ മണ്ണിൽ താഴ്ന്നു പോയി...തിരമാലകൾ തൊട്ടരികെയ്യുണ്ട്..ആളുകൾ ഇറങ്ങി തള്ളുന്നു...അത്ര അരികിൽ കൂടി പോകെണ്ടെ ആവശ്യമെയില്ല...!!! കുറച്ച് കൂടി ഇരുട്ടിയാൽ ആ പ്രദേശം വെള്ളത്തിൽ ആയിരിക്കും എന്നു ഞങ്ങളുടെ ഡ്രൈവർ പറഞ്ഞു. അതിനു മുന്നെ അവർ പോന്നാൽ മതിയായിരുന്നു..!! ഞങ്ങൾ ആ സംഗമഭൂമിയിൽ ഇറങ്ങി അൽ‌പ്പ നേരം നിന്നു...ഒരു ഹൈപ്പർ മാർകെറ്റ് ആ സംഗമഭൂമിയിൽ അഞ്ചെട്ട് ഓലകളിലും, നാലഞ്ചു വടികളിലും നിലകൊള്ളുന്നുണ്ട്...കുറച്ച് ചിപ്പി ശംഖ് ഉൽ‌പ്പന്നങ്ങൾ , ബിസ്കറ്റുകൾ , വെള്ളം അതാണ് ആ ഷോപ്പിലെ സാമഗ്രികൾ. അവർ അതൊക്കെ വേഗം പായ്ക്കപ്പ് ചെയ്യുന്നുണ്ട്..വെള്ളം കേറുന്ന സമയായത്രെ...ധൈര്യശാലിയായ ഞാൻ പോകാൻ തിടുക്കം കൂട്ടി ജീപ്പിൽ കേറി ഇരുന്നു.. അകലെ കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന സമുദ്രം....കുലുങ്ങി കുലുങ്ങി ഇടകൊന്നു ഞെരുങ്ങിയും ജീപ്പു പതിയെ തിരിച്ച് യാ‍ത്ര തുടങ്ങി..തിരിച്ച് വരവിൽ പഴയ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ , തകർന്ന ഗ്രാമത്തെ സൂചിപ്പിച്ചു. അവിടെ ഒന്നിറങ്ങി അൽ‌പ്പ സമയം അവിടെ കറങ്ങി. ആ റെയിൽ‌പ്പാളം ഇപ്പോഴുമുണ്ട്. തകർന്നു കിടക്കുന്നു.അതിനടുത്തായി പണ്ട് , തീവണ്ടിയിൽ വന്നിരുന്ന ചരക്കുകൾ സൂക്ഷിച്ചിരുന്ന ഗോഡൌൺ. പിന്നെ ഒരു ചെറിയ പള്ളി, മൂന്നൊ നാലൊ മുക്കുവ കുടിലുകൾ, അസംഖ്യം കാക്കകൾ. കുട്ടികൾ കളിക്കുന്നു...കുടിലുകൾക്കപ്പുറം സമുദ്രം ആഞ്ഞടിക്കുന്നു...അപകടം നേരിൽ കണ്ടു എന്നു പറയുന്ന ഒരു വയസ്സായ സ്ത്രീ അവിടെ ഒരു ചെറിയ കട ഇട്ട് താമസിക്കുന്നുണ്ട്. ആ കടയുടെ അടുത്ത് ഇത്തിരി വട്ടത്തിൽ ഒരു ചെറിയ കിണറും ഉണ്ട്. എനിക്കാ ശാന്തയെ ഭയങ്കര ഇഷ്ടമായി...എന്താണവളുടെ ഒരു രൌദ്ര ഭാവം...മുടിയഴിച്ചിട്ടു തുള്ളുന്ന കണ്ടാൽ മതി...ആരും പേടിച്ചു പോകും...:)) തിരമാലകൾ അത്ര ഉയരത്തിലാണ് ആഞ്ഞടിക്കുന്നത്.. അങ്ങനെ ധനുഷ്കോടിയിൽ നിന്നു മടങ്ങുമ്പൊൾ ഒരു തരം ഭീതി മാത്രായിരുന്നു മനസ്സിൽ.......ഗവർമെന്റ് ആ ഗ്രാമത്തെ പുനരുജ്ജീവിപ്പിക്കാനും ടൂറിസം പ്രോത്സാഹിപ്പിക്കാനും മറ്റും ഒരു ഉത്സാഹവും കാണിക്കുന്നില്ല...!!! ശവഭൂമി ആയതു കൊണ്ടാകും..!! 6 മണിക്കു ശേഷം അങ്ങോട്ട് പ്രവേശനമില്ല...ശ്രീലങ്കൻ നേവിയും ഇന്ത്യൻ ആർമ്മിയും കടലിൽ റോന്ത് ചുറ്റുന്നുണ്ടാകും നിരീക്ഷണത്തിനു....1000 രൂപ പറഞ്ഞ ജീപ്പുകാരൻ അവസാനം 900 ത്തിൽ എത്തി നിന്നു ഞങ്ങളെ രാമേശ്വരം ക്ഷേത്രത്തിനടുത്തുള്ള ചെറിയ ബീച്ചിൽ കൊണ്ട് വിട്ടു..അപ്പോഴേക്കും ഏഴു മണി ആയിരുന്നു. ആ ബീച്ചിൽ കുറച്ച് സമയം ചിലവഴിച്ചു കടൽക്കാറ്റും കൊണ്ട്. ഭർത്താവ് ആ വഴി പോയ കിളി ജ്യോത്സനെ തടഞ്ഞ് നിർത്തി ഭാവി അറിയാൻ ഇരുന്നു...തൊട്ടരികിൽ അതും നോക്കി ഭാഷ അറിയാ‍തെ എന്റെ അമ്മയും. ഞാനും ചേച്ചിയും കടൽത്തിണ്ണയിൽ ഇരുന്നു. രാവിലെ കുളിച്ച ശാന്തമായ കടവിൽ ഇപ്പോൾ വലിയ തിരകൾ കണ്ട് അത്ഭുതപ്പെട്ട് പോയി...ഈ നേരത്തായിരുന്നെങ്കിൽ ഞാൻ കുളി പോയിട്ട് കാലു പോലും നനയ്ക്കില്ലായിരുന്നു....:))) അത്രക്കു ധൈര്യമാണ്...!! ദൂരെ നങ്കൂരമിട്ട് കിടക്കുന്ന കപ്പലുകൾ...ഞങ്ങൾ അത്താഴം കഴിക്കാനായി ഒരു ഗുജറാത്തി സ്ത്രീയുടെ കടയിൽ കയറി. അത് ഒരു വീട് തന്നെയാണ്. നല്ല ചപ്പാത്തിയും ശ്രീകണ്ഠ പൂരിയും കഴിചു. ഉത്തരെന്ത്യക്കാരുടെ തിരക്കാണ് രാമേശ്വരത്ത്. തമിഴരേക്കാളും അധികം. പിറ്റെന്നു രാവിലെ ചെക് ഔട്ട് ചെയ്യണം . ഈ ഹോട്ടെൽ എടുത്തത് അബദ്ധമായി..നല്ല ഒരു ഡീസന്റ് ഹൊട്ടെൽ നാളെക്കു പറ്ഞ്ഞ് വച്ചിട്ടുണ്ട്..സൈറ്റ് സീയിങ്ങിനു ഒരു കാറും. നാളെ മുഴുവൻ കറക്കം. പതിയെ മടങ്ങിയെത്തി അന്നത്തെ അനുഭവങ്ങൾ എല്ലാം പറഞ്ഞ് ചിരിച്ചും കളിച്ചും തല്ലു കൂടിയും ............ഉറക്കത്തിലേക്ക്............

1 അഭിപ്രായം:

ഒരു യാത്രികന്‍ പറഞ്ഞു...

നന്നായി.ആസ്വദിച്ചു വായിച്ചു. കുറച്ചു ചിത്രങ്ങളും കൂടി ഉണ്ടായിരുന്നെങ്കില്‍ ഗംഭീരമായേനെ. ധനുഷ്കോടി ഈ യാത്രികന്റെയും ലക്ഷ്യങ്ങളില്‍ ഒന്നാണ്........സസ്നേഹം